കൊവിഡ് 19: നിരത്തിലിറങ്ങാതെ മുംബൈയിലെ ഡബ്ബാവാലകളും
കൊവിഡ് 19ന്റെ ഭീഷണിക്കുമുന്നില്‍ മുംബൈ നഗരവും മുട്ടുമടക്കിയിരിക്കുകയാണ്. ആളൊഴിഞ്ഞ വീഥികളാണ് മുംബൈ നഗരത്തില്‍ ഇപ്പോള്‍ കാണാനാകുക. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള മുംബൈയിലെ ഡബ്ബവാലകളും സേവനം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ് ഭീതി മാറും വരെ ഡബ്ബാ വിതരണം നിര്‍ത്തുകയാണെന്നാണ് അവരുടെ സംഘടന അറിയിച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
1890 മുതല്‍ സേവനമനുഷ്ഠിക്കുന്ന ഡബ്ബാവാലകള്‍, നഗരത്തിലുടനീളം മികച്ച ഉച്ചഭക്ഷണ വിതരണത്തിന് പേരുകേട്ടവരാണ്. പ്രതിദിനം 2 ലക്ഷത്തോളം ആളുകള്‍ക്കാണ് അവര്‍ ഭക്ഷണം എത്തിച്ച് നല്‍കുന്നത്. മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തുന്നതായാണ് ഡബ്ബാവാലകള്‍ അറിയിച്ചിരിക്കുന്നത്.
മുംബൈ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലെങ്കിലും പരിചയപ്പെടേണ്ട കൂട്ടരാണിവര്‍. ചാള്‍സ് രാജകുമാരന്‍ മുതല്‍ വമ്പന്‍ ബിസിനസ്സുകാര്‍ വരെ ഇവരെ തേടി വന്നിട്ടുണ്ട്. ഉച്ചഭക്ഷണം എത്തിച്ച് നല്‍കുക മാത്രമല്ല ഒഴിഞ്ഞ പാത്രങ്ങള്‍ ശ്രദ്ധാപൂര്‍വം തിരികെ എത്തിക്കുന്നതില്‍ ഇവര്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസം ശ്രദ്ധേയമാണ്. ചെലവ് കുറഞ്ഞ വിതരണവും വിതരണത്തിലെ കൃത്യതയും മാത്രമല്ല ഡബ്ബാവാലകളുടെ ആത്മസമര്‍പ്പണവും നിരവധി തവണ ചര്‍ച്ചയായിട്ടുണ്ട്. വെളുത്ത വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ മുംബൈയിലെ ഡബ്ബാവാലകള്‍ നഗരത്തില്‍ മാത്രം കാണുന്ന തനത് തൊഴില്‍ സംസ്‌കാരത്തിന്റെ അനുകരണീയമായ മാതൃകയാണ്.