മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനിമുതല്‍ രണ്ട് ദിവസം അവധി. ജീവനക്കാര്‍ 5 ദിവസം ജോലിയെടുത്താല്‍ മതി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. രണ്ട് അവധി നല്‍കുന്ന സാഹചര്യത്തില്‍ ഓരോ ദിവസത്തെയും ജോലി സമയം 45 മിനിട്ട് വര്‍ധിപ്പിക്കും. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 6.15 വരെയാകും ജോലി സമയം. ഉച്ചഭക്ഷണ ഇടവേളയടക്കമാണിത്. അതായത് 7 മണിക്കൂര്‍ 15 മിനിട്ടില്‍ നിന്ന് പ്രവൃത്തിസമയം 8 മണിക്കൂറിലേക്ക് വര്‍ധിക്കും. ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 288 പ്രവൃത്തി ദിവസങ്ങളായിരുന്നു. എന്നാല്‍ ഇത് 264 ആയി കുറയും.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 22 ലക്ഷത്തോളം വരും. അതേസമയം പൊലീസ്, അഗ്നിശമന സേന, ശുചീകരണ തൊഴിലാളികല്‍, കോളജ് അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഈ ആനുകൂല്യം ഇപ്പോള്‍ ലഭ്യമാകില്ല. പുതിയ തീരുമാനത്തോടെ വെള്ളവും വൈദ്യുതിയും ഇന്ധനവുമെല്ലാം ലാഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം കഴിയാന്‍ കൂടുതല്‍ സമയം ലഭ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, തമിഴ്‌നാട് പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി.