കള്ളാ കള്ളാ പിണറായി, കാട്ടുകള്ളാ പിണറായി എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. ഇ.ഡിയും എന്‍ഐഎയും ചോദ്യം ചെയ്ത കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയില്‍ നടത്തിയ മാര്‍ച്ചിന് മുന്നിലേക്ക് ചെങ്കൊടി നിവര്‍ത്തി കുറുകെ ഓടിയെത്തിയ ആള്‍. ഒരാഴ്ചയായി ഇടതുപക്ഷ പ്രൊഫൈലുകളും സിപിഐഎം സൈബര്‍ അണികളും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും 'ഒറ്റക്കൊരു പാര്‍ട്ടി'യെന്ന് വിശേഷിപ്പിച്ച് ഈ മനുഷ്യനെ ആഘോഷിക്കുകയായിരുന്നു. ഇടപ്പള്ളി സ്വദേശിയും സിപിഐഎം പ്രവര്‍ത്തകനുമായ രതീഷ് ആണ് ഒരാഴ്ചയായി ആഘോഷിക്കപ്പെട്ട ഈ വൈറല്‍ സഖാവ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സാമൂഹിക മാധ്യമങ്ങളിലെ ആഘോഷമൊന്നും രതീഷ് അറിഞ്ഞതുമില്ല. ആളാരെന്ന് തിരക്കുകയായിരുന്നു സോഷ്യല്‍ മീഡിയയും ചാനലുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം. ട്വന്റി ഫോര്‍ ചാനലാണ് അന്നത്തെ ചെങ്കൊടി നിവര്‍ത്തി പ്രതിഷേധിച്ചയാള്‍ രതീഷാണെന്ന് വെളിപ്പെടുത്തിയത്.
രതീഷിന്റെ വീഡിയോ മനോരമാ ന്യൂസ് ആണ് ആദ്യം പുറത്തുവിട്ടത്. പിന്നില്‍ നിന്നുള്ള വീഡീയോ ആയിരുന്നു. പിന്നാലെ മീഡിയാ വണ്‍ ഉള്‍പ്പെടെ ചാനലുകള്‍ ഈ വീഡിയോ നല്‍കി. ട്വന്റി ഫോര്‍ ന്യൂസ് ആണ് ഒരാഴ്ചക്ക് ശേഷം ഈ വാര്‍ത്താ താരത്തെ കണ്ടെത്തിയത്. എം സ്വരാജ് എംഎല്‍എ മറ്റൊരവസരത്തില്‍ പറഞ്ഞ വാക്കുകള്‍ ചേര്‍ത്ത് രതീഷിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളുവെങ്കില്‍ പോലും അയാളൊരു പാര്‍ട്ടിയായി മാറുമെന്നായിരുന്നു സ്വരാജിന്റെ വാചകം. ട്വന്റി ഫോര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് രതീഷിനെ ചാനല്‍ ക്യാമറക്ക് മുന്നിലെത്തിച്ചത്.
എസ് എഫ് ഐ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സനല്‍ എന്ന ഫ്രണ്ട് പറഞ്ഞാണ് സംഗതി വൈറലായ കാര്യം പറഞ്ഞത്. പ്രതിഷേധം നടത്തിയ കാര്യം സനലിനോട് പറഞ്ഞപ്പോഴാണ് ആളെ പുറം ലോകമറിഞ്ഞത്., രതീഷ് പറയുന്നു.
ജനാധിപത്യ രീതിയില്‍ പ്രതിഷേധം നടത്തുമ്പോള്‍ എതിര്‍പാര്‍ട്ടിയിലെ ആള്‍ പ്രതിഷേധവുമായി കുറുകെ എത്തുന്നത് തെറ്റായ കീഴ് വഴക്കമെന്ന നിലയിലും രാഷ്ട്രീയ ചര്‍ച്ചകളുണ്ടായി. ഇത്തരം രീതികള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ നാളെ സിപിഎം സമരത്തിന് കുറുകെയും എതിര്‍പാര്‍ട്ടിയിലുള്ളവര്‍ പതാകയുമായി എത്തുമെന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്ന് വിമര്‍ശനമുണ്ടായി.
ചിത്രത്തിന് കടപ്പാട് - ട്വന്റി ഫോര്‍ ന്യൂസ്