സഭ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം, ചര്‍ച്ച് ബില്ലാണ് പരിഹാരം :സിസ്റ്റര്‍ ലൂസി കളപ്പുര

സഭ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം, ചര്‍ച്ച് ബില്ലാണ് പരിഹാരം :സിസ്റ്റര്‍ ലൂസി കളപ്പുര

Published on

സഭ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ചര്‍ച്ച് ബില്ലാണ് പരിഹാരമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. ലൈംഗിക അതിക്രമത്തിന് സഭയുടെ അധികാര ദുര്‍വിനിയോഗത്തിനും സാമ്പത്തിക നിയന്ത്രണത്തിനും വലിയ പങ്കുണ്ട്. ചര്‍ച്ച് ബില്‍ വന്നാല്‍ ഇതിന് പരിഹാരമാകും. എത്രയോ സ്ഥാപനങ്ങള്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു, ഈ പണം സുതാര്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹത്തിന് വിട്ടുകൊടുത്താല്‍, സമ്പത്ത് കുമിഞ്ഞു കൂടുമ്പോള്‍ ഉണ്ടാവുന്ന തെറ്റുകള്‍,ലൈംഗിക അതിക്രമം അടക്കം ഇല്ലാതാകാന്‍ സാധ്യതയുണ്ട്. ദ ക്യു അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

ബലാല്‍സംഗക്കേസില്‍, സ്ത്രീപീഡന പരാതിയിലും പുറത്തായ ആളുകള്‍ക്കെതിരെ സഭ നടപടി കൈക്കൊള്ളട്ടെ, എന്നിട്ടാവാം പീഡകരായ വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തില്‍ പീഡകരായ വൈദികരുടെ പേരുകള്‍ മറച്ചുവച്ചെന്ന വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഇക്കാര്യം സംസാരിക്കുന്നത്.

പീഡകരുടെ പേരുകള്‍ വെളിപ്പെടുത്താതിരുന്നത് വളരെയധികം ഉള്‍ക്കാഴ്ചയോടെയാണ്. അതിന് കൃത്യമായ ലക്ഷ്യങ്ങളുൂണ്ട്. കൂടുതല്‍ നന്മയ്ക്കായാണ് ചില പേരുകള്‍ മറച്ചുവച്ചത്. അത് അത്തരം വ്യക്തികള്‍ അടങ്ങുന്ന കുടുംബത്തെയും സമൂഹത്തെ പരിഗണിച്ചാണ്. അത് വലിയൊരു സുവിശേഷമാണെന്ന് കരുതുന്നു. നിയമപരമായി ആരെങ്കിലും നീങ്ങിയാല്‍ പേരുകള്‍ വെളിപ്പെടുത്താം.

പേരുകള്‍ പുറത്ത് വന്ന ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയും,ഫാദര്‍ റോബിന്‍ ഒക്കെയുണ്ടല്ലോ, റോബിന്‍ ഇപ്പോഴും പൗരോഹിത്യത്തിലാണ്. ഇവരെ പൗരോഹിത്യത്തില്‍ നിന്നൊഴിവാക്കി സര്‍ക്കുലര്‍ എഴുതട്ടേ. ഫ്രാങ്കോ ഇപ്പോഴും സുഖമായി കഴിയുകയാണ്. ഭാര്യയും മക്കളുമായി ജീവിക്കുന്നുണ്ട് മൈസൂര്‍ ബിഷപ്പ്. ഈ പേരുകള്‍ക്കെതിരെ സഭ ആദ്യം ആക്ഷന്‍ കൈക്കൊള്ളട്ടെ.

സിസ്റ്റര്‍ ലൂസി കളപ്പുര

ലൈംഗിക പീഡനക്കേസ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ എറണാകുളം വഞ്ചിസ്‌ക്വയറില്‍ നടന്ന കന്യാസ്ത്രീകളുടെ ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയെടുക്കുന്നത്. മേയ് പതിനൊന്നിന് പുറത്താക്കാനും സഭ തീരുമാനിച്ചിരുന്നു. പിന്നീട് സിസ്റ്റര്‍ ലൂസിയെ എഫ് സി സി സന്യാസ സഭ പുറത്താക്കി. സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവിതശൈലിയെന്ന് ആരോപിച്ചായിരുന്നു പുറത്താക്കല്‍. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപിക കൂടിയാണ് സിസ്റ്റര്‍ ലൂസി. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയും സഭാനേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു.

logo
The Cue
www.thecue.in