ആദ്യം കാരവാനില്‍ റെയ്ഡ്, ആരെന്ന് വെളിപ്പെടുത്താതെ ലൊക്കേഷനില്‍, വിജയ്‌യെ കസ്റ്റഡിയിലെടുത്തത് സിനിമാ സ്റ്റൈലില്‍
തമിഴ് സൂപ്പര്‍ താരം വിജയ്, ഫെബ്രുവരി അഞ്ച് ബുധനാഴ്ച ഉച്ച മുതല്‍ തമിഴ്‌നാട്ടിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയ്‌യിലേക്ക് എത്തിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനെതിരെയും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഡിഎംകെയ്‌ക്കൈതിരെയും പരസ്യനിലപാടെടുക്കുന്ന വിജയ്‌ക്കെതിരെയുള്ള രാഷ്ട്രീയ നീക്കമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. ഒരാഴ്ച മുമ്പ് തമിഴകത്തെ മറ്റൊരു സൂപ്പര്‍താരം രജനികാന്തിനെതിരെയുള്ള കേസുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അവസാനിപ്പിച്ചതും പിന്നാലെ രജനികാന്ത് പൗരത്വനിയമത്തില്‍ ബിജെപിയെ തുണച്ച് രംഗത്ത് വന്നതുമെല്ലാം ഇതിനൊപ്പം ചര്‍ച്ചയായിട്ടുമുണ്ട്.
സിനിമാ സ്റ്റൈലില്‍ ആണ് ചെന്നൈയില്‍ നിന്നെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ലൊക്കേഷനിലെത്തി വിജയ്‌യോട് കൂടെ വരാന്‍ ആവശ്യപ്പെടുന്നത്.
ആരെ കാണണമെന്ന് വെളിപ്പെടുത്താതെ ലൊക്കേഷനിലേക്ക്
വിജയ്‌യെ കസ്റ്റഡിയിലെടുക്കാന്‍ രഹസ്യ നീക്കമാണ് ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നത്. നാഷനല്‍ ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ കടലൂര്‍ കാമ്പസില്‍ ‘മാസ്റ്റര്‍’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു വിജയ്. കൈദി സംവിധാനം ചെയ്ത ലോഗേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‌യും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് മാസ്റ്റര്‍. മൈനിംഗ് ഏരിയ ഉള്‍പ്പെടുന്ന രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. പുറത്തു നിന്നുള്ള ആര്‍ക്കും പ്രവേശനമില്ലാതെ സുരക്ഷാ ഗാര്‍ഡുകളുടെ നിയന്ത്രണത്തിലായിരുന്നു ചിത്രീകരണം. ഗൂഗിള്‍ മാപ്പ് വഴി ഐ.ടി ഉദ്യോഗസ്ഥര്‍ എന്‍ എല്‍ സി കാമ്പസിലെ മെയിന്‍ ഗേറ്റിലെത്തി. കാമ്പസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്എഫ് ഉദ്യോഗസ്ഥര്‍ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് നേരിട്ട് പ്രവേശിക്കാനാകില്ലെന്നും മെയിന്‍ ഗേറ്റ് വഴി പോകണമെന്നും നിര്‍ദേശം നല്‍കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതിന് ശേഷവും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവേശിക്കാനാകില്ലെന്ന നിലപാടിന് പിന്നാലെ പ്രവേശന അനുമതിക്കായി മൈന്‍സ് മാനേജരെ സമീപിക്കുകയും മൈനിംഗ് ഏരിയയിലേക്ക് പ്രവേശനം വേണമെന്ന് എഴുതി നല്‍കുകയായിരുന്നു. ആരെയാണ് കാണേണ്ടതെന്നും ഇന്‍കം ടാക്‌സ് അന്വേഷണ സംഘത്തിന്റെ ആവശ്യവും വെളിപ്പെടുത്താത്തതാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരിലും എന്‍എല്‍സി കാമ്പസ് അധികൃതരിലും സംശയം സൃഷ്ടിച്ചത്. പ്രവേശന അനുമതി ലഭിച്ച ശേഷവും ഉദ്ദേശ്യം വെളിപ്പെടുത്താന്‍ ഐടി ടീം തയ്യാറായില്ല.
ആദ്യം കാരവാനില്‍ റെയ്ഡ്, തുടര്‍ന്ന് ചെന്നൈയിലെ വീട്ടിലേക്ക്
ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തണമെന്നാണ് ഐടി ഉദ്യോഗസ്ഥര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അനുമതി ലഭിച്ചതിന് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ് ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്ന കാരവനിലേക്ക് എത്തി. വാറന്റ് നല്‍കിയ ശേഷം കാരവനിലായിരുന്നു ആദ്യ പരിശോധന. പതിനഞ്ച് മിനുട്ടോളം നീണ്ട സെര്‍ച്ച്. അതിന് ശേഷം ചെന്നൈയിലേക്ക് തങ്ങള്‍ക്കൊപ്പം വരണമെന്നും വിജയ്‌യുടെ വീട്ടില്‍ പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി നാല് മുതല്‍ പത്ത് ദിവസത്തേക്കാണ് എന്‍എല്‍സിയുടെ ഖനന പ്രദേശത്ത് ഷൂട്ടിംഗ് അനുമതിയുള്ളത്
രാത്രി എട്ട് മുപ്പതിനാണ് ചൈന്നൈയിലെ വീട്ടിലേക്ക് വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ തന്നെയാണ് വിജയ്‌യെ കൊണ്ടുവന്നത്. ചെന്നൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് രേഖകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജയ്‌യുടെ വീട്ടിലേക്ക് മാറ്റി. ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വിജയ്ക്ക് നല്‍കിയ പ്രതിഫലം സംബന്ധിച്ച് കണക്കുകളില്‍ കാണിച്ച ക്രമക്കേടുകളാണ് ഇന്‍കം ടാക്‌സ് റെയ്ഡിലേക്ക് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിജയ് സംസാരിക്കും വരെ സംയമനമെന്ന് ആരാധകര്‍
ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള താരമാണ് വിജയ്. വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍ ആയതിന് പിന്നാലെ ട്വിറ്ററില്‍ വി സ്റ്റാന്‍ഡ് വിത്ത വിജയ് എന്ന ഹാഷ് ടാഗില്‍ രാത്രിയും പുലര്‍ച്ചെയും നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. വിജയ് പുറത്തുവന്ന് സംസാരിക്കുന്നത് വരെ സംയമനം പാലിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അന്‍പു ചെഴിയന്റെയും വിജയ്‌യുടെയും ഉടമസ്ഥതയിലുള്ള 38ലേറെ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അന്‍പ് ചെഴിയന്റെ വീട്ടില്‍ നിന്നും ഓഫീസുകളില്‍ നിന്നാണെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു.