സുരക്ഷിതമല്ലെങ്കില്‍ ടിക് ടോക് വേണ്ട, വളര്‍ത്തിയ പ്ലാറ്റ്‌ഫോം എന്ന നിലയിലുള്ള സങ്കടം മാത്രമെന്ന് ഫുക്രു

സുരക്ഷിതമല്ലെങ്കില്‍ ടിക് ടോക് വേണ്ട, വളര്‍ത്തിയ പ്ലാറ്റ്‌ഫോം എന്ന നിലയിലുള്ള സങ്കടം മാത്രമെന്ന് ഫുക്രു
Published on

വലിയൊരു വിഭാഗം കലാകാരന്‍മാരുടെ പലതരത്തിലുള്ള സര്‍ഗാത്മകതകള്‍ ആഘോഷിക്കപ്പെട്ട ഇടമായിരുന്നു ടിക് ടോക്. ചൈനീസ് ആപ്പ് രാജ്യസുരക്ഷക്ക് ദോഷമെന്ന് കണ്ടെത്തി നിരോധിക്കപ്പെട്ടപ്പോള്‍ വൈകാരികമായാണ് ടിക് ടോക് താരങ്ങളുടെ പ്രതികരണം. ടിക് ടോക് താരമായി സിനിമയിലും ബിഗ് ബോസ് ഷോയിലും തിളങ്ങിയ ഫുക്രു എന്ന കൃഷ്ണജീവ് പറയുന്നത് ടിക് ടോക് ഉപേക്ഷിക്കുന്നത് സുരക്ഷയെ മുന്‍നിര്‍ത്തിയും രാജ്യത്തിന്റെ തീരുമാനത്തെയും ഉള്‍ക്കൊണ്ടാണെന്നാണ്. സുരക്ഷിതമല്ലാത്ത ആപ്പ് ആണെങ്കില്‍ ടിക് ടോക് വേണ്ടെന്ന് തന്നെയാണ് അഭിപ്രായം. കൂടുതല്‍ സുരക്ഷിതമായ ആപ് വരട്ടെ. ദ ക്യു'വിനോട് ഫുക്രു പറഞ്ഞു. നാല് മില്യണ്‍ മുകളില്‍ ഫോളോവേഴ്‌സ് ഉള്ള ടിക് ടോക് താരമാണ് ഫുക്രു.

നിലവില്‍ ടിക് ടോക് ഡിലിറ്റ് ചെയ്തിട്ടില്ല പക്ഷേ ഉപയോഗിക്കുന്നില്ലെന്നാണ് തീരുമാനം. എന്നെ ഫോളോ ചെയ്യുന്നവരെ കൂടി അത് സ്വാധീനിക്കും. എന്നെ വളര്‍ത്തിയെടുത്തത് ടിക് ടോക് ആണ്. അതുകൊണ്ട് തന്നെ നഷ്ടപ്പെടുമ്പോഴുള്ള സങ്കടമുണ്ട്. വ്യക്തിതാല്‍പ്പര്യത്തെക്കാള്‍ വലുതാണ് സുരക്ഷയെന്ന് കരുതുന്നു. അതുകൊണ്ട് തീരുമാനത്തിന് ഒപ്പമാണ്. ടിക് ടോക് പ്ലാറ്റ്‌ഫോമിന് ഇന്ത്യയെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ലെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയാണ് അവര്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള രാജ്യം. ചൈനീസ് കമ്പനിയെന്ന നിരോധനം മറികടക്കാന്‍ അവര്‍ ശ്രമിക്കുമായിരിക്കും.

ടിക് ടോക്കില്‍ പെര്‍ഫോം ചെയ്യുന്നവര്‍ ഇതില്‍ നിരാശപ്പെടുകയും മാനസികമായി തളരുകയോ ചെയ്യേണ്ടതില്ല. നമ്മുക്ക് ഹോപ്പ് ഉണ്ടാകണം. പ്രതീക്ഷയോടെ ഇതുപോലെ മറ്റ് പല പ്ലാറ്റ്‌ഫോമുകളും വരുമെന്ന് കരുതണം. അല്ലാതെ ഡിപ്രഷനിലേക്ക് പോകരുത്.

ടിക് ടോക് വഴി വളര്‍ന്നുവരുന്ന പ്രതിഭകളുടെ ക്രിയേറ്റിവിറ്റി ഈയൊരു ആപ് നിരോധിക്കപ്പെടുന്നതോടെ അവസാനിക്കില്ലല്ലോ, മറ്റ് ആപ്പുകളും സാധ്യതകളുമുണ്ടാകും. ഞാനും കുറേയായി സ്വന്തം വീഡിയോകള്‍ ഉണ്ടാക്കാനാണ് നോക്കുന്നത്. അത് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവര്‍ക്കും തുടര്‍ന്നും ചെയ്യാവുന്നതേ ഉള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in