വിഷാദരോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. ഒക്ടോബര്‍ മുപ്പതിനായിരുന്നു താരത്തിന്റെ 60-ാം ജന്മദിനം. ജന്മദിനാഘോഷങ്ങൾ കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് മറഡോണയെ ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഡിപ്രഷനിലായിരുന്ന താരം ഭക്ഷണം കഴിക്കാനും മറ്റും വിസമ്മതിച്ചിരുന്നതായി പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് നാൽപ്പത് കിലോമീറ്റര്‍ മാറി ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ചികിത്സയിലുളളത്. താരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഇതിനിടയിൽ താന്‍ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ മത്സരം കാണാൻ മറഡോണ എത്തിയിരുന്നു. എന്നാല്‍ മത്സരം തുടങ്ങി ആദ്യ പകുതിയിൽ തന്നെ താരം മടങ്ങി. താരത്തിന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന കണക്കുകൂട്ടലുകളിലേയ്ക്കും ഇത് വഴിവെച്ചിരുന്നു. തുടർന്ന് മറഡോണയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ടുകളും പ്രചരിച്ചു. എന്നാൽ പ്രചരണം ഡോക്ടർമാർ നിഷേധിച്ചു.