പോര്‍ഗൈ, ലമ്പാടി ചിത്രത്തുന്നലുകള്‍ ലോകത്തിന് മുന്നില്‍

പോര്‍ഗൈ, ലമ്പാടി ചിത്രത്തുന്നലുകള്‍ ലോകത്തിന് മുന്നില്‍
Published on

തമിഴ്നാട് ധര്‍മ്മപുരിയിലെ ലമ്പാടി ഗോത്രസമൂഹത്തിലെ സ്ത്രീകള്‍ പരമ്പരാഗത കൈത്തൊഴിലിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ പ്രയത്നമാണ് പോര്‍ഗൈ എന്ന ഡോക്യുമെന്ററി. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഇംഗ്ലീഷ് ഡോക്യുമെന്റി ഒരുക്കിയിരിക്കുന്നത് മലയാളിയായ അനഘ ഉണ്ണിയാണ്. രണ്ടരപ്പതിറ്റാണ്ടായി ലമ്പാടി ഗോത്രസമൂഹത്തിന്റെ ഉന്നമനത്തിനായി ഡോ.ലളിത റെജിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളും പോര്‍ഗൈയുടെ ഉള്ളടക്കമാണ്.

ഓരോ യാത്രയിലും പ്രിയങ്കരമായ ഇടം

സിസ്‌നി ഫിലിം സ്‌കൂളിലെ ഡിപ്‌ളോമ പഠനത്തിനു ശേഷമാണ് പോര്‍ഗൈ എന്ന ഡോക്യുമെന്ററിയിലേക്ക് അനഘ എത്തുന്നത്. പോര്‍ഗൈ ആര്‍ട്ടിസന്‍സ് അസ്സോസ്സിയേഷന്റെ പ്രധാന ലക്ഷ്യം ആരോഗ്യ പരിപാലനമാണെന്ന് അനഘ ഉണ്ണി. മറ്റൊരു ലക്ഷ്യമാണ് ലമ്പാടി ഗോത്രവിഭാഗക്കാരുടെ പരമ്പരാഗത കലാ രൂപമായ ചിത്ര തുന്നലിനെ വികസിപ്പിക്കുക എന്നതും. പോര്‍ഗൈ ആര്‍ട്ടിസാന്‍സ് അസ്സോസ്സിയേഷന്റെ സ്ഥാപക കൂടിയായ ഡോ.ലളിതാ റെജിയെ കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതയായി ധര്‍മ്മപുരിയിലെത്തുകയായിരുന്നു.

ഡോക്ടര്‍ 25 വര്‍ഷങ്ങളായി അവിടെപ്പോയി അവിടുത്തെ ആള്‍ക്കാരുടെ ആരോഗ്യവും ജീവിത സാഹചര്യവും മെച്ചപ്പെടുത്താനായി ശ്രമിക്കുന്ന ഒരാളാണ്. പഠിക്കാന്‍ പോകുന്നതിന് മുന്‍പ് ഞാന്‍ ഒരിക്കല്‍ ഡോക്ടറെ നേരിട്ട് കാണാന്‍ പോയിട്ടുണ്ട്. അങ്ങനെ ആ സ്ഥലം അറിയാം. പിന്നെ പോര്‍ഗൈയ്ക്ക് മുന്‍പേ ആര്‍ട്ടിസന്‍സ് അസ്സോസ്സിയേഷന്‍ ഹോസ്പിറ്റലിന്റെ 25 ആം വാര്‍ഷിക പരിപാടിക്ക് വേണ്ടി ഒരു ചെറിയ ഫിലിം ചെയ്തിരുന്നു. അതൊരു പത്ത് മിനിറ്റിന്റെ വീഡിയോ ആയിരുന്നു. അങ്ങനെ പോര്‍ഗൈയ്ക്ക ചെയ്യുമ്പോഴേക്കും എനിക്കൊരുപാട് പ്രിയപ്പെട്ട സ്ഥലമായി അവിടം മാറിക്കഴിഞ്ഞിരുന്നു.

മൂഡി ക്രാബ് ഫിലിം ഫെസ്റ്റിവലിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ക്രൗണ്‍ വുഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്ത്രീകളെക്കുറിച്ചുളള മികച്ച ചിത്രമായും പോര്‍ഗൈ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലമ്പാടി സ്ത്രീകളുടെ കലയെക്കുറിച്ച് പരമാവധി പുറം ലോകത്തെ അറിയിക്കുക. അതുവഴി അവരുടെ ഉദ്യമം വിജയിപ്പിക്കുക എന്നൊരു ലക്ഷ്യമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

ഞാന്‍ മനസ്സിലാക്കിയിടത്തോളം അവരുടെ വിജയത്തിനെ പുഷ് ചെയ്യാന്‍ ഈ ഫിലിമിന് സാധിക്കും. കാരണം ഗോത്ര വിഭാഗത്തെ പറ്റി ആഴത്തില്‍ അറിയാമെന്ന് വിശ്വസിച്ചിരുന്നവര്‍ക്ക് പോലും പോര്‍ഗൈ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കൂടിതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി. അങ്ങനെ അവര്‍ ഞങ്ങളെ സമീപിച്ചിരുന്നു. പിന്നെ എനിക്ക് തോന്നുന്നത് സാധാരണ നമ്മള്‍ മാറി നിന്ന് കുറച്ചു പേരെ വീക്ഷിക്കുമ്പോള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫിലിം എന്ന മാധ്യമത്തിലൂടെ കൂടുതല്‍ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും. അങ്ങനെ ഒരു രീതിയില്‍ ഒരു സമൂഹത്തെയും അവിടുത്തെ സ്ത്രീകളെയും അവരുടെ ജീവിത രീതികളെയും ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ഡോക്കുമെന്ററിക്ക് പൂര്‍ണ്ണമായി കഴിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് ഡോക്യുമെന്ററി

തുടങ്ങുമ്പോള്‍ എല്ലാം ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. പിന്നീടാണ് എന്റെ ഫ്രണ്ടും കൂടിയായ ക്യാമറാ മാന്‍ എന്നെ അസിസ്റ്റ് ചെയ്യാനായി എത്തുന്നത്. സൗണ്ട് റെക്കോര്‍ഡിംങ്ങ് ഉള്‍പ്പടെ മറ്റെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടായത് കൊണ്ട് എന്റെ മറ്റൊരു സുഹൃത്തും ഒപ്പം സഹായിക്കാനായി എത്തി. അങ്ങനത്തെ സഹായങ്ങള്‍ ഉള്ളതു കൊണ്ടുമാണ് ഞാന്‍ ഫിലിം ചെയ്തത്. പക്ഷെ എന്റെ പ്രതിബദ്ധത ഇതില്‍ പരമാവധി ആവശ്യമായിരുന്നു. ഷൂട്ട് നടക്കുന്ന സ്ഥലം ദൂരെയാണ്, പിന്നെ ഞാന്‍ ആദ്യമായി ചെയ്യുന്ന വര്‍ക്കും. ഷൂട്ട് ചെയ്ത് തിരിച്ച് വന്നിട്ട് കുറച്ച് കൂടി പ്ലാന്‍ ചെയ്ത് അതിനുള്ള പണം തയ്യാറാക്കി വീണ്ടും തിരിച്ചു പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനത്തെ കാലതതാമസമൊക്കെ നേരിട്ടിരുന്നു. പിന്നീട് എഡിറ്റിംഗ് ഒരു മൂന്നാല് മാസം തുടര്‍ച്ചയായിരുന്ന് ഞാന്‍ ചെയ്ത് തീര്‍ക്കുകയായിരുന്നു. സമയ കാലയളവ് നോക്കുമ്പോള്‍ കൂടുതലാണ് പക്ഷെ നന്നായി ചെയ്യാന്‍ സാധിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

ട്രൈബല്‍ ഹെല്‍ത് ഇനിഷിയേറ്റീവ്‌സിന്റെ സഹായത്തോടെ പോര്‍ഗൈ ആര്‍ട്ടിസന്‍സ് അസ്സോസ്സിയേഷന്‍ എന്ന സംഘടനയാണ് പരമ്പരാഗതമായ ലമ്പാടി കലയ്ക്ക് വീണ്ടും ജീവന്‍ നല്‍കിയത്. എല്ലാവരും സമൂലമായ വികസനത്തിലേക്ക് ഓടിയെത്തുന്ന ഒരു സമയത്ത്, പോര്‍ഗായിയും അതിലെ കലാകാരായ തൊഴിലാളികളും വിപരീത വഴിയിലൂടെ നടക്കാന്‍ ധൈര്യം കാണിക്കുന്നു എന്നാണ് ഡോക്കുമെന്ററിയിലൂടെ പറയാന്‍ ശ്രമിച്ചത്. ഉപഭോക്താക്കള്‍ എന്ന നിലയ്ക്ക നമുക്ക് ഒരുപാട് അവകാശങ്ങളുണ്ട്. എപ്പോഴും വലിയ കച്ചവടക്കാരെ മാത്രം സമീപിക്കാതെ ചിലപ്പോഴൊക്കെ അല്പം സമയമെടുത്ത് ഉപജീവനമാര്‍ഗ്ഗമായി കരുതി ചില കലാകാരന്മാര്‍ ഉത്പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വാങ്ങിക്കാന്‍ കൂടി തയ്യാറായാല്‍ ഒരുപാട് മാറ്റം ഉണ്ടാകും. അത് സാധ്യമായൊരു കാര്യം തന്നെയാണ്. ഒരു സാധനം വാങ്ങിക്കുന്നതിന് മുന്‍പ് കുറച്ച് സമയമെടുത്താല്‍ മതി. അത്ര മാത്രമേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു. വിരല്‍ തുമ്പില്‍ നമുക്കെല്ലാ സാധനങ്ങളും വാങ്ങിക്കാം. എങ്കിലും വാങ്ങിക്കുന്നതിലൂടെ ആര്‍ക്കൊക്കെ ഗുണം ലഭിക്കും എന്നാലോചിച്ച് വാങ്ങുന്നതാണ് ഉചിതം. അത് ലമ്പാടികളെപ്പോലുള്ള ജന വിഭാഗത്തെ ഒരുപാട് സഹായിക്കും

ലമ്പാടി ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റ്

അര്‍ഹിക്കുന്ന മാര്‍ക്കറ്റ് കിട്ടിത്തുടങ്ങിയിട്ടുണ്ട് എന്ന് പറയാം ഇപ്പോള്‍. പക്ഷെ അവരുടെ മുഴുവന്‍ കഴിവും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു മാര്‍ക്കറ്റ് അവര്‍ക്ക് ലഭിക്കുന്നില്ല എന്നത് ഒരു പ്രശ്‌നമാണ്. ചില എയര്‍പ്പോര്‍ട്ടുകളില്‍ കുറച്ച് ഏരിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കാറുണ്ട്. അതുപോലെ കര കൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നവരെയും കലാകാരന്‍മാരായി കാണാന്‍ പറ്റണം. എയര്‍പോര്‍ട്ട് പോലെ വലിയ ഇടങ്ങളില്‍ പലര്‍ക്കും ലമ്പാടികളെപ്പോലുള്ളവരെ സഹായിക്കാന്‍ പറ്റും. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് അവരുടെ കല. അതിനെ ഒരു കലയായി അംഗീകരിക്കാന്‍ പറ്റണം. അവരെ ഇതുവരെ കലാകാരന്മാരായി പരിഗണിച്ചിട്ടില്ല. വേണ്ട രീതിയില്‍ അവരുടെ കലകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന മാര്‍ക്കറ്റ് വളരെ കുറവാണ്. അതുണ്ടെങ്കിലേ ഈ കലയ്ക്ക് നില നില്‍പ്പുണ്ടാകൂ. അതും കൂടി സംസാരിക്കുന്നതാവണം ഡോക്യുമെന്ററി എന്നുണ്ടായിരുന്നു.

അവര്‍ കുറച്ച് കാലം മുന്‍പ് മുതലേ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ആള്‍ക്കാരിലേക്കെത്തിക്കുവാന്‍ തുടങ്ങിയിട്ടണ്ട്. അതായത് വലിയ എക്‌സിബിഷന്‍സ് ചെയ്യുന്ന ആള്‍ക്കാരെ സമീപിച്ച അവിടെ സ്റ്റോളുകള്‍ ഇടും. എല്ലാ വര്‍ഷവും അങ്ങനെ ചെയ്യാറുണ്ട്. അതല്ലാതെയും അവര്‍ പുറത്തേക്ക് ആള്‍ക്കാരിലേക്കെത്താന്‍ ശ്രമിക്കുന്നുണ്ട്. പിന്നെയും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് ഈ ഫിലിമും എല്ലാം. ഓരോ ദിവസവും കൂടുതല്‍ അവസരങ്ങള്‍ക്കായി പരിശ്രമിക്കുന്നവരാണ് അവര്‍. അടുത്ത മാസം ഞങ്ങള്‍ ബാംഗ്ലൂരില്‍ ഒരു സ്‌ക്രീനിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അവിടേക്ക് ക്രാഫറ്റില്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് ലമ്പാടികളുടെ കല പരമാവധി പ്രദര്‍ശിപ്പിച്ച് വില്‍പ്പനയും നടത്താം എന്നാണ് ആഗ്രഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in