വിഷാദത്തെ തോല്‍പ്പിക്കാനൊരു പാഠം, ടൈസന്‍ ഫ്യുറി

വിഷാദത്തെ തോല്‍പ്പിക്കാനൊരു പാഠം, ടൈസന്‍ ഫ്യുറി
Published on
Summary

വിഷാദത്തിന്റെ മരണച്ചുഴിയില്‍ നിന്നൊരു തിരിച്ചുവരവിന്റെ കഥ.കഥാകൃത്ത് മിഥുന്‍ സുരേന്ദ്രന്‍ എഴുതുന്നു

'It's like drowning except everyone around you is breathing'

കഴിഞ്ഞ ദിവസം നമ്മളെയെല്ലാം നടുക്കിക്കളഞ്ഞ ഒരു വാര്‍ത്തയായിരുന്നു പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദര്‍ സിംഗ് ധോണിയുടെ ബായോപിക് ഉള്‍പ്പെടെ എത്രയോ സിനിമകളിലുടെ നമ്മളെ രസിപ്പിച്ച നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഇനിയുമെത്രയോ ദൂരം യാത്ര ചെയ്യാനുണ്ടായിരുന്നു. ഒരു മനോഹര ഗാനം ഇടയ്ക്ക് വച്ച് പെട്ടെന്ന് നിലച്ച് പോയ പോലെ സുശാന്ത് പെട്ടെന്ന് മാഞ്ഞ് പോയി.

വിഷാദ രോഗത്തിന് അടിമയായിരുന്നു അദ്ദേഹം എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

നമ്മുടെ നാട്ടില്‍ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു രോഗമാണ് വിഷാദ രോഗം. വിഷാദ രോഗത്തിന് പലതരം വ്യാഖ്യാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സുലഭമാണ്. പലതും അയുക്തികരവും പരമ അബദ്ധങ്ങളുമാണെന്ന് പറയാതെ വയ്യ. ചിലപ്പോഴൊക്കെ 'കാശുള്ളവനും എല്ലിനിടയില്‍ കുത്തുമ്പോള്‍ തോന്നുന്ന അഹങ്കാരം' , 'അവന് എന്തിന്റെ കേടായിരുന്നു ഇങ്ങനെയൊരു ബുദ്ധിമോശം കാണിക്കാന്‍ ' എന്ന് തുടങ്ങി പല വിചിത്ര തരം കമന്റുകളാണ് സോഷ്യല്‍ മീഡിയയിലൊക്കെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്.

ശരിക്കും എന്താണ് വിഷാദരോഗം?

ഒഴുകുന്ന ഒരു പുഴയില്‍ പൊങ്ങിക്കിടക്കുന്ന ഒരിലയെ അത് പോലുമറിയാതെ പുഴ മെല്ലെയൊഴുക്കിയൊഴുക്കി കൊണ്ട് പോകുന്ന പോലെയാണ് വിഷാദരോഗം ഒരു മനുഷ്യനെ ജീവിതത്തില്‍ നിന്നും ഒഴുക്കി കൊണ്ടു പോകുന്നത്;ചിലപ്പോഴൊക്കെ അവന് അതില്‍ നിന്ന് ഒരിക്കലും തിരിച്ചു വരാനോ തിരിച്ചറിയാനോ സാധിക്കാത്ത വിധം. ഇത് പലപ്പോഴും വ്യക്തിയുടെ സ്വയം തിരഞ്ഞെടുപ്പായോ അഹങ്കാരമായോ അയാള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയായിട്ടോ ആണ് സമൂഹം കാണുന്നത്. serotonin , dopamin എന്നൊക്കെ വിളിക്കുന്ന തലച്ചോറിലെ ചിലതരം രാസ തുലനങ്ങളുടെ തകരാറ് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ശാസ്ത്രലോകം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷാദ രോഗത്തിന് അടിപ്പെട്ട് ആത്മഹത്യയിലെത്തിയവരും ആ മരണക്കിണറില്‍ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിയവരും ഒരുപാടുണ്ട്. അങ്ങനെ തിരിച്ചെത്തിയ പലരുടേയും ജീവിതം ഈ രോഗത്തിനെതിരെ പൊരുതുന്ന പലര്‍ക്കും ഒരു പ്രചോദനമാണ്. ഇപ്പോഴത്തെ ലോക ഹെവി വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ ടൈസണ്‍ ഫ്യൂറി ലോകമെമ്പാടുമുള്ള ഇത്തരം ആളുകള്‍ക്ക് ഒരു മാതൃകയും ഊര്‍ജ്ജവുമാണ്.

മാന്‍ചെസ്റ്ററിലാണ് ടൈസന്‍ ഫ്യൂറി ജനിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം ഐര്‍ലന്‍ഡില്‍ വേരുകളുള്ള ഒരു ഐറിഷ് ട്രാവലര്‍ ഫാമിലിയായിരുന്നു. ടൈസനന്റെ പിതാവ് ഒരു പഴയ ബോക്‌സര്‍ ആയിരുന്നു. തന്റെ സഹോദരങ്ങളെ മിക്കവരെയും ജനന സംബന്ധിയായ വൈകല്യങ്ങള്‍ കൊണ്ട് ടൈസന് നഷ്ടപ്പെട്ടു. ടൈസന്‍ 2008 ലെ എ.ബി.എസ് സുപ്പര്‍ ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്നതോടെ ബോക്‌സിഗ് ലോകത്ത് അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് അനേകം കിരീടങ്ങള്‍. ഒടുവില്‍ ഡെറക് ചിസോറയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ഹെവി വെയ്റ്റ് ടൈറ്റില്‍ നേടുന്നതോടെ ലോകപ്രശസ്തനാവുകയും അത് ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള വഴി തുറക്കുകയും ചെയ്തു. അങ്ങനെ ടൈസന്‍ അന്നത്തെ ലോക ചാമ്പ്യനായിരുന്ന വ്‌ളാടിമിര്‍ ക്ലിച്‌കോയുമായി ഏറ്റ് മുട്ടുകയും വ്‌ളാടിമിര്‍നെ തോല്‍പ്പിച്ച് ചാമ്പ്യനാവുകയും ചെയ്തു.

ഈ വിജയം ടൈസന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. പെട്ടെന്ന് കിട്ടിയ പണവും പ്രശസ്തിയും അയാളെ നൈറ്റ്ക്ലബുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും എത്തിച്ചു. പലതരം മയക്കുമരുന്നുകള്‍ക്ക് (recreational drugs) അയാള്‍ അടിമയായി.കൂടാതെ മദ്യാസക്തിക്കും (alchoholism). തന്നിലുണ്ടായിരുന്ന വിഷാദരോഗം (depression) പൂര്‍വ്വാധികം ശക്തിയോടെ ഫണം വിടര്‍ത്തിയാടി. അയാള്‍ തടി വച്ച് കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായി. ഈ സമയത്ത് ഏജന്‍സികള്‍ അദ്ദേഹത്തിന്റെ എല്ലാ ലോക ചാമ്പ്യന്‍ഷിപ്പ് ബല്‍ട്ടുകളും തിരിച്ചു വാങ്ങി. അയാള്‍ വിഷാദത്തിന്റെ പൂഴിമണലില്‍ ഇടിഞ്ഞുതാണ് കൂടുതല്‍ കൂടുതല്‍ താഴേയ്ക്ക് പൊയ്‌ക്കൊണ്ടേയിരുന്നു.

അയാള്‍ക്കുറപ്പായിരുന്നു തനിക്ക് ഇനിയൊരിക്കലും ജീവിതത്തിലേയ്ക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്ന്.

ടൈസന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. തന്റെ ഫെറാരി ശരവേഗത്തില്‍ അയാള്‍ പായിച്ചു കൊണ്ട് മരണത്തിന് പറ്റിയ ഒരു നിമിഷം തേടി. ടൈസന്‍ തന്റെ ആത്മകഥയില്‍ (Behind The Mask) 'The Dark ' എന്ന എട്ടാം അദ്ധ്യായത്തില്‍ ഇക്കാര്യം വിശദമായി വിവരിക്കുന്നുണ്ട്:

'No! Stop! Think about your kids!

The Ferrari screeched to a halt. My heart was pounding. I could hardly breathe. The smell of burnt tyre rubber and exhaust fumes filled the car. My hands were gripped to the steering wheel. I was shaking uncontroably, tears welling up in my eyes thinking about my kids. I couldn't believe what I had done and was in a state of shock. How had I got to this point where everything in my life counted for nothing?

I had nearly thrown it all away : my life, my family, my dreams, I felt ashamed and racked with guilt.'.

തീരുമാനിച്ചുറപ്പിച്ച മരണം തന്റെ മനസ്സില്‍ തെളിഞ്ഞ് വന്ന ഏതോ ഒരു ചിന്തകാരണം അയാളില്‍ നിന്ന് വഴുതിപ്പോയി. ടൈസന്‍ ഒടുവില്‍ പറയുന്നുണ്ട്: 'എല്ലാം ഞാന്‍ എറിഞ്ഞ് കളഞ്ഞേനേം: എന്റെ ജീവിതം, എന്റെ കുടുംബം, എന്റെ സ്വപ്നങ്ങള്‍, ഞാന്‍ അപമാനഭാരം കൊണ്ട് തലകുനിച്ചു, കുറ്റബോധവും കൊണ്ട് വിറച്ചു. '.

അയാള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചു. after all, I'm a fighter എന്ന് അയാള്‍ ഓര്‍ത്തെടുത്തു. കണ്ണാടിയില്‍ തന്റെ രൂപം നോക്കിയ അയാള്‍ കിടുങ്ങിപ്പോയി. വയറു ചാടി തടിച്ചു വീര്‍ത്ത് ഒരു പോരാളിയുടെ ഒരു ലക്ഷണവും അയാള്‍ക്കില്ലായിരുന്നു. ടൈസന്‍ ജിമ്മിലേയ്ക്ക് തിരിച്ചെത്തി. കഠിനമായ പരിശീലനം ആരംഭിച്ചു. പുലര്‍ച്ചെ മൈലുകള്‍ ഓടാന്‍ തുടങ്ങി. വഴിയിലാരും രൂപം മാറിപ്പോയ തന്നെ തിരിച്ചറിയാതിരുന്നത് അയാളെ നിരാശനാക്കിയില്ല. അയാള്‍ ജീവിതത്തിലേയ്ക്കും തന്റെ കരിയറിലേയ്ക്കും തിരിച്ച് വരാനുള്ള കഠിന ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. മയക്കുമരുന്നുകളും മദ്യവും അമിതഭക്ഷണവും നൈറ്റ് ക്ലബ്ബുകളിലെ കുത്തഴിഞ്ഞ ജീവിതവും ഉഴുതുമറിച്ച അയാളുടെ ശരീരം ദുര്‍മേദസ്സിന്റെ അടരുകള്‍ ഓരോന്നായി പൊഴിച്ചു കൊണ്ടിരുന്നു. ആകൃതിയില്ലാത്ത ഒരു വലിയ ശിലയില്‍ നിന്നും ഒരു ശില്പി ഒരു വിഗ്രഹം കൊത്തിയെടുക്കും പോലെ അയാള്‍ കൊഴുപ്പുകള്‍ വന്ന് മൂടിയ തന്റെ ശരീരത്തില്‍ നിന്ന് തന്നെത്തന്നെ പതിയെ കൊത്തി കൊത്തിയെടുത്തു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ പഴയ രൂപത്തില്‍ തിരിച്ചെത്തി. ലോകം ഞെട്ടി. പിന്നെ സംഭവിച്ചതെല്ലാം ചരിത്രം.

വിഷാദത്തെ തോല്‍പ്പിക്കാനൊരു പാഠം, ടൈസന്‍ ഫ്യുറി
വിഷാദ രോഗം എങ്ങനെ തിരിച്ചറിയാം, എന്ത് ചെയ്യാനാകും
വിഷാദരോഗത്തിനെതിരെയുള്ള പോരാട്ടം നമുക്ക് ഇനിയും ഏറെ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. മഴക്കാലത്ത് ഒരു വിളക്കിന്റെ തീവെട്ടത്തില്‍ ആകൃഷ്ടരായി വന്നൊടുങ്ങുന്ന ഈയലുകളെപ്പോലെ ലോകത്തെമ്പാടും ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രോഗത്തിന്റെ പിടിയിലാണ്

ലോക ചാമ്പ്യനായ ഡിയോണ്‍ടെ വൈല്‍ഡറുമായി ടൈസന്‍ മത്സരിച്ച് സമനില നേടി.ഈ മത്സരത്തില്‍ വൈല്‍ഡറുടെ ശക്തമായ ഒരു പഞ്ചില്‍ അയാളുടെ പല എതിരാളികളെപ്പോലെയും ബോധമറ്റപോലെ നിലത്ത് വീണ ടൈസന്‍ പക്ഷെ ലോകത്തെ ഞെട്ടിച്ച് കൊണ്ട് എഴുന്നേറ്റു വന്നിരുന്നു. അയാള്‍ ആത്മഹത്യയുടെ കിണറില്‍ നിന്ന് കയറി വന്നത് പോലെ.

ഇവര്‍ തമ്മിലുള്ള മത്സരം വീണ്ടും നടക്കുകയും ടൈസന്‍ ഫ്യൂറി വൈല്‍ഡറിനെ നോക്ക് ഔട്ട് ചെയ്തു വീണ്ടും ലോക ചാമ്പ്യനായി. ലോക ചാമ്പ്യന്‍ഷിപ്പ് ബെല്‍ട്ട് അരയിലണിഞ്ഞ് കൊണ്ട് ടൈസന്‍ നിര്‍ത്താതെ കൈയ്യടിക്കുന്ന കാണികള്‍ക്കു നേരെ ഉയര്‍ത്തിക്കാണിച്ച തന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടി താന്‍ വിജയിച്ച ലോക ചാമ്പ്യന്‍ഷിപ്പിന്റെ വിജയാഹ്ലാദമല്ലായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അത് താന്‍ കീഴടക്കിയ വിഷാദ രോഗത്തിന്റെ പ്രേതങ്ങളെ (demons of depression) തോല്‍പ്പിച്ചതിന്റെ ആഹ്ലാദമായിരുന്നു.

മരണത്തിന്റെ ചുഴലിക്കയങ്ങളില്‍ നിന്ന് അവിശ്വസനീയമായി തിരിച്ച് വന്ന അയാള്‍ ലോകത്തെങ്ങും വിഷാദ രോഗമനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസത്തിന്റെ വാക്കുകളുമായി അവരോട് തന്റെ തന്നെ കഥ പറഞ്ഞ് കേള്‍പ്പിച്ച് പലപ്പോഴും എത്താറുണ്ട്.

തന്റെ ആത്മകഥ (Behind The Mask) ടൈസന്‍ സമര്‍പ്പിച്ചിരിക്കുന്നത് തന്നെപ്പോലെ ജീവിതത്തിനും മരണത്തിനും ഇടയില്‍ കാലിടറിപ്പോയ നിസ്സഹായരായ അനേകം മനുഷ്യര്‍ക്കാണ്. ടൈസന്റെ തന്നെ വാക്കുകളില്‍:

'This book is dedicated to the cause of mental health awareness. I would plead with anyone reading my story who feels they are experiencing similar issues to seek out professional help immediately.

THERE IS HOPE '

വിഷാദരോഗത്തിനെതിരെയുള്ള പോരാട്ടം നമുക്ക് ഇനിയും ഏറെ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. മഴക്കാലത്ത് ഒരു വിളക്കിന്റെ തീവെട്ടത്തില്‍ ആകൃഷ്ടരായി വന്നൊടുങ്ങുന്ന ഈയലുകളെപ്പോലെ ലോകത്തെമ്പാടും ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രോഗത്തിന്റെ പിടിയിലാണ് .പലരും ഒന്നും പുറത്ത് പറയുന്നില്ല. മാനസികാരോഗ്യം, മാനസികരോഗ ചികിത്സ എന്ന കാര്യങ്ങളൊക്കെ ഇപ്പോഴും സമൂഹത്തിന്റെയും പൊതു ആരോഗ്യത്തിന്റെയും മുഖ്യധാരയിലില്ല. സര്‍ക്കാരുകള്‍ പോലും ഈയൊരു വിഷയത്തെപ്പറ്റി എത്ര ബോധവത്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് അറിഞ്ഞു കൂടാ. ഈ പോരാട്ടത്തിന്റെ വിജയത്തിന്റെ ആദ്യപടി വിഷാദരോഗങ്ങളെപ്പറ്റിയും പൊതുവെ മനോരോഗങ്ങളെപ്പറ്റിയും ഉള്ള ജനങ്ങളുടെയിടയിലുള്ള തെറ്റിദ്ധാരണയും അന്ധവിശ്വാസങ്ങളും അന്ധതയും അകറ്റുക എന്നതാണ്.ശാസ്ത്രത്തിന്റെ യുക്തികളിലൂന്നി മുന്നോട്ട് പോവുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in