മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികില്‍സയിരിക്കെ കേരളത്തില്‍ ഔദ്യോഗിക ഫയലുകളില്‍ മറ്റാരോ വ്യാജഒപ്പിട്ടതായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോപണമുന്നയിച്ചിരുന്നു. പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയും ഇതേ ആരോപണം ഏറ്റെടുത്തു. വാര്‍ത്താസമ്മേളത്തില്‍ വ്യാജഒപ്പിട്ടെന്ന ആരോപണത്തില്‍ വിശദീകരണം നടത്തവേ ലീഗും ബിജെപിയും ഒക്കച്ചങ്ങായിമാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2018ലും മുഖ്യമന്ത്രി ഇതേ പ്രയോഗം നടത്തിയിരുന്നു. മലബാര്‍ മേഖലയില്‍ പ്രധാനമായും തലശേരി ഭാഗത്ത് ഒരാളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ വിശേഷിപ്പിക്കുന്ന പദമാണ് ഒക്കച്ചങ്ങായി.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്
'ഒക്കച്ചങ്ങായിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചത്. ബി ജെ പി പറയുന്നതിന് ബലം കൊടുക്കാൻ ഇടപെടുക എന്നൊരു നിലപാടാണ് യുഡിഎഫ് ഇപ്പോൾ സ്വീകരിക്കുന്നത്. ആരോപണം ഉന്നയിച്ച ആളുകൾക്ക് സാങ്കേതികത അറിയില്ല. എന്നാൽ കുഞ്ഞാലിക്കുട്ടിയെ പോലെ ദീർഘകാലം മന്ത്രിയായിരുന്ന ഒരാൾക്ക് ഇതിനെക്കുറിച്ച് അറിയാതെ വരില്ല'
മാധ്യമപ്രവര്‍ത്തകന്‍ ഇ സനീഷ് ഒക്കച്ചങ്ങായി എന്ന പ്രയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ
''ഇവര്, ഈ കോണ്‍ഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ''.ഇങ്ങനൊരു വാചകമുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍. ആ ഒക്കച്ചങ്ങായി എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ്പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ഒക്കച്ചങ്ങായ് .സാദാ ചങ്ങായി അല്ല. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം തൊട്ട് ഇയാള്‍ ഒപ്പമുണ്ടാകും,ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുന്നത് ഈ ചങ്ങായ് ആയിരിക്കും. അലക്കി വെച്ച ഉടുപ്പൊക്കെ എടുത്ത് കൊടുക്കും. ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാ കമ്പം വരുമ്പോ ചെറിയ തമാശയൊക്കെ പറഞ്ഞ് ആളെ ഊര്‍ജ്ജിതപ്പെടുത്തിയെടുക്കുക ഇതൊക്കെ ഒക്കച്ചങ്ങായിയുടെ ഡ്യൂട്ടി. എന്ന് വെച്ചാ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിവസങ്ങളിലൊന്നില്‍ ഓരോ നിമിഷവും ഒപ്പം നടക്കുന്ന ചങ്ങായ് ആണ് ഒക്കച്ചങ്ങായി എന്നര്‍ത്ഥം
ബ്രിട്ടീഷുകാരിൽനിന്നാണ് ഇത്തരമൊരു രീതി കേരളത്തിലേക്ക് വന്നതെന്നും പറയപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാർക്കിടയിൽ ബെസ്റ്റ് മാൻ എന്നറിയപ്പെടുന്ന വരന്‍റെ സുഹൃത്തിന് വിവാഹദിനവും ചടങ്ങുകൾക്കിടയിലും പ്രത്യേക പരിഗണന തന്നെയുണ്ട്.
2018ല്‍ ശബരിമല സംഘര്‍ഷ വേളയിലാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ബിജെപിയുടെ ഒക്കച്ചങ്ങായിയെന്ന് വിശേഷിപ്പിച്ചത്