ബുര്‍ഖ ഉള്‍പ്പെടെ ഇസ്ലാമിക മുഖാവരണങ്ങള്‍ നിരോധിക്കാനും ആയിരത്തിലധികം മദ്രസകള്‍ പൂട്ടാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനം. പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖരയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നാകെ ലക്ഷ്യമിട്ടാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
മുസ്ലീം സ്ത്രീകളുടെ മുഖാവരണം നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഒപ്പുവച്ചതായി മന്ത്രി അറിയിച്ചു. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും ശരത് വീരശേഖര.
മുന്‍കാലങ്ങളില്‍ മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിക്കാറില്ലെന്നും മതമൗലികവാദം ശക്തിപ്പെട്ടതിന്റെ ഭാഗമായാണ് അടുത്ത കാലത്ത് മുഖാവരണം നിര്‍ബന്ധമാക്കിയതെന്നും പൊതുസുരക്ഷാമന്ത്രി.
2019ലെ ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ ബുര്‍ഖയ്ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ 250പേരുടെ മരണത്തിനിടക്കായിയ ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിം ന്യൂനപക്ഷങ്ങളോട് ശ്രീലങ്കന്‍ ഗവണ്‍മെന്റ് വിവേചനപരമായാണ് ഇടപെടുന്നതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. 2019ല്‍ ഏപ്രിലില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു.