എങ്ങനെ വന്നു ആ തഗ് ലൈഫ് സീനുകള്‍, മാമുക്കോയക്ക് പറയാനുള്ളത്

എങ്ങനെ വന്നു ആ തഗ് ലൈഫ് സീനുകള്‍, മാമുക്കോയക്ക് പറയാനുള്ളത്

Published on

മാമുക്കോയ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തഗ് ലൈഫ് താരം. കൊറോണ കാരണം പുറത്തിറങ്ങാന്‍ പോലുമാകാതെ വീടകങ്ങളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നവര്‍ ബോറടിയും കൊവിഡിന്റെ ഭീതിയുമെല്ലാം ഒരു പരിധിവരെ മറികടക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. അങ്ങനെ മലയാളികള്‍ക്ക് ഇപ്പോള്‍ ടെന്‍ഷന്‍ ഫ്രീയായിരിക്കാനുള്ള ആശ്രയമായിരിക്കുകയാണ് മാമുക്കോയയുടെ തഗ് ലൈഫ് രംഗങ്ങള്‍. മാമുക്കോയയുടെ കോയിക്കോടന്‍ സ്‌റ്റൈല്‍ കൗണ്ടര്‍ ഡയലോഗുകള്‍ ആണ് ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമെല്ലാം ആഘോഷിക്കപ്പെടുന്നത്.

കെട്ടകാലത്ത് ഉപകാരപ്പെട്ടല്ലോ, അത്രേം സന്തോഷം

ഇതിനെക്കുറിച്ച് മാമുക്കോയയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ദാ ഇങ്ങനെയായിരുന്നു. നല്ല കാര്യം, ഈ കെട്ടകാലത്ത് എന്നെക്കൊണ്ട് ആളുകള്‍ക്ക് അത്രയെങ്കിലും ഉപകാരമുണ്ടായല്ലോ.നമ്മളെയൊക്കെ ഇപ്പഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം. കൊറോണയെപ്പേടിച്ച് മനസുതുറന്ന് പരസ്പരം സംസാരിക്കാന്‍പോലും ഇന്ന് പേടിയാണ് പലര്‍ക്കും. അയല്‍ക്കാര്‍ തമ്മില്‍പ്പോലും കണ്ടിട്ട് ദിവസങ്ങളായിട്ടുണ്ടാകും.അപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സമൂഹത്തിന് ടെന്‍ഷന്‍ കുറച്ചുകൊടുക്കുന്നുണ്ടെങ്കില്‍ ഇനിയും ഇതുപോലെ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. തന്റെ സ്വതസിദ്ധമായ കോഴിക്കോടന്‍ ശൈലിയില്‍ ഇക്ക ഇതുപറയുമ്പോഴും ആ ട്രേഡ്മാര്‍ക്ക് ചിരി മേമ്പൊടിയായിട്ടുണ്ടായിരുന്നു.

തന്റെ ചെറുചിരിയില്‍പ്പോലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നുനിറച്ച മാമുക്കോയയുടെ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന തഗ് ഡയലോഗുകള്‍ക്ക് ഒക്കെ ഒരു മുപ്പതുകൊല്ലമെങ്കിലും പഴക്കമുണ്ടാകും. പക്ഷേ അക്കാലത്തെ ശുദ്ധനര്‍മ്മത്തിന്റെ മാറ്റൊട്ടും കുറഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നും ഇവ ആഘോഷിക്കപ്പെടുന്നത്. ഈ ഗംഭീരസീനുകള്‍ക്കും ഉണ്ടാകും പങ്കുവയ്ക്കാന്‍ ഒത്തിരിയേറെ രസകരമായ കഥകള്‍. പലതും പിറവിയെടുക്കുന്നത് സംവിധായകന്റെ മനസിലല്ല, മറിച്ച് മാമുക്കോയയെപ്പോലെയുള്ള അഭിനയസമ്രാട്ടുകളുടെ നാവിന്‍ തുമ്പിലാണ്. അതിനെക്കുറിച്ച് മാമുക്കോയ തന്നെ പറയുന്നു.

ചിലത് തിരക്കഥയില്‍ നിന്ന്, പലതും എല്ലാരും കയ്യീന്നിട്ടവ

അന്നൊക്കെ എല്ലാവരും കൂടിയിരുന്നാണ് സീനൊക്കെ ആലോചിക്കുന്നത്. ഞാന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കുതിരവട്ടം പപ്പു, മാള തുടങ്ങി ഒരു ടീമുതന്നെയുണ്ടായിരുന്നു. സംവിധായകന്‍ സീന്‍ വിശദീകരിച്ച് തരും. ബാക്കിയെല്ലാം ഞങ്ങള്‍ കയ്യില്‍ നിന്നും ഇട്ടങ്ങ് പറയും. വേണു നാഗവള്ളിയുടെ ഒരു ചിത്രത്തിലാണ് തകഴി കൃഷ്ണപിള്ള ചേട്ടന്റെ കൊഞ്ച് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്ന സീനുള്ളത്. അതില്‍ കൊഞ്ചല്ല ചെമ്മിന്‍ ആണ് എന്നു പറയുന്നത് വരെ മാത്രമേയുള്ളു ശരിക്കും സ്‌ക്രിപ്റ്റില്‍, ബാക്കി ഒരോളത്തിന് ഞാനങ്ങ് പറഞ്ഞതാണ്. ഡയറക്ടര്‍ പറഞ്ഞുതരുന്നതില്‍ നിന്നും ഞങ്ങളുടേതായ രീതിയില്‍ ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമെല്ലാം കഴിഞ്ഞാണ് ശരിക്കും ഇതൊക്കെ പുറത്തെത്തുന്നത്. പേരുകളൊക്കെ ആ സമയം വായില്‍ വരുന്നതാണ്.

ഓപ്പറേറ്റര്‍, ജബ്ബാര്‍, നായര്‍ അല്ല നമ്പൂതിരി

ജബ്ബാര്‍ എന്ന ഓപ്പറേറ്റര്‍ ഉണ്ടായത് അങ്ങനെയാണെന്നും മാമുക്കോയ പറയുന്നു. ഇന്നസെന്റ് എന്താ നിന്റെ പേര് എന്നു ചോദിക്കുമ്പോള്‍ ജബ്ബാര്‍ എന്നു പറയുന്ന ഒരു കിടിലന്‍ സീനില്‍ നായരാണോ എന്ന ചോദ്യത്തിന് അല്ല നമ്പൂതിരിയാ, അവര്‍ക്കാണല്ലോ ജബ്ബാര്‍ എന്ന പേരുള്ളത് എന്നു പറയുന്നുണ്ട്. അത് ഞങ്ങള്‍ രണ്ടുപേരും കൂടി പറഞ്ഞുവന്നപ്പോള്‍ അങ്ങനെയായിതീര്‍ന്നതാണ്. ചിലപ്പോഴൊക്കെ ഇത്തരം ഹാസ്യസീനുകള്‍ക്ക് തിരക്കഥ പോലുമുണ്ടാകില്ല. സന്ദര്‍ഭം മാത്രം വിവരിച്ചുതരും.പിന്നെയെല്ലാം ഞങ്ങള്‍ ആ സന്ദര്‍ഭത്തിന് ഒപ്പിച്ച് പറയുന്നതാണ്. അതൊക്കെ ഭയങ്കര രസമുള്ളതും ശരിക്കും എഞ്ചോയ് ചെയ്ത കാര്യങ്ങളുമായിരുന്നുവെന്ന് മാമുക്കോയ.

ഏതായാലും ഈ കൊറോണക്കാലത്ത് ടെന്‍ഷന് ഒരല്‍പ്പമെങ്കിലും കുറവുണ്ടാക്കാന്‍ ഈ കോമഡികള്‍ക്ക് ആയിട്ടുണ്ടെന്നാണ് പലരുടേയും അഭിപ്രായം. തന്നെ വിളിയ്ക്കുന്നവരൊക്കെ പറയുന്നത് ഇന്നും നിങ്ങളുടെ കാലഘട്ടത്തിലെ ഹാസ്യമൊക്കെ തന്നെയാണ് മലയാളസിനിമയുടെ എക്കാലത്തേയും മികച്ചവ എന്നും എന്നെന്നും ഓര്‍ത്ത് ചിരിക്കാനും ഏത് തലമുറയിലുള്ളവരെയും ചിരിപ്പിക്കാനും ഇവയ്ക്കൊക്കെ കഴിയുന്നുണ്ടെന്നുമാണെന്ന് മാമുക്കോയ പറയുമ്പോള്‍ അത് പച്ചപരമാര്‍ത്ഥമാണെന്ന് അടിവരയിട്ടു സമ്മതിക്കുകയാണീ പുത്തന്‍ ട്രെന്‍ഡ്.

logo
The Cue
www.thecue.in