ടിക് ടോക്കിനെ പൊരിക്കാനിറങ്ങിയ ഫേസ്ബുക്കും യൂട്യൂബും

ടിക് ടോക്കിനെ പൊരിക്കാനിറങ്ങിയ ഫേസ്ബുക്കും യൂട്യൂബും
Published on

ഇപ്പോള്‍ കേരളത്തിലെ ഏറ്റവും ചൂടേറിയ വിഷയം കൊറോണയോ സര്‍ക്കാരോ പ്രതിപക്ഷമോ ഒന്നുമല്ല. അത് ഫേസ്ബുക്കീസ് & യൂടൂബീസ് വേഴ്സസ് ടിക്ടോക്കീസ് എന്ന ഓണ്‍ലൈന്‍ യുദ്ധമാണ്. ലംഘിച്ചുകൂടാത്ത പരസ്പര അതിര്‍ത്തികള്‍ ലംഘിച്ചു കയ്യേറിക്കൊണ്ട് തന്നെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു.

തുടക്കക്കാര്‍ക്കായി സന്ദര്‍ഭം തെല്ലൊന്നു വിശദമാക്കാം. (അതേപ്പറ്റി അറിയാവുന്നവര്‍ക്ക് ഈ ഇന്‍ട്രോ ഒഴിവാക്കാം)

അര്‍ജുന്‍ എന്നൊരു ചെറുപ്പക്കാരന്‍ ടിക്ടോക്കിലെ ചില പ്രധാന സെലിബ്രിറ്റി യൂസേഴ്സിന്റെ വീഡിയോകളെ റോസ്റ്റ് ചെയ്തുകൊണ്ട്, അഥവാ കളിയാക്കിക്കൊണ്ട് ഒരു റിയാക്ഷന്‍ വീഡിയോ ചെയ്യുന്നു. സരസമായി അവതരിപ്പിച്ചിരിക്കുന്ന ആ വീഡിയോ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് വൈറലായി. നൂറുകളില്‍ കിടന്ന അര്‍ജുന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് ഇന്നിപ്പോള്‍ ഒരു മില്യണ്‍ കഴിഞ്ഞു പിന്നെയും കുതിക്കുകയാണ്. ഫേസ്ബുക്ക് പ്ലസ് യൂട്യൂബ് യൂസേഴ്‌സിനിടയില്‍ നിലനിന്നിരുന്ന ടിക്ടോക് വിരോധം അവര്‍ അര്‍ജുന്റെ വീഡിയോ തലങ്ങും വിലങ്ങും ഷെയര്‍ ചെയ്യാന്‍ കാരണമായി. അതാണ് അര്‍ജുനെ ഇത്രയധികം വൈറലാക്കിയത്.

അയാളുടെ മൂന്നു റോസ്റ്റിങ് വീഡിയോകളും ഇന്നത്തെ കണക്കനുസരിച്ചു മൂന്ന് കോടികക് മുകളില്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ടിക്ടോക് മലയാളം ആകെയിളകി. തങ്ങളെ ടിക്റ്റോക്കിന് പുറത്തുള്ള സോഷ്യല്‍ മീഡിയ ലോകം അപഹസിക്കുന്നത് കണ്ടു അവര്‍ അര്‍ജുനെതിരെയും നിരന്തരമായി റിയാക്ഷന്‍ വീഡിയോകള്‍, ഭീഷണികള്‍, തെറിവിളികള്‍ നടത്താന്‍ തുടങ്ങി. അര്‍ജുനെ ആഘോഷിച്ചുകൊണ്ടും ടിക്ടോക്കീസിനെ പിന്നെയും കളിയാക്കിക്കൊണ്ടും ഫേസ്ബുക്, യൂട്യൂബ് ഇന്‍സ്റ്റ ട്രോളുകള്‍, ട്രോള്‍ വീഡിയോകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത്രയുമാണ് സന്ദര്‍ഭം.

അമ്മാവന്‍ കോംപ്ലക്‌സ്

ഒന്നാം തലമുറ, രണ്ടാം തലമുറ ഫേസ്ബുക് യൂസേഴ്സില്‍ വലിയൊരു വിഭാഗത്തിന് ടിക്ടോക് രീതികളോട് പണ്ടേ പ്രശ്‌നമുണ്ട്. അതിന് പല കാരണങ്ങളുണ്ട്. വിഷയത്തെ മുഴുവന്‍ കേരളത്തിന്റെ, മലയാളി ജീവിതത്തിന്റെ സന്ദര്‍ഭത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നോര്‍മിപ്പിക്കുന്നു.

1. ഒന്നാമത്തെ കാരണം ജനറേഷന്‍ ഗ്യാപ്പാണ്. അവരെ സംബന്ധിച്ച് ടിക്ടോക് വളരെയധികം ആത്മരതി പ്രോത്സാഹിപ്പിക്കുന്ന വളരെ ചൈല്‍ഡിഷും സില്ലിയുമായ ഒരു ഏര്‍പ്പാടാണ്. അതായത് അഭിരുചി വ്യത്യാസം കാര്യമായി ഈ രണ്ടു കൂട്ടര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അത് കാരണമുണ്ടാകുന്ന ഫ്രിക്ഷന്‍ ടിക്ടോക് വ്യാപകമായപ്പോള്‍ തന്നെ തുടങ്ങിയതാണ്.

2. രണ്ടാമത്തെ കാരണം അമ്മാവന്‍ കോമ്പ്‌ലെക്‌സ് അഥവാ ഒരു സ്വയം പ്രഖ്യാപിത എലീറ്റിസമാണ്. ഫെസ്ബുക്കീസിനെ സംബന്ധിച്ച് അവരായിരുന്നു കുറച്ചു കാലമായി ലോകത്തിന്റെ കേന്ദ്രമെന്നത്. അതില്‍ വലിയ തോതിലുള്ള ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. അവര്‍ ഇതുവരെ കാര്യമായി എടുത്തിട്ടില്ലാത്ത വിഭാഗമായ ഈ 'ചീള് പിള്ളേര്‍' കയറി പെട്ടെന്ന് ആളാവുന്നത് സഹിക്കാത്ത വലിയൊരു കൂട്ടം ആളുകള്‍ ഫേസ്ബുക്കിലും യൂട്യുബിലും ഉണ്ട്. മാത്രമല്ല ഫേസ്ബുക്കിന്റെ കാലം കഴിയാറായി അല്ലെങ്കില്‍ അത് കുറേക്കൂടി പ്രായമുള്ളവരുടെ കേന്ദ്രമായി എന്ന് എങ്ങനെ വേഗം അവര്‍ സമ്മതിക്കും ?!. ഉദാഹരണം പറയുമ്പോള്‍. ഫേസ്ബുക് വ്യാപകമായ കാലത്തും ഏറക്കുറെ ഇപ്പോഴും ഫേസ്ബുക്കില്‍ ആക്റ്റീവ് അല്ലാത്തവര്‍ ഫേസ്ബുക്കില്‍ കാര്യമായി ഇടപെടുന്ന ആള്‍ക്കാരോട് കാണിച്ചിരുന്ന അതേ പുച്ഛത്തിന്റെ പുതിയ വേര്‍ഷനാണ് ഇത്.

3. മൂന്നാമത്തെ കാരണം ടിക്ടോക് പടച്ചു വിടുന്ന ടോക്‌സിക് ആയ റിഗ്രസീവ് കണ്ടന്റിനോടുള്ള പ്രതിഷേധമാണ്. സ്ത്രീ വിരുദ്ധത, ടോക്‌സിക് മാസ്‌കുലിനിറ്റി, റിലേഷന്‍ഷിപ് അബ്യുസ് എന്നിവയ്ക്ക് ടിക്റ്റോക്കില്‍ കിട്ടുന്ന സ്വീകരണം ഏതൊരു പുരോഗമന സമൂഹത്തെയും ഞെട്ടിക്കുന്നതാണ്. കലിപ്പന്റെ കാന്താരി ചൂടന്‍ ചേട്ടന്‍ എന്നിങ്ങനെയുള്ള സ്ഥിരം ടിക്ടോക് ഴോണറുകള്‍ ഇവയുടെ നിറകുടങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ടിക്റ്റോക്കില്‍ ആഘോഷിക്കപ്പെടുന്നപോലെ മറ്റൊരു മീഡിയയിലും ഇന്ന് കൊണ്ടാടപ്പെടുന്നില്ല എന്നത് വസ്തുതയാണ്. പുരോഗമന മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. സ്വാഭാവികമായും അവരും ടിക്റ്റോക്കിന്റെ ഈയൊരു സ്വഭാവത്തോടു എതിര്‍ നില്‍ക്കുന്നു.

ഇതില്‍ പുരോഗമന സമൂഹത്തിനുണ്ടായ ക്ഷതമാണ് ഏറ്റവും പരിഗണിക്കപ്പെടേണ്ട പ്രശ്‌നമെങ്കിലും അവര്‍ക്ക് മാത്രമാണ് ടിക്ടോക് ഒരു പ്രശ്‌നമെന്ന് കരുതുന്നത് അബദ്ധമാണ്.

ഇനി കുറച്ചു ചരിത്രം

ഏതൊരു തലമുറയും അവരുടെ ഭാവനാ മണ്ഡലത്തിലേക്ക് എത്തിച്ചേരുന്നതില്‍, അത് വികസിപ്പിക്കുന്നതില്‍ വിപണിക്കും സാങ്കേതിക വിദ്യക്കും, സാമ്പത്തിക സാമൂഹിക അവസ്ഥകള്‍ക്കും വലിയ പങ്കാളിത്തമുണ്ട്. ഈ രൂപീകരണ ശക്തികളുടെ പല വിധത്തിലുള്ള പ്രവര്‍ത്തനമാണ് ഓരോ തലമുറയുടെയും ഡിസ്പോസിഷന്‍ അഥവാ മാനസിക ചായ്വ് തീരുമാനിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് കേരളത്തില്‍ അച്ചടി വ്യാപകമാവുന്നത്. അത് ഒറ്റയടിക്ക് ചരിത്രത്തെ രണ്ടായി പകുത്തു. അതുവരെ പദ്യ കേന്ദ്രീകൃതമായിരുന്ന സാഹിത്യം, ക്രമേണ നോവലിലേക്കും ചെറുകഥയിലേക്കും കടന്നു. പുസ്തകങ്ങള്‍ വില്‍പ്പനയ്ക്കിറങ്ങി. മനുഷ്യര്‍ കഥയും കവിതയും ചരിത്രവും അങ്ങനെ അവരുടെ ചുറ്റുപാടും ജീവിതങ്ങളും ആവിഷ്‌കരിച്ചു. അതില്‍ നിന്ന് പ്രചോദിതമായും സ്വന്തം പ്രേരണയാലും പിന്നെയും അതിലേക്ക് സംഭാവനകള്‍ വന്നു. മാധ്യമം മനുഷ്യനെയും മനുഷ്യന്‍ മാധ്യമത്തെയും സ്വാധീനിച്ചു പരിഷ്‌കരിച്ചു നീങ്ങി. പുസ്തക വായന സ്വായത്തമാക്കിയ കുറേക്കൂടി വിദ്യാഭ്യാസമുള്ള മനുഷ്യര്‍ ഇവിടെയുണ്ടായി. അവരില്‍ നിന്ന് സാമൂഹിക പരിഷ്‌കര്‍ത്താക്കളും എഴുത്തുകാരും, വിദഗ്ധന്മാരുമൊക്കെയുണ്ടായി. സമൂഹത്തില്‍ ഒരു പുതിയ സാമ്പത്തിക സാമൂഹിക ശ്രേണി രൂപപ്പെട്ടു. ഇത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് സംഭവിച്ചത്.

ഇത്തരം മാറ്റങ്ങള്‍ പുതിയ മാധ്യമങ്ങള്‍ വരുമ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. സിനിമ വന്നപ്പോഴും, പിന്നീട് ടീവി വന്നപ്പോഴും, പിന്നീട് കേബിള്‍ വന്നപ്പോഴുമൊക്കെ. അപ്പോഴൊക്കെ അതിനു മുന്‍പത്തെ വ്യവസ്ഥയോട് ചേര്‍ന്ന് വിവിധ രീതിയില്‍ പ്രവര്‍ത്തിച്ചാണ് അത് പരസ്പര സ്ഥാനങ്ങള്‍ കണ്ടെത്തിയിരുന്നത്.

അച്ചടി ഉണ്ടായതുപോലെയൊരു വിപ്ലവമായിരുന്നു ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റ് കേരളത്തില്‍ വ്യാപകമാവുന്നത് തൊണ്ണൂറുകളിലും അതിനു ശേഷവുമാണ്. ഫേസ്ബുക്കിന് മുന്‍പത്തെ തലമുറയ്ക്ക് ഇന്റര്‍നെറ്റ് എന്നത് വളരെ അപ്പൂര്‍വമായി ലഭിക്കുന്ന ഒരു പ്രിവിലേജ്ഡ് സെര്‍വീസായിരുന്നു. പിന്നീട് സ്മാര്‍ട്ടഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നു. അതില്‍ തന്നെ ആപ്പിള്‍ ഐഫോണ്‍ ഇറക്കിയതിനു ശേഷം വിപണി മനുഷ്യന്റെ സംസ്‌കാരത്തെ പിന്നെയും പുതുക്കിപ്പണിഞ്ഞു.

ഫേസ്ബുക്ക് വ്യാപകമായതിനു ശേഷം അതുവരെയില്ലാത്ത, സെല്‍ഫ് ഇന്റല്‍ജിംഗ് ആയ ഒരു സ്‌പേസ് ആണ് മനുഷ്യര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടത്. കണക്റ്റിവിറ്റിയാണ് ഫേസ്ബുക്കിന്റെ യുഎസ്പി എന്ന് പറയുന്നതിനോളമോ അതിനേക്കാളുമോ പ്രധാനമാണ് ഫേസ്ബുക് യൂസേഴ്സിന് ഓഫര്‍ ചെയ്യുന്ന സെല്‍ഫ് ഇണ്ടല്‍ജന്‍സ് അഥവാ ആത്മാഘോഷത്തിനുള്ളതും പ്രകടനപരതയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതുമായ സ്‌പേസ്. അത് ഒരു തലമുറയെ തന്നെ മാറ്റിമറിച്ചു. നമ്മുടെ ജീവിതത്തിലേക്ക് ഫേസ്ബുക് കൊണ്ട് വന്ന മാറ്റങ്ങള്‍ അതിവിപുലമായിരുന്നു. അതിശയോക്തി ഇല്ലാതെ തന്നെ ഫേസ്ബുക് കേന്ദ്രീകൃത ജീവിതമായി ഒരു തലമുറയുടെ ജീവിതം മാറിയെന്നു പറയാം. നമ്മുടെ യാത്രകള്‍ നമുക്ക് അനുഭവങ്ങളെക്കാള്‍ ഇമേജ് ബില്‍ഡിങ്ങിനും ആത്മഘോഷത്തിനുമുള്ള വഴികളായി. പിന്നീട് യാത്രകള്‍ തന്നെ ഫേസ്ബുക്കില്‍ ആഘോഷിക്കാനുള്ളതായി മാറി.

നമ്മുടെ ഒത്തുചേരലുകള്‍, ചടങ്ങുകള്‍ എന്നിവയെല്ലാം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കപ്പെടാനുള്ള സൗകര്യത്തിനായി റീ ഷേയ്പ് ചെയ്യപ്പെട്ടു. എന്തിന് നമ്മുടെ കല്യാണങ്ങള്‍ പോലും കൂടുതല്‍ സിനിമാറ്റിക് ആയത് ഈ പ്രകടനപരതയുടെയും സെല്‍ഫ് ഇണ്ടല്‍ജന്‍സിന്റെയും തുടര്‍ച്ചയുടെ ഭാഗമായാണ്. അത് നിലനിന്നിരുന്ന വ്യവസ്ഥയെ വല്ലാണ്ട് അസ്വസ്ഥതപ്പെടുത്തിയിരുന്നു. ലേഖകന്‍ തന്നെ തുടക്ക കാലത്തു ഒരു ഫേസ്ബുക് റിബലായി സ്വയം അടയാളപ്പെടുത്തി ഫേസ്ബുക്കിലുള്ളവരെ കളിയാക്കിയിരുന്നു.

ക്രമേണ നിലനില്‍ക്കുന്ന വ്യവസ്ഥയും ഫേസ്ബുക് കൊണ്ട് വന്ന പരിഷ്‌കരിച്ച ജീവിതക്രമവും പരസ്പരം കലഹിച്ചും കൂട്ട് ചേര്‍ന്നും കൂടിക്കലര്‍ന്നും ഒരു സഹവര്‍ത്തിത്വ സ്ഥാനം പരസ്പരം കണ്ടെത്തി. ഇന്ന് നമുക്ക് ഫേസ്ബുക്കിയന്‍ ജീവിത ശൈലികള്‍ അങ്ങേയറ്റം നോര്‍മല്‍ ആണ്. അല്ലെങ്കില്‍ അത് മാത്രമാണ് നോര്‍മല്‍.

ഫേസ്ബുക് എന്നത് ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍മാര്‍ക്കറ്റാണ്. ഇതില്‍ ഓഫര്‍ ചെയ്യാത്ത സര്‍വീസുകളില്ല. ഫോട്ടോ ഇടം, വീഡിയോ ഇടം, എഴുത്തുകുത്തുകള്‍ പങ്കുവെയ്ക്കാംഎം, മെസേജുകള്‍ അയക്കാം, അങ്ങനെ എല്ലാം. അതിലെ ഓരോ സര്‍വീസും പിന്നീട് സ്‌പെഷ്യലൈസ് ചെയ്യപ്പെട്ടപ്പോഴാണ് നമുക്ക് മറ്റ് പ്ലാറ്റുഫോമുകള്‍ ലഭിക്കുന്നത്. ഫോട്ടോ ഇടാനായി ഇന്‍സ്റ്റ, പിന്ററസ്റ്റ്, മെസേജുകള്‍ അയക്കാനായി വാട്‌സ്ആപ്, ചെറിയ എഴുത്തുകള്‍ക്ക് ട്വിറ്റര്‍, വീഡിയോകള്‍ക്കായി യൂട്യൂബ് അങ്ങനെയങ്ങനെ. ഈ ഫേസ്ബുക് തന്നെ ബ്ലോഗ് കാലഘട്ടത്തില്‍ നിന്നുള്ള ഓഗ്മെന്റേഷനായിരുന്നു മലയാളിയെ സംബന്ധിച്ച്. അതിനിടയ്‌ക്കൊരു ഓര്‍ക്കുട്ട് കാലവുമുണ്ടായിരുന്നു.

ടിക് ടോക് ദൃശ്യത നല്‍കിയ മനുഷ്യര്‍

ടിക്ടോക് ഫേസ്ബുക് പോലെയേ അല്ല. ഫേസ്ബുക് യൂസേഴ്സില്‍ അധികവും മില്ലേനിയല്‍സും (980 ഇനും രണ്ടായിരത്തിനും ഇടയ്ക്ക് ജനിച്ചവര്‍) അതിനു മുന്‍പ് ജനിച്ചവരുമാണ്. അതില്‍ തന്നെ മില്ലേനിയല്‍സാണ് ഫേസ്ബുക്കിന്റെ മുന്‍ നിരക്കാര്‍. അവരുടെ ഒരു പ്രത്യേകത അവര്‍ സിനിമയിലും ടീവിയിലും വളര്‍ത്തപ്പെട്ടവരാണ്. അവരുടെ ലോക ബോധവും ജീവിത വീക്ഷണവും പോപ്പ് കല്‍ച്ചറുമായി വലിയ അളവില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് ഇവരുടെ ജീവിതത്തിലേക്ക് വരുന്നത് ടീനേജിലാണ്.

പക്ഷെ ടിക്ടോക് യൂസേഴ്‌സില്‍ കൂടുതലും, അല്ലെങ്കില്‍ മുന്‍ നിരക്കാര്‍ ഏറക്കുറെ മുഴുവനും ജനറേഷന്‍ ദ എന്ന് വിളിക്കുന്ന രണ്ടായിരത്തിനു ശേഷം ജനിച്ചവരാണ്. അതായത് ബാല്യത്തിലെ തന്നെ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടും ഇന്റര്‍നെറ്റ് ഒരു സ്വാഭാവിക സംഗതിയായി കണ്ടു വളര്‍ന്ന, ഫാഷനുകള്‍ക്ക് ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന വിഭാഗമാണിവര്‍. അതുകൊണ്ടു തന്നെ ഇതിനു മുന്‍പത്തെ തലമുറയുടെ ലോകബോധം ഇവര്‍ പങ്കു വയ്ക്കുന്നില്ല. അഭിരുചികളും കാഴ്ച്ചപ്പാടും എല്ലാം വ്യത്യസ്തം.

ഈ ഭാവുകത്വ പരിണാമത്തില്‍, ഭാവനാ മാറ്റത്തിലെ പ്രധാന അംശങ്ങളാണ് 'അമിത' വൈകാരികത. ഇവര്‍ എക്‌സ്‌പോസ്ഡ് ആവുന്ന കണ്ടന്റിനും ഇവരുടെ പ്രായത്തിനും അതില്‍ പങ്കുണ്ട്. എല്ലാറ്റിനെയും വൈകാരികമായി സമീപിക്കുന്ന, എല്ലാറ്റിനെയും കൂടുതലായി ഫീല്‍ ചെയ്യുന്ന അങ്ങേയറ്റം ഇമ്പ്രഷനബിള്‍ ആയൊരു പ്രായത്തിലാണ് ഇവരുടെ കൈയില്‍ ടിക്ടോക് കിട്ടുന്നത്. അവര്‍ അവരുടെ എല്ലാ ആത്മാംശ്ങ്ങളെയും അവര്‍ അതിലൂടെ സാക്ഷാത്കരിച്ചു. നേരത്തെ ഫേസ്ബുക്കില്‍ തുടങ്ങിയ ആത്മാഘോഷവും പ്രകടനപരതയും ടിക്റ്റോക്കില്‍ അതിന്റെ എത്രയോ ഇരട്ടിയായി വളര്‍ന്നു.

മറ്റൊരു കാര്യം ടിക്ടോക് ദൃശ്യത നല്‍കിയ സമൂഹമാണ്. അത് സമൂഹത്തില്‍ സാമൂഹിക സാമ്പത്തിക മാറ്റി നിര്‍ത്തലുകള്‍ നേരിടുന്ന വിഭാഗമാണ്. ഫേസ്ബുക്കില്‍ തഴയപ്പെട്ടു കിടന്ന ഫ്രീക്കന്മാര്‍ക്ക് കിട്ടിയ വരദാനമാണ് ടിക്ടോക്. ഫേസ്ബുക്കിലെ ഫ്രീക്കന്മാരെന്നും, കഞ്ചാവെന്നും, സ്‌മോക്കീസ് എന്നുമൊക്കെ വിളിക്കപെട്ടവര്‍ക്ക് അവരുടെ ലോകത്തെ ആവിഷ്‌കരിക്കാന്‍ കിട്ടിയ മാധ്യമമായി ടിക്ടോക് മാറി. അതേപോലെ തന്നെ വീട്ടമ്മമാര്‍, തൊഴിലാളികള്‍, അങ്ങനെ അണ്ടര്‍ പ്രിവിലേജ്ഡ് ജനതയിലേക്ക് ടിക്ടോക് അരിച്ചിറങ്ങി.

അതില്‍ പ്രധാന കാരണം ഇത്രയും കാലം അടക്കി വെയ്ക്കപ്പെട്ടിരുന്ന എന്നാല്‍ റിലീസ് ചെയ്യപ്പെടാതിരുന്ന അവരുടെ ആവിഷ്‌കാരപരത തന്നെയാണ്. അതാണ് ഒറ്റയടിക്ക് മുളച്ചു പൊന്തി വന്മരമായത്. അടുത്ത കാര്യം, ടിക്ടോക് ആവശ്യപ്പെടുന്ന മാര്‍ഗ്ഗം വിഷ്വലാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും അവിടെ തന്നെയുണ്ട്. ഫേസ്ബുക്കിലെപോലെ എന്തിനെയെങ്കിലും പറ്റി പഠിക്കാനോ എഴുതാനോ അതാവശ്യപ്പെടുന്നില്ല. ഇന്‍സ്റ്റാ ലോകത്തേക്കാളും ഒരുപടി മുന്നില്‍ കയറി അത് നിങ്ങളെ സ്വയം ആഘോഷിക്കാന്‍ ആവശ്യപ്പെടുന്നു. അതിന് അവരുടെ ജീവിതം തന്നെ ധാരാളമായിരുന്നു. അത് നിങ്ങളുടെ ചുറ്റുപാടുകളെ തന്നെ ആവിഷ്‌കാര സാമഗ്രികളാക്കാന്‍ ആവശ്യപ്പെടുന്നു.

അതുകൊണ്ടു തന്നെ അവര്‍ പരസ്പരം ആഘോഷിക്കുകയും കാണുകയും കണ്ടു കൈയ്യടിക്കുകയും ചെയ്യുന്നു. ഏറ്റവും സ്വീകാര്യത ലഭിച്ച ഫേസ്ബുക് പോസ്റ്റിന്റെ നൂറിരട്ടിയാണ് ഒരു ഹിറ്റായ ടിക്ടോക് വീഡിയോ. അത്രയ്ക്കും അതില്‍ സ്‌കെയിലില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഫേസ്ബുക്കിലെ സിംഹങ്ങള്‍ അവിടെ എലികള്‍ പോലുമല്ല. അവിടത്തെ സിംഹങ്ങള്‍ക്ക് ഈ ഫേസ്ബുക് ലോകമെന്താണ് എന്നുപോലും അറിയാനും താല്‍പ്പര്യമില്ല. സൊ ബേസിക്കലി നമ്മള്‍ അവരെയാണ് നോക്കി ഇരിക്കുന്നത്. അവര്‍ക്ക് നമ്മള്‍ ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയില്ല.

പക്ഷെ ടിക്ടോക് പരിഷ്‌കരിക്കപ്പെടേണ്ട കാര്യമുണ്ടോ ?

ഉറപ്പായും ഉണ്ട് എന്ന് തന്നെയാണ് അതിന്റെ ഉത്തരം. സമൂഹത്തിനെ പുറകോട്ടു വലിക്കുന്ന രീതിയിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയും ആണ്‍ വയലന്‍സും അതേപോലെ ടിക്റ്റോക്കില്‍ വരുകയും, ടിക്ടോക്കിലൂടെ തന്നെ അത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ രണ്ടാമത്തെ ഭാഗത്താണ് അത് ആ ആപ്പിന്റെ പ്രശനമാവുന്നത്. ഫേസ്ബുക് തുറന്നിട്ട മലയാള ഓണ്‍ലൈന്‍ സംവാദ മണ്ഡലം മലയാളിയെ കുറെയേറെ മുന്നോട്ടു നടത്തിച്ചിട്ടുണ്ട്. അതേപോലെ പ്രശ്‌നങ്ങളുമുണ്ട് എങ്കിലും, ഫേസ്ബുക് മലയാളിയെ പരിഷ്‌കരിക്കാന്‍ സഹായിച്ചൊരു മാധ്യമമാണ് എന്ന് സമ്മതിക്കേണ്ടി വരും. അതേപോലെ ടിക് ടോക്കും പരിഷ്‌കരിക്കപ്പെടണം. അതിനു വിമര്‍ശനങ്ങള്‍ ഉണ്ടായേ തീരു. ആ തലത്തില്‍ അര്‍ജുന്‍മാര്‍ ഇനിയും ഉണ്ടാവണം.

അര്‍ജുനും ടിക് ടോക്കും

ടിക്ടോക് അതിനു മുന്‍പുള്ള എല്ലാറ്റിനെയും അതിന്റെ പ്രത്യേക രൂപത്തിലാക്കി പുനരവതരിപ്പിച്ചു. സിനിമാ ഗാനങ്ങളും ഡയലോഗുകളും തുടങ്ങി ടിക്ടോക്കിയന്‍സിന്റെ ക്രിയേറ്റിവിറ്റി വളര്‍ന്നു. മുന്‍പ് ഫേസ്ബുക്ക് ജീവിത രീതി വ്യാപകമായതുപോലെ ഇന്ന് ടിക്ടോക് കേന്ദ്രീകൃത ജീവിതമുണ്ടാകുന്നു. അത് നിലനിന്നിരുന്ന വ്യവസ്ഥയായ ഫേസ്ബുക്കിയന്‍ ജീവിതത്തെയാണ് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെടുന്നത്. അതില്‍ തന്നെ ഒരു ക്ലാസ് വാര്‍ അടങ്ങിയിട്ടുണ്ട് എന്ന് പറയണം. ടിക്ടോക് യൂസേഴ്‌സ് കേരളത്തില്‍ കൂടുതലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥകളില്‍ ഉള്ളവരാണ്. ഇന്ത്യയില്‍ ക്ലാസ് എന്നത് ജാതിയുടെ സബ്സെറ്റായതുകൊണ്ടു അവിടെ ജാതിയും അദൃശ്യമായി നില്‍പ്പുണ്ട്.

അപ്പോള്‍ കറുത്ത നിറമുള്ള, പല കളറുകള്‍ തേയ്ച്ചു മുടി നീട്ടി വളര്‍ത്തി, തോന്നിയപോലെ വേഷം ധരിച്ചു നടക്കുന്ന മുടി നീട്ടി വളര്‍ത്തി യൂസേഴ്സിനോട് ക്രമേണ ഫേസ്ബുക്കിയന്‍ എലീറ്റിസ്റ്റ് കാഴ്ചപ്പാട് ഇടയാന്‍ തുടങ്ങി. അത് അബോധമായി അര്‍ജുനിലും വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന് നമുക്ക് കാണാം. കാരണം അര്‍ജുന്‍ റോസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത വീഡിയോകളെല്ലാം തന്നെ അത്തരം മനുഷ്യരുടേതാണ്. അവരോടു സ്വാഭാവികമായി ഒരു അനിഷ്ടം സമൂഹത്തിനുണ്ടാകുന്നത് ഈ ക്ലാസ് കാസ്റ്റ് പ്രശ്‌നം കാരണമാണ്.

പക്ഷെ അതെ അര്‍ജുന്‍ അതിലെ സ്ത്രീ വിരുദ്ധതയെയും പരിഹസിക്കുന്നുണ്ട്. അര്‍ജുന്റെ ഒരു പ്രത്യേകത, അയാള്‍ക്ക് വിമര്‍ശനങ്ങളോട് ഇതുവരെ അസഹിഷ്ണുത ഇല്ല എന്നതാണ്. വൈറലായ വീഡിയോകള്‍ കണ്ട് അതിലെ പൊളിറ്റിക്കലി ഇന്‍കറക്ട് ആയ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് കേള്‍ക്കാനുള്ള സന്നദ്ധത അര്‍ജുന്‍ കാണിച്ചിട്ടുണ്ട്. പക്ഷെ എങ്കില്‍പ്പോലും അയാളില്‍ പിന്നെയും മുടി വളര്‍ത്തിയവരോടും വേറിട്ട വേഷം ധരിച്ചവരോടും ഈ എലീറ്റിസ്റ്റ് പുച്ഛം കാണാം. അത് ഉറപ്പായും വര്‍ഗാധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നതാണ്.

ഇവിടെയാണ് ഫേസ്ബുക്കിലെ പുരോഗമന പക്ഷം, അല്ലെങ്കില്‍ ഡിജിറ്റല്‍ പുരോഗമന പക്ഷം അര്‍ജുന് എതിരാവുന്നത്. ടിക്ടോക്കിലെ റിഗ്രസീവ് കണ്ടന്റിനെ അവര്‍ എന്തിനു എതിര്‍ത്തുവോ അതേ കാരണം കൊണ്ട് തന്നെ അവര്‍ അര്‍ജുനെയും വിമര്‍ശിക്കുന്നു. ഉറപ്പായും വിമര്‍ശിക്കപ്പെടേണ്ടതുമാണ്.

ഇനിയെന്താവും ?

അടി തുടങ്ങിയിട്ടില്ല, വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളു എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. നോര്‍ത്ത് ഇന്ത്യയില്‍ ഒരു വര്‍ഷത്തിന് മുകളിലായി നടന്നു വരുന്ന ഈ ക്രോസ് ആപ്പ് വാര്‍ ഇപ്പോഴാണ് കേരളത്തില്‍ തുടങ്ങിയത്. അര്‍ജുന്‍ ഫാന്‍സായ ഫേസ്ബുക്, യൂട്യൂബ് പക്ഷം ഒരു വശത്ത്. അപ്പുറത് ടിക്ടോക്. ഇന്‍സ്റ്റ രണ്ടു പക്ഷത്തേയ്ക്കും ആടിയുലഞ്ഞാണ് നില്‍ക്കുന്നത്.

ഒരു മാധ്യമത്തെ ഒരു ജനത പരീക്ഷിക്കുമ്പോള്‍ അത് മാധ്യമത്തെയും മാധ്യമം തിരിച്ചും സ്വാധീനിച്ചു പരസ്പരം രൂപപ്പെടുത്തും. ഫേസ്ബുക് മനുഷ്യരെ സ്വാധീനിച്ചു, പിന്നീട് അവര്‍ ഫേസ്ബുക് ലോകത്തെ വേറൊരു രീതിയില്‍ മാറ്റി പണിതു. അതുപോലെയാണ് ഇവിടെയും. ടിക്ടോക്കിലൂടെ ശബ്ദം ലഭിച്ച ഇതുവരെ താഴെക്കിടയില്‍ കിടന്ന ഒരു കൂട്ടത്തെ അത് സ്വാധീനിച്ചു, ഇപ്പോള്‍ അവര്‍ അവരുടേതായ ടിക്ടോക് ലോകമുണ്ടാക്കുന്നതിനിടയിലാണ് അര്‍ജുന്‍ വന്നു ബോംബിടുന്നത്.

ഉറപ്പായും ഫേസ്ബുക് പഴയതുപോലെ ലോകകേന്ദ്രമായി ഇരിക്കാന്‍ പോകുന്നില്ല. പക്ഷെ എന്നാലും ഒരു പ്രധാന കേന്ദ്രമായി ഇനിയും കുറേക്കാലം നില്‍ക്കുമെന്നും ഉറപ്പാണ്. കാരണം അവിടത്തെ സൗകര്യങ്ങള്‍ തല്‍ക്കാലം വേറൊരിടത്തും ലഭിക്കില്ല എന്നത് തന്നെ. പക്ഷെ ഫേസ്ബുക്കിലേക്കുള്ള ആളൊഴുക്ക് വലിയ രീതിയില്‍ കുറയും. അതൊക്കെയും ടിക്ടോക് പോലുള്ള പുത്തന്‍ ഭാവനാവിഷ്‌കാര സാദ്ധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളിലേക്ക് മാറും.

പക്ഷെ ആ മാറ്റം ഒട്ടും എളുപ്പമായിരിക്കില്ല. പരസ്പരം കലഹിച്ചും, കുറേക്കഴിഞ്ഞു കൂടിച്ചേര്‍ന്നു, പിന്നെ കൂടിക്കലര്‍ന്നും അവര്‍ തങ്ങളുടെ പുതിയ സ്ഥാനം കണ്ടുപിടിക്കും. പക്ഷെ അതെങ്ങനെയാണ് എന്നാണ് ഇനിയറിയേണ്ടത്. അപ്പോഴേക്കും അടുത്ത മാറ്റവും വന്നേക്കാം. കാരണം ഡിജിറ്റല്‍ ലോകത്തു തലമുറ മാറാന്‍ ഇരുപത്തഞ്ചു വര്ഷമൊന്നും വേണ്ട. അഞ്ചു വര്‍ഷം തന്നെ ധാരാളം.

Related Stories

No stories found.
logo
The Cue
www.thecue.in