പ്രചരണങ്ങളോട് പുഷ്പന്റെ മറുപടി, ‘എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്തെവിടെയായാലും എന്നെ ചികിത്സിക്കാന്‍ പാര്‍ട്ടി തയ്യാറാണ്’

പ്രചരണങ്ങളോട് പുഷ്പന്റെ മറുപടി, ‘എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്തെവിടെയായാലും എന്നെ ചികിത്സിക്കാന്‍ പാര്‍ട്ടി തയ്യാറാണ്’

Published on

തന്നെ ചികിത്സിച്ചതിന്റെ മെഡിക്കല്‍ രേഖകളുമായി സഖാക്കളും പാര്‍ട്ടിയും ഇന്ത്യയിലെ പ്രധാന ആശുപത്രികളിലെല്ലാം പോയിട്ടുണ്ടെന്ന് കൂത്തുപറമ്പ് വെടിവെയ്പില്‍ ഗുരുതരമായി പരുക്കേറ്റ് 25 വര്‍ഷമായി കിടപ്പിലായ പുഷ്പന്‍. കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് മികച്ച ചികിത്സാ സൗകര്യമൊരുക്കാന്‍ സിപിഐഎം തയ്യാറായിട്ടില്ലെന്ന് നേതാക്കള്‍ വിദേശത്ത് ചികിത്സ തേടുന്ന ഘട്ടങ്ങളിലെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കാറുണ്ട്. പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയ ഘട്ടത്തിലും കോടിയേരി ബാലകൃഷ്ണന്‍ ഹൂസ്റ്റണില്‍ ചികിത്സയ്ക്കായി പോയപ്പോഴും പുഷ്പനെ പാര്‍ട്ടി വിദഗ്ധ ചികിത്സ നല്‍കാതെ വഞ്ചിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എഴുന്നേല്‍ക്കാന്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്ത് എവിടെ ആയാലും തന്നെ ചികിത്സിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് അറിയാമെന്ന് പുഷ്പന്‍ പറയുന്നു. ദേശാഭിമാനി വാരികയില്‍ ഭാനുപ്രകാശ് നടത്തിയ അഭിമുഖത്തിലാണ് പുഷ്പന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

പുഷ്പന്‍ അഭിമുഖത്തില്‍ പറയുന്നത്

'എന്നെ ചികിത്സിച്ചതിന്റെ മെഡിക്കല്‍ റെക്കോര്‍ഡുമായി ഇന്ത്യയിലെ പ്രധാന ആശുപത്രികളിലെല്ലാം സഖാക്കള്‍ പോയിട്ടുണ്ട്. എഴുനേറ്റ് നടക്കാന്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്തിലെവിടെയായാലും എന്നെ ചികിത്സിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് എനിക്കറിയാം. വെടിയേറ്റ് നട്ടെല്ല് തകര്‍ന്ന ഒരാളെ എഴുന്നേറ്റ് നടത്തിക്കാന്‍ പറ്റുന്ന ചികിത്സയൊന്നും ഇതുവരെ ലോകത്തുണ്ടായിട്ടില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ വീല്‍ചെയറുകളില്‍ കഴിയുന്ന എത്രയോ മനുഷ്യര്‍ക്ക് നടക്കാമായിരുന്നു!. പുഷ്പനെ അമേരിക്കയില്‍ ചികിത്സിക്കാന്‍ കൊണ്ടുപോയില്ല എന്നാണ് സോഷ്യല്‍ മീഡിയക്കാരുടെ പരാതി. അവരതില്‍ അത്ര വേദനിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കില്ലാത്ത വേദനയെന്തിനാണ് അവര്‍ക്ക്. ഇരുപത്തിയഞ്ച് കൊല്ലക്കാലം എന്നെ പൊന്നുപോലെ നോക്കിയ പ്രസ്ഥാനത്തിനാണോ ഇനി അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ പ്രയാസമുള്ളത്. എന്റെ കാര്യത്തില്‍ പ്രസ്ഥാനത്തിന് നേരെ ചെളിവാരിയെറിയുന്നവരോട് ഒന്നേ പറയാനുള്ളു. ഈ കട്ടിലില്‍ നിന്നും എന്നെ എഴുനേല്‍പ്പിച്ചുനടത്താന്‍ പറ്റിയ ചികിത്സയുള്ള സ്ഥലമൊന്നു പറഞ്ഞു തരൂ... അവിടെ കൊണ്ടുപോകാനും ചികിത്സിക്കാനും സിപിഐ എം എന്റെ കൂടെത്തന്നെയുണ്ട്..

സൈമണ്‍ ബ്രിട്ടോ വലിയ ഊര്‍ജമായിരുന്നുവെന്നും തലശേരിയിലെ സഹകരണാശുപത്രിയിലെ മുറിയില്‍ ബ്രിട്ടോ വന്ന് കണ്ടത് ഓര്‍ത്തെടുത്ത് പുഷ്പന്‍ പറയുന്നുണ്ട്. സൈമണ്‍ ബ്രിട്ടോയുടെയും തന്റെയും ജീവിതം ഏറെക്കുറെ സമാനമാണെന്ന് തോന്നിയിട്ടുണ്ടെന്നും പുഷ്പന്‍. ജീവിതം നീട്ടിക്കിട്ടുന്ന കാലത്തോളം പ്രസ്ഥാനത്തിനൊപ്പമുണ്ടാകുമെന്നും പുഷ്പന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇത്തരമൊരു അപകടമെങ്കില്‍ ഒരു മാസം പോലും തികച്ചു ജീവിക്കാനാകുമായിരുന്നില്ലെന്നും പുഷ്പന്‍ പറയുന്നു.

സ്വാശ്രയ വിദ്യാഭ്യാസ സമരത്തിനിടെ 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ വച്ച് പുഷ്പന് കഴുത്തിന് പിന്നില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഷുമ്‌ന നാഡിക്കാണ് ആഘാതമേറ്റത്.

ഫോട്ടോ കടപ്പാട്: ദേശാഭിമാനി വാരിക, ഭാനുപ്രകാശ്

logo
The Cue
www.thecue.in