തെരുവിലെ അലച്ചിൽ മതിയാക്കാം. ടക്സൺ പ്രൈം ഇനി ഹ്യുണ്ടായിയുടെ ഷോറൂമില്‍ സെയില്‍സ്മാനാണ്. ഷോറൂമിന് മുന്നിലൂടെ ദിവസങ്ങളായി അലഞ്ഞു നടന്നിരുന്ന നായയ്ക്കാണ് അധികൃതർ ജോലി നൽകിയിരിക്കുന്നത്. ടക്സൺ പ്രൈം എന്നാണ് പുതിയ സെയ്ൽസ്മാന് കമ്പനി നൽകിയ പേര്. ഫോട്ടോ പതിപ്പിച്ച ഐഡി കാർഡും കഴുത്തിലിട്ടുള്ള ടക്സൺന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഹ്യുണ്ടായ് ബ്രസീലിന്റെ ഒഫീഷ്യൽ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടക്സന്റെ നിയമനത്തെ പറ്റി അറിയിച്ചിരിക്കുന്നത്. ടക്സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഇതിനോടകം മുപ്പതിനായിരത്തിൽ അധികം ആളുകളാണ് ടക്സണെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
കൊവിഡ് കാലത്ത്, ഉള്ള ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ആളുകൾ, അപ്പോഴാണ് ഹ്യുണ്ടായിയുടെ പുതിയ നിയമനം. എന്തായാലും പ്രതീക്ഷിക്കാതെ ജോലിക്കാരനായ ടക്സണ് അഭിനന്ദനം അറിയിച്ചുളള കമന്റുകൾ കൊണ്ട് നിറയുകയാണ് ഹുണ്ടായിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.