ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് ഖേദകരം, മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് ഖേദകരം, മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍
Published on

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ മലയാളി പി.ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തത് ഖേദകരമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ.

ഹരിയാനയും മണിപ്പൂരും പഞ്ചാബും ആന്ധ്രയും തെലങ്കാനയും അവരുടെ താരങ്ങള്‍ നാടണയുന്നതിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ പുതുതലമുറക്ക് പ്രചോദനമായത് പോലെ കേരളവും നമ്മുടെ അഭിമാനപുത്രന് പാരിതോഷികം പ്രഖ്യാപിക്കണമെന്നും ഷാഫി. മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യമുന്നയിച്ച് ഷാഫി പറമ്പില്‍ കത്ത് നല്‍കി.

1972 ലെ മ്യൂണിച്ച് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ അന്നത്തെ ഹോക്കി ടീം ഗോള്‍കീപ്പര്‍ മാനുവല്‍ ഫെഡറിക്സിന് ശേഷം ഈ നേട്ടം നല്‍കിയ നാടിന്റെ അഭിമാന പുത്രന്‍ പി ആര്‍ ശ്രീജേഷിന് അടിയന്തിരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് പുറമേ കായിക വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി

ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവുമാണ് എറണാകുളം കിഴക്കമ്പലം സ്വദേശി പി.ആര്‍ ശ്രീജേഷ്. കേരള ഹോക്കി ഫെഡറേഷന്‍ ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്.

അത്ലറ്റിക്‌സില്‍ ഇന്ത്യക്കായ് ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറ് കോടി രൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സര്‍ക്കാര്‍ ഹോക്കി ടീമംഗങ്ങള്‍ക്കും ഒരു കോടി രൂപ പ്രഖ്യാപിച്ചു.

പി.ആര്‍. ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രവാസി സംരംഭകന്‍ ഡോ.ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in