കുഞ്ഞിനെ ടീച്ചർക്ക് വീട്ടിലേക്കു കൊണ്ടുപോകാമോ?

ലൂസിയാന ലിറ,ലോകം ആഘോഷിക്കുന്ന ടീച്ചര്‍
കുഞ്ഞിനെ ടീച്ചർക്ക് വീട്ടിലേക്കു കൊണ്ടുപോകാമോ?
Published on

ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കോവിഡ് സ്ഥിരീകരിക്കുന്ന ഒരമ്മ. അടിയന്തിര പ്രസവ ശസ്ത്രക്രിയക്ക് കയറുമ്പോൾ ആധി മുഴുവൻ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു. അത്രയും നേരം കൂടെ ഉണ്ടായിരുന്ന അച്ഛനും മകനും പോസിറ്റീവായിരിക്കുമെന്നു ഉറപ്പായിരുന്നു. കുഞ്ഞിനെ ആരെ ഏൽപ്പിക്കും, കർശനമായ ഷെൽട്ടർ-ഇൻ-പ്ലേസാണ്. അടുത്ത് ബന്ധുക്കൾ ആരുമില്ല. ഭർത്താവിന് ഇംഗ്ലീഷ് അറിയില്ല. പെട്ടെന്നാണ് അവർക്ക് മകന്റെ സ്‌കൂളിലെ ടീച്ചറെ ഓർമവന്നത്, വീട്ടിൽ ഇംഗ്ലീഷ് സംസാരഭാഷ അല്ലാത്ത കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർ.

എത്രയും വേഗം ആശുപത്രിയിലേക്ക് വരാമോ, എന്റെ ഭർത്താവിനെ കാണാമോ, ഞാൻ ലേബർ റൂമിലേക്ക് കയറുകയാണ്, ഇത്രമാത്രമാണവർ പറഞ്ഞത്. ഈ വർഷം സ്‌കൂളിൽ വച്ചുമാത്രം പരിചയമുള്ള കുടുംബം, എല്ലാവരും ആത്മസുരക്ഷയ്ക്കു വേണ്ടി സ്വയം തടങ്കലിൽ ആവുന്ന സമയം. ടീച്ചർ ആശുപത്രിയിൽ പാഞ്ഞെത്തി, ആറടി അകലത്തു നിന്നു ഭർത്താവിനോട് അയാളുടെ ഭാഷയിൽ സംസാരിച്ചു. കോവിഡ് ടെസ്റ്റിന് അയാളും മകനും തയ്യാറെടുക്കുകയിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള ആശങ്ക അയാളെ മൂടി നിന്നു. അയാൾ ചോദിച്ചു, "കുഞ്ഞിനെ ടീച്ചർക്ക് വീട്ടിലേക്കു കൊണ്ടുപോകാമോ?", ഇത് ലേബർ റൂമിനകത്തു നിന്നുമുള്ള ആ അമ്മയുടെ ചോദ്യമായിരുന്നു.

ടീച്ചർ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛന്റെയും മകന്റെയും ടെസ്റ്റ് റിസൽട്ട് വന്നു, അവർ പോസിറ്റീവായി. പ്രസവശേഷം 23 ദിവസം അമ്മയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വന്നു. അച്ഛനും മകനും വീട്ടിൽ ക്വാറന്റീനിലായി. ഈ ദിവസങ്ങളിലെല്ലാം കുഞ്ഞിനെ ടീച്ചർ സംരക്ഷിച്ചു. ഏറെക്കുറെ അപരിചിതരായ ഒരു കുടുംബത്തിന് അവരുടെ കുട്ടിയുടെ ടീച്ചർ എന്നത് ഏറ്റവും വലിയ ബന്ധുത്വമായി മാറി. ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കൊണ്ടുപോകാൻ നേരം കോൺടാക്ട് നമ്പർ എഴുതുമ്പോൾ ചോദിച്ചു, "അമ്മയുടെ സഹോദരിയാണോ, ബന്ധുവാണോ, ആരാണ്?"

അവർ പറഞ്ഞു, "ഞാനൊരു ടീച്ചറാണ്"

ഈ ആഴ്ച ടീച്ചേഴ്സ് അപ്രീസിയേഷൻ വീക്കാണ്, സ്‌കൂൾ ഉണ്ടായിരുന്നെങ്കിൽ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ആഴ്ച. കണക്ടികട്ടിൽ നിന്നുള്ള ലൂസിയാന ലിറ എന്ന ടീച്ചറെ ഇപ്പോൾ ലോകം ആഘോഷിക്കുന്നു, യൂണിസെഫ് ടീച്ചറെ കുറിച്ചു പോസ്റ്റ് ചെയ്യുന്നു, ആശംസകളും, അഭിനന്ദനങ്ങളും നിറയുന്നു. ക്ലാസ് മുറികൾക്കുമപ്പുറത്തേക്ക് പഠിപ്പിക്കുന്നവർ വളർന്നു വലുതാവുന്നതിന്റെ ലോകമാതൃകയായി ടീച്ചർ ഉയരുന്നു.

ആദ്യമായി ആ കുടുംബത്തിന് അവരുടെ വീട്ടിലെ പുതിയ അംഗത്തെ വീഡിയോ കോളിലൂടെ കാണിച്ചു കൊടുക്കുന്ന ലൂസിയാന ടീച്ചർ.

Related Stories

No stories found.
logo
The Cue
www.thecue.in