എങ്ങിനെയാണ് ഒരു സ്ഥാപനം ഉണ്ടാവുന്നത്? അതിന്റെ പിന്നിലുള്ള ആലോചനകൾ, കൂട്ടായ്മകൾ, യാദൃശ്ചികതകൾ എന്തൊക്കെയാണ്? എന്താണ് അവയുടെ സാമ്പത്തികമാതൃക? അതിന്റെ ആശയങ്ങൾ ഉണ്ടായിവരുന്നത് എങ്ങിനെയാണ്? നടത്തിപ്പിലെ പോരായ്മകൾ, പാഠങ്ങൾ എന്തൊക്കെയാണ്? ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരവും സാമൂഹ്യനീതിയും സാമുദായിക സൗഹാർദ്ദവും മുറുകെപ്പിടിച്ചുകൊണ്ടു പ്രവർത്തിക്കാൻ എങ്ങിനെ ശ്രമിക്കാം?
ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിന്റെ മുഖ്യശില്പിയും എഴുത്തുകാരനുമായ സി ടി അബ്ദുറഹീം "ദയാപുരത്തിന്റെ കഥ" എന്ന പേരിൽ ഒരു കേന്ദ്രം ഉണ്ടാക്കിയതിന്റെ അനുഭവം എഴുതുന്നു.
അദ്ധ്യായം 1
പ്രവാസത്തില്‍ നിന്നുള്ള മടക്കം:
ഒരു കേന്ദ്രത്തിന്‍റെ മനസ്സൊരുങ്ങുന്നു
1975 ല്‍ കോട്ടക്കലില്‍ ആയുര്‍വ്വേദ ചികിത്സക്കെത്തിയ ആദ്യത്തെ അറബിയാണ് ഖത്തറിലെ പ്രമുഖ പണ്ഡിതനും മതകാര്യവകുപ്പു മേധാവിയുമായിരുന്ന ഷെയ്ഖ് അന്‍സാരി. അദ്ദേഹത്തിന്റെ കൂടെ അകമ്പടിയായി ഖത്തര്‍ പോലീസില്‍ നിന്നു അയച്ച എനിക്ക് തിരിച്ചു പോവുമ്പോഴേക്ക് ഷെയ്ഖുമായി അടുത്ത ബന്ധം ഉണ്ടായിക്കഴിഞ്ഞിരുന്നു.
1975 ഏപ്രിലില്‍ ഞാന്‍ ഭാര്യ ആസ്യയെയും മകള്‍ നബീലയെയും ദോഹയിലേക്ക് കൊണ്ട് പോയി. നഗരത്തില്‍ നിന്ന് അല്‍പം മാറി സലത്ത എന്ന സ്ഥലത്ത് ഒരു ചെറിയ വീടെടുത്താണ് താമസം. മുകളില്‍ മരക്കൊമ്പുകള്‍ പാകിയ ഒറ്റമുറിയുള്ള ചെറിയ വീട്. അതിനോട് ചേര്‍ന്ന് പ്ലൈവുഡ് കൊണ്ട് മറച്ച കുളിമുറി. ഖത്തറില്‍ അന്ന് കറന്‍റ് കട്ട് പതിവാണ്. ചൂട് അസഹ്യം. വളരെ അപൂര്‍വ്വമാണെങ്കിലും മഴ പെയ്താല്‍ വെളളം അകത്തു ഇററുവീഴുന്ന വീട്.
ഒരു വൈകുന്നേരം വീടിനു പുറത്തു നിന്ന് ഷെയ്ഖ് അന്‍സാരി എന്നെ വിളിക്കുന്നു: 'അബ്ദുറഹീം'. ആസ്യയെയും മോളെയും ഞാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നു കേട്ട് കാണാന്‍ വന്നതാണ്. അന്ന് ഷെയ്ഖ് കാറോടിക്കും. ഒറ്റയ്ക്ക് കാറോടിച്ചാണ് വന്നത്.
അകത്തു കേറിയിരിക്കാന്‍ ഇടമില്ല. ഞാനും ആസ്യയും ഇറങ്ങിച്ചെന്നു. പോകാന്‍ നേരം ഷെയ്ഖ് ചോദിച്ചു: 'നിന്നെ കുറച്ചുകൂടി സൗകര്യമുള്ള ഒരു സ്ഥലത്തു താമസിപ്പിക്കാന്‍ എനിക്ക് ഇപ്പോൾ പ്രയാസമാണ്. നിനക്ക് നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിച്ചു കൂടേ?'
ഞാന്‍ ഒന്നും പറഞ്ഞില്ല.
'നിന്നെ എന്‍റെ കീഴില്‍ വിദ്യാഭ്യാസവകുപ്പിലേക്കു മാറ്റാം. എന്നിട്ടു നാട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സ്ഥിതി ഉണ്ടാക്കാം'.
അത് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.
' മാസം എത്ര പണം കിട്ടണം അങ്ങിനെ ആയാല്‍?'
'നാട്ടിലെ ആയിരം രൂപ കിട്ടിയാല്‍ മതി'
'അതെങ്ങിനെ മതിയാകും?'
അന്നെനിക്ക് ഖത്തര്‍ പോലീസില്‍ 3800 റിയാല്‍ ആണ് ശമ്പളം. നാട്ടിലെ 14400 രൂപ വരും. ഇത് ഷെയ്ഖിന് അറിയാം.
'എനിക്ക് എന്‍റെ നാട്ടിലെ വായു ശ്വസിക്കാലോ!'
ഷെയ്ഖ് ചിരിച്ചു.
അങ്ങിനെ അദ്ദേഹത്തിന്‍റെ കീഴില്‍ വിദ്യാഭ്യാസവിഭാഗത്തിലേക്ക് മാറ്റം കിട്ടി. ഒരു മാസത്തിനു ശേഷം നാട്ടിലേക്ക് പോകാമെന്നായി. അവിടെ കോളേജ് അധ്യാപനം നടത്തുന്ന ഒരു സ്കീമില്‍ ആറുമാസത്തില്‍ ദോഹയില്‍ ചെല്ലേണ്ട വിധമാണ് ഷെയ്ഖ് എന്നെ ചേര്‍ത്തത്.
സുഹൃത്തുക്കളോട് വിട പറയാന്‍ വലിയ വിഷമം തോന്നി. ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തിലെ ആദ്യ പ്രവാസിയായി എത്തിയ എന്‍റെ ലോകം വികസ്വരമാക്കിയതില്‍ വലിയ പങ്കു തൃശൂര്‍ജില്ലയില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നു. കച്ചവടക്കാരനായ പി പി ഹൈദര്‍ ഹാജി, അല്‍ മുഫ്താ എന്ന ഗ്രൂപ്പിന്‍റെ ജനറല്‍ മാനേജര്‍ ആയിരുന്ന പി എ അബൂബക്കര്‍ എന്നിവരാണ് അതില്‍ മുഖ്യര്‍. ഹൈദര്‍ക്കയും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ഷോപ്പിനു മുകളിൽ എനിക്കുവേണ്ടി ഒരു യാത്രയയപ്പ് സംഘടിപ്പിച്ചു. അതില്‍ ഷെയ്ഖ് പങ്കെടുത്തു.
നാട്ടില്‍ വന്നു പഠിപ്പിക്കാന്‍ ഞാന്‍ കുറ്റ്യാടി ഇസ്ലാമിയ്യ: കോളേജാണ് തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ കോളേജ് ആണത്. ഒരിക്കലും ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയിൽ അംഗമായിരുന്നില്ലെങ്കിലും സഹയാത്രികനായിരുന്നു ഞാന്‍. അപ്പോഴും സ്വന്തം നാടായ ചേന്ദമംഗല്ലൂരിലെ കോളേജ് ഞാന്‍ തിരഞ്ഞെടുക്കാതിരുന്നത് പ്രവർത്തനസൗകര്യം പ്രമാണിച്ചാണ്. അടിയന്തിരാവസ്ഥയുടെ ഭീകരാവസ്ഥയിലേക്കാണ് ഞാൻ മടങ്ങിയെത്തിയത്.
കുറ്റ്യാടി കോളേജില്‍ അധ്യാപനവൃത്തി നടത്തുമ്പോഴും എന്‍റെ മനസ്സ് പുതിയ ഒരന്വേഷണത്തിന്‍റെ വഴിയിലായിരുന്നു.
അതിനൊപ്പം അബുൽ അഅലാ മൗദൂദിയുടെ സിദ്ധാന്തങ്ങളുമായുള്ള അകലം കൂടി വന്നു. 1977 ൽ അടിയന്തിരാവസ്ഥ പിൻവലിച്ച ശേഷം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും അങ്ങിനെ മതേതര ജനാധിപത്യത്തിൽ പങ്കാളികളാവാനും ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചെങ്കിലും മൗലാനാ മൗദൂദിയുടെ ലക്ഷ്യമായ ഇസ്ലാമികരാഷ്ട്ര സംസ്ഥാപനം, ലോകജനതയെ മുസ്ലിംകളും അമുസ്ലിംകളുമായി രണ്ടായി കാണുന്ന ലോകബോധം, ഭൗതികവിദ്യാഭ്യാസത്തോടും ജോലികളോടും തിരഞ്ഞെടുപ്പിനോടും പുലർത്താൻ മൗദൂദി സാഹിബ് നിർദേശിച്ച നിഷേധഭാവം എന്നിവയെ സൈദ്ധാന്തികമായി തന്നെ നിരാകരിക്കാതെ ആത്മാർത്ഥമായി ഇങ്ങനെ ഒരു നയം എടുക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി.
എല്ലാ തരം വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന മതേതരത്വത്തിന്‍റെ ഇന്ത്യന്‍ കാഴ്ചപ്പാടിനെ പൂർണമായും അംഗീകരിക്കുകയാണ് വേണ്ടതെന്നു എനിക്ക് തോന്നിയിരുന്നു. ഇവയൊന്നും ആദ്യമൊന്നും ഞാന്‍ തുറന്നു പറഞ്ഞിരുന്നില്ല.സിദ്ധാന്തം മാറ്റി പ്രസ്ഥാനം മുന്നോട്ടു പോവുകയാണ് വേണ്ടത് എന്നതായിരുന്നു അന്നത്തെ എന്‍റെ കാഴ്ചപ്പാട്.
1978 ല്‍ ഞാന്‍ ഒരു ലേഖനം എഴുതി ഞാൻ മുമ്പ് കുറച്ചു കാലം സഹപത്രാധിപരായി ജോലി ചെയ്തിട്ടുള്ള പ്രബോധനം വാരികക്കു അയച്ചു കൊടുത്തു : 'മതേതരത്വവും ഇന്ത്യന്‍ മുസ്ലിംകളും'. ആ ലേഖനത്തിന്‍റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ച പ്രബോധനം രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു (വളരെക്കഴിഞ്ഞു അഖിലേന്ത്യാ ലീഗിന്‍റെ പ്രസിദ്ധീകരണമായ 'ലീഗ് ടൈംസ്' ആണ് പിന്നീട് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്). മതേതരത്വത്തിന്‍റെ അനുപേക്ഷണീയതക്കു വേണ്ടി വാദിച്ച ഈ ലേഖനം മൗലാനാ മൗദൂദിയുടെ ആശയങ്ങളുമായുള്ള രാഷ്ട്രീയമായ വൈരുധ്യം വ്യക്തമാക്കിക്കൊണ്ടുളളതായിരുന്നു.
ചേന്ദമംഗല്ലൂരിലെ ജമാഅത്ത് നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസം കൂടി ആയപ്പോള്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെട്ടു വന്നു. ഭൂരിഭാഗം സമയവും കുറ്റ്യാടിയില്‍ കഴിഞ്ഞു. കുടുംബത്തില്‍ പലരും അന്ന് ജമാഅത്തെ ഇസ്ലാമിക്കാരായതിനാല്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ അവരോടൊക്കെ ഞാനും ജമാഅത്ത് നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്ന് വിട്ടു നില്‍ക്കാന്‍ ഉണര്‍ത്തി.
വളരെ പതുക്കെ ഇഴഞ്ഞു നീങ്ങുന്ന കാലം. മൂന്നു ഗ്രാമങ്ങളിലേ കേരളത്തിൽ അന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് എന്തെങ്കിലും ശക്തി ഉള്ളൂ. അതിലൊന്നാണ് ചേന്ദമംഗല്ലൂർ. എല്ലാ പ്രവർത്തനവും ജമാഅത്തുകാരുടെ മേധാവിത്വത്തിൽ ആയിരുന്നു. അതിനുള്ള ഊർജവും സംഘടനാപരമായ ശേഷിയും അവിടെ അവർക്കുണ്ടായിരുന്നു താനും.
എന്നാല്‍ നാട്ടിലും ചുറ്റുമായി പുതിയ ചില സൗഹൃദങ്ങള്‍ എണ്‍പതുകളുടെ തുടക്കത്തോടെ ഉണ്ടായി വരാന്‍ തുടങ്ങിയിരുന്നു:
ചേന്ദമംഗല്ലൂരിലെ കോണ്‍ഗ്രസ്സുകാരനും പൗരപ്രമുഖനുമായ കെ പി മുഹമ്മദ് ഹാജി അടിയന്തിരാവസ്ഥക്കു ശേഷം ചേന്ദമംഗല്ലൂരിലെ ജമാഅത്തെ ഇസ്ലാമിക്കാരുമായി ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം അവരില്‍നിന്നകന്നു ഒറ്റപ്പെട്ടു നില്‍ക്കുന്ന സ്ഥിതിയുണ്ടായി. അദ്ദേഹത്തിന് എന്നോട് കൂടുതല്‍ അടുപ്പം വന്ന സന്ദര്‍ഭമാണിത്.
ചേന്ദമംഗല്ലൂരിലെ ഭൂസ്വത്തില്‍ ഒരു ഭാഗം കുടുംബവിഹിതമായി കിട്ടിയ വയലില്‍ മമ്മദ് ഹാജിയുടെ മകന്‍ വി.മരക്കാരുമായി ആരംഭിച്ച സൗഹൃദമാണ് മറ്റൊന്ന്. മരക്കാര്‍ വീക്ഷണത്തിലും ജീവിത അച്ചടക്കത്തിലും വ്യത്യസ്ത പ്രകൃതി ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്‍റെ നേര്‍ വിപരീതം. പക്ഷെ നീതിബോധവും സൗഹൃദത്തിന്‍റെ സത്തയും നന്നായി പുലര്‍ത്തുന്ന വ്യക്തിത്വം. ചേന്ദമംഗല്ലൂരില്‍ സുന്നികള്‍ ഉണ്ടാക്കിയ പള്ളിക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ആയിടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റി തറവാട് സുന്നികളായ എല്ലാവര്‍ക്കുമെന്നപോലെ മരക്കാരിനും രോഷമുണ്ടായിരുന്നു.
അതും ഞങ്ങളെ അടുപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
ചേന്ദമംഗലൂരില്‍ നിന്ന് ഇരുവഴിഞ്ഞിപ്പുഴ കടവ് കടന്നാല്‍ എത്തുന്ന അടുത്ത ഗ്രാമമാണ് കാരശ്ശേരി. അവിടത്തുകാരനായ എം എന്‍ കാരശ്ശേരി എന്ന കോളേജ് അധ്യാപകനെ എനിക്ക് നേരിയ പരിചയമുണ്ടായിരുന്നു. മുക്കത്ത് ഒരു സ്കൂളില്‍വെച്ച് നടന്ന സംവാദത്തില്‍ പരസ്പരം എതിര്‍ചേരികളിലാണ് സംസാരിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ പ്രതിപാദനം എന്നെ ആകര്‍ഷിച്ചിരുന്നു. മെഡിക്കല്‍ കോളേജിനടുത്തു വെച്ച് ഒരു ദിവസം കണ്ടപ്പോള്‍ അന്ന് എഴുതിക്കഴിഞ്ഞ പുസ്തകത്തിന്‍റെ കയ്യെഴുത്തുപ്രതി വായിച്ചുനോക്കി അഭിപ്രായം പറയാമോ എന്ന് ഞാന്‍ ചോദിച്ചു. പുസ്തകം വായിച്ച കാരശ്ശേരി ഒരു രാത്രി മുഴുവന്‍ നടന്ന ചര്‍ച്ചക്ക് ശേഷം ഇത് ഒന്നല്ല, രണ്ടു പുസ്തകമാണെന്നു പറഞ്ഞു രണ്ടായി ഭാഗിച്ചു തന്നു.
നാട്ടുകാരനും അധ്യാപകനുമായ എന്‍ കെ ഉമ്മര്‍ കോയഒരു കാലത്തു മതവിഷയങ്ങളില്‍ താല്‍പര്യമില്ലാത്ത വ്യക്തിയും കമ്മ്യൂണിസ്റ്റു അനുഭാവിയുമായിരുന്നു. അങ്ങിനെ ഉള്ളവരെ 'ഉപദേശിച്ചു നന്നാക്കുക' എന്നൊരു പണി അന്നെനിക്കുണ്ട്. അങ്ങിനെയാണ് ഉമ്മര്‍കോയയെ ആദ്യമായി ബന്ധപ്പെടുന്നത്. ജമാഅത്തുമായുള്ള അദ്ദേഹത്തിന്‍റെ അകലവും ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു. കാരശ്ശേരിയുടെ സഹപാഠി കൂടിയായ ഉമ്മര്‍കോയയും ഞങ്ങളുടെ ചങ്ങാത്തവൃത്തത്തിലേക്കു വന്നു.
അങ്ങിനെ പാര്‍ട്ടിക്കോ സംഘടനക്കോ അപ്പുറം ആലോചിക്കാന്‍ കഴിയുന്ന ഒരു ചെറിയ സുഹൃത് വലയം ചേന്ദമംഗല്ലൂരിലെ ചുറ്റുപാടുകളിലും ഖത്തറിലെപ്പോലെ രൂപപ്പെട്ടുവന്നു. എന്തുകൊണ്ട് ഒരു അനാഥശാലയും വിദ്യാഭ്യാസസ്ഥാപനവും തുടങ്ങിക്കൂടാ എന്ന് ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്‍റെ ചെറുപ്പത്തില്‍ ബാപ്പ നാട്ടിൽ നടത്തിയിരുന്ന ഏകാധ്യാപകകേന്ദ്രമായ ഓത്തുപള്ളിക്കൂടം പോലെ.
ഇങ്ങനെ ഒരു ആലോചനക്ക് പ്രേരണയായത് 1967-1970 കാലത്തു ഞാൻ പ്രബോധനത്തിൽ ജോലി ചെയ്തിരുന്ന കാലത്തു കണ്ടിരുന്ന, എന്റെ മനസ്സിൽ തങ്ങിനിന്ന ഒരുരംഗം കൂടി ആയിരുന്നു. വെള്ളിമാട്കുന്നിലെ പ്രബോധനം ഓഫീസിന്റെ വരാന്തയിലിരുന്നാണ് ഞാൻ രാവിലെ പത്രം നോക്കുക. ആ സമയത്താണ് ജെ ഡി ടി ഹോസ്റ്റലിലെ കുട്ടികളെ വരിവരിയായി പുഴയിലേക്ക് കൊണ്ടുപോവുക. അവിടുത്തെ അനാഥശാലയിലെ കുട്ടികൾ ഒരു വരിയായും മറ്റു ഹോസ്റ്റൽ കുട്ടികൾ വേറെ ഒരു വരിയായുമാണ് പോവുക. അനാഥശാലയിലെ കുട്ടികളുടെ തലയിൽ മാത്രം അവർ കിടന്നുറങ്ങിയ പായ ചുരുട്ടിഉണ്ടാവും. അത് അവർ തന്നെ കഴുകണം. മനസ്സിൽ ഒരു വേദന ആയി നിന്ന ഓർമയാണ് ആ വിവേചനം. മിക്കവാറും എല്ലാ അനാഥശാലകളിലും അന്ന് അങ്ങിനെ തന്നെ ആണ്.
അനാഥപരിപാലനമേഖലയില്‍ അനാഥശാലകള്‍ ഉണ്ടെങ്കിലും പലതും പഴയ തറവാട്ടുകാരുടെ കീഴില്‍ ആയിരുന്നു; നടത്തിപ്പും പഴയമട്ടില്‍. ഗള്‍ഫ് കൊണ്ടുവന്ന സാമ്പത്തികാഭിവൃദ്ധിയും അതിന്‍റെ രീതികളും അനാഥശാലകളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അനാഥക്കുട്ടികള്‍ക്ക് തുല്യതാബോധവും അതിനു യോജിച്ച താമസവും ഭക്ഷണവും വേഷവുംനല്‍കുന്ന ഒരു കേന്ദ്രമായിരുന്നു എന്‍റെ സങ്കല്‍പ്പം. ഈ ആലോചനയുടെ കൂടെ നില്‍ക്കാമെന്ന് കെ പി മുഹമ്മദ് ഹാജിയും മരക്കാരും ഏറ്റു.
ഇങ്ങനെ ഒരാലോചന പങ്കുവച്ചപ്പോള്‍ എം എന്‍ കാരശ്ശേരി പറഞ്ഞു: സി ടി ഉണ്ടാക്കുന്നത് 'എല്ലാ മതത്തിലുംപെട്ട അനാഥക്കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്ന ഒരു അനാഥശാലയാവണം'. മതേതരത്വത്തെക്കുറിച്ചുള്ള എന്റെ ആലോചനകൾക്കു രൂപം വച്ചുവരുന്ന സമയമാണ്. നിര്ബന്ധദാനമായ സക്കാത്ത് മതഭേദമന്യേ നൽകുകയാണ് വേണ്ടത് എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ തന്നെ പറയുന്നത് എന്ന ആലോചനയിലേക്കു ഞാനെത്തുന്നു. അത് കൊണ്ട് ഈ നിർദ്ദേശം എന്‍റെയും ചിന്തയുടെ ഭാഗമായിരുന്നു.
അക്കാലത്ത് (1983) കേരളത്തിൽ അനാഥപരിപാലനം സമൂഹഉത്തരവാദിത്വമായിട്ടില്ല, അതതു സമുദായങ്ങളുടെ ചാരിറ്റിയായി മാത്രം കാണുന്ന രീതിയാണ് നടന്നിരുന്നത്. ഇതിന്റെ ഇടയിൽ മതഭേദമില്ലാത്ത അനാഥശാല എന്ന സങ്കൽപം ഒരു സംഘടനയുടെയും പിൻബലമില്ലാത്ത ചില വ്യക്തികളുടെ നേതൃത്വത്തിൽ തുടങ്ങിയാൽ അതെങ്ങിനെ സ്വീകരിക്കപ്പെടും?
മുപ്പത്തിയെട്ടു വർഷം മുമ്പാണെന്നു ഓർക്കണം. അറബികൾ സംഭാവനപോലും നൽകാതെ പദ്ധതി തന്നെ നടക്കാതെ പോയാലോ? ഈ ആശങ്കകൾ യാഥാർഥ്യബോധത്തോടെ ചിന്തിച്ചാൽ ഉണ്ടാവുമല്ലോ. എങ്കിലും എല്ലാ മതത്തിലുംപെട്ട അനാഥരെ പ്രവേശിപ്പിക്കുക എന്ന ആശയവുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചു.
കാലത്തിന്‍റെ ആവശ്യമനുസരിച്ച് അനാഥശാല നടത്തി സാമ്പത്തികമായി തകര്‍ന്നുപോയ മൊയ്തീന്‍കോയ ഹാജിയെ അനുസ്മരിച്ചുകൊണ്ട് അങ്ങിനെ ഒരു അനുഭവം ഭാവിയില്‍ സി ടി യുടെ കുട്ടികള്‍ക്ക് ഉണ്ടാവരുത് എന്നുകൂടി അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നു.
കോളേജിലെ അധ്യാപകജോലിയില്‍ നിന്ന് ആദ്യം ലീവ് എടുത്തു, സ്വന്തമായി ഒരു ചെറിയ സ്ഥാപനം തുടങ്ങാന്‍ ഉള്ള ആലോചന കുറ്റ്യാടി കോളേജിലെ പ്രിന്‍സിപ്പല്‍ വി അബ്ദുല്ല ഉമരിയോട് പറഞ്ഞു. വ്യക്തിപരമായി സാധ്യമായ സഹായം ചെയ്തുതരാമെന്നു അദ്ദേഹം വാക്കുതന്നു. 'അതാണ് സി ടി യെപ്പോലുള്ള ഒരാള്‍ക്ക് നല്ലത്' എന്നായിരുന്നു കുറ്റ്യാടിക്കാരനും എനിക്ക് ആത്മബന്ധമുളള ഗുണകാംക്ഷിയും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന ടി കെ അബ്ദുല്ല സാഹിബിന്‍റെ അഭിപ്രായം.
പ്രാദേശികവും ആശയപരവുമായ പ്രശ്നങ്ങള്‍ നിലനില്‍ക്കെത്തന്നെ പ്രസ്ഥാനത്തില്‍ അറിയാവുന്നവരുമായി സഹവര്‍ത്തിത്വത്തിന്‍റെ രീതി നിലനിര്‍ത്താനാവും എന്ന് തന്നെയായിരുന്നു എന്‍റെ വിചാരം. അത് വരെ കേട്ടിട്ടില്ലാത്ത മട്ടില്‍ എല്ലാ മതത്തിലുംപെട്ട കുട്ടികള്‍ക്കുള്ള അനാഥശാല എന്ന ആശയം മുസ്ലിം വിഭാഗങ്ങളില്‍ നിന്നും സ്വീകാര്യത കിട്ടാവുന്നതാണെന്ന് അന്നു പ്രതീക്ഷിക്കാന്‍ പറ്റുമായിരുന്നില്ല.
ഇങ്ങനെ ഒരു കേന്ദ്രത്തെപ്പറ്റി മറ്റു സുഹൃത്തുക്കളോടും സംസാരിച്ചു. കേട്ടപ്പോള്‍ അവര്‍ക്കും ആവേശമായി. പുതുതായി പരിചയപ്പെട്ട പി പി കോയ എന്ന ബിസിനസ്സുകാരനായ സുഹൃത്ത് ഇംഗ്ലീഷ് മീഡിയം അനാഥശാല എന്ന ഒരാശയം മുന്നോട്ടു വെച്ചു. കാരശ്ശേരി അടക്കമുള്ളവര്‍ക്ക് അക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും അനാഥകുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ സമ്പന്നരുടെ മക്കള്‍ക്കൊപ്പം പൂര്‍ണ്ണമായും തുല്യാവസരവും വസ്ത്രവും ഭക്ഷണവും താമസസൗകര്യങ്ങളും അനുഭവിച്ചു വളരുന്ന ഒരു സമ്പ്രദായത്തിന് വലിയ ഒരു സന്ദേശം നല്കാനുണ്ട് എന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടു. അനാഥശാലകളുടെ രീതി മാറ്റുന്നതിന് ശ്രമിക്കുന്നതിനൊപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ സാമൂഹികമായ ഉള്ളടക്കം തന്നെ മാറ്റാനും ഇതുപകരിക്കാം എന്നതായിരുന്നു എന്റെ പ്രതീക്ഷ.
ഹൈദര്‍ ഹാജി പരിചയപ്പെടുത്തിയ സുഹൃത്ത് എം.വി കുഞ്ഞുമുഹമ്മദ് ഹാജിയും ഈ സംഘത്തില്‍ അംഗമായി.
സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹമുള്ള, പ്രത്യേകിച്ച് ഒരു സാമൂഹിക അംഗീകാരം പോലും അന്നില്ലാത്ത നാല്പതും മുപ്പതും വയസ്സുള്ള, മതപഠനം, സാഹിത്യം, പ്രവാസം, കച്ചവടം, പ്രാദേശികസാമൂഹിക പ്രവർത്തനം, കൃഷി തുടങ്ങി പല മേഖലകളിൽ ഉള്ള ആളുകളുടെ ഒരുമിച്ചുള്ള വരവായിരുന്നു ദയാപുരത്തിന്റെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ മൂലധനം. ഏതു സ്ഥാപനത്തിനും അത് തന്നെ ആയിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. വൈദഗ്ദ്യം, അറിവ്, അദ്ധ്വാനം, ബന്ധങ്ങൾ, പണം, ഭാവന, ഇതൊന്നുമില്ലെങ്കിൽ പ്രാർത്ഥന കൊണ്ടെങ്കിലും ഒപ്പം നിൽക്കാനുള്ള മനസ്സ്- അങ്ങിനെ എന്തും ഒരു സ്ഥാപനത്തിന് ഒരേ വിലയുള്ള മൂലധനമാണ്. അത് തിരിച്ചറിയുക സുപ്രധാനമാണ് എന്നതാണ് എന്റെ ജീവിതത്തിലെ ഒരു പാഠം.
ഗള്‍ഫിലെ അറബികള്‍ കേരളത്തിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നന്നായി സംഭാവന കൊടുക്കുന്ന കാലം. നാട്ടിലെ പാരമ്പര്യമുതലാളിമാരെ ആശ്രയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല.
സമ്പത്തുള്ളവർക്ക് കാരുണ്യപ്രകടനത്തിന്റെ വേദിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണാന്‍ ഇടയാകുന്നത് വലിയ ദോഷങ്ങൾക്കിടയാക്കും എന്ന തോന്നലാണ് കാരണം. അതുകൊണ്ടുതന്നെ സഹായത്തിന് ആദ്യം അറബികളെ സമീപിക്കാം എന്ന് വിചാരിച്ചു. പുതിയ രീതികൾ പരീക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മക്കു പുതിയ സാമ്പത്തിക സാധ്യതകൾ പരീക്ഷിക്കേണ്ടത് ഉണ്ടായിരുന്നു താനും.
പിതൃസമാനനായ ഷെയ്ഖ് അന്‍സാരിയുടെ മനസ്സ് കൂടെ ഉണ്ടാവുക എനിക്ക് പ്രധാനമായിരുന്നു. അതോടൊപ്പം ഷെയ്ഖ്
അന്‍സാരിയെപ്പോലെ അറബ് ലോകം ആദരിക്കുന്ന മനുഷ്യസ്നേഹിയായ പണ്ഡിതന്‍റെ പേരില്‍ തുടങ്ങാന്‍ കഴിഞ്ഞാല്‍ അതിനു മറ്റു അറബികളുടെ പിന്തുണ കിട്ടും. ദരിദ്രരെ സഹായിക്കുന്നതിലും അനാഥരെ സേവിക്കുന്നതിലും ഏറെ തല്‍പരനായിരുന്ന ഷെയ്ഖിനെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു കേന്ദ്രം തുടങ്ങേണ്ടത് എന്നെനിക്കു ഉറപ്പുണ്ടായിരുന്നു. ഷെയ്ഖിന്‍റെ പേര് എന്നും നിലനില്‍ക്കുന്നവിധം ഒരു ചെറിയ കേന്ദ്രം എന്‍റെ നാട്ടില്‍ ഉണ്ടാക്കുമെന്ന് ഖത്തര്‍ വിടും മുമ്പ് തന്നെ ഞാന്‍ എന്‍റെ സഹപാഠിയായ അദ്ദേഹത്തിന്‍റെ മകന്‍ അബ്ദുല്‍ അസീസിനോട് പറഞ്ഞിരുന്നുവെങ്കിലും അന്നത് എന്താവുമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.
ഇത്തരം ഒരു പദ്ധതിക്ക് മുന്നില്‍ നില്‍ക്കണമെങ്കില്‍ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യന് എന്തൊക്കെ ആലോചിക്കേണ്ടി വരും?അതിനു വാത്സല്യം മാത്രം മതിയോ?
സമ്മതത്തിനായി ഞാന്‍ ദോഹയിലേക്ക് വിമാനമാര്‍ഗം പുറപ്പെട്ടു. പി. പി ഹൈദര്‍ ഹാജിയെയും പി. എ അബൂബക്കറിനെയും കൂട്ടി ഷെയ്ഖിനെ അദ്ദേഹത്തിന്‍റെ മജ്ലിസില്‍ ചെന്നു കണ്ടു.
എല്ലാം വിസ്തരിച്ചു കേട്ട ശൈഖിന് ഇങ്ങനെ ഒരു കേന്ദ്രത്തിന്‍റെ ആവശ്യകത ബോധ്യപ്പെട്ടു. എന്നാല്‍ അത് തന്‍റെ പേരില്‍വേണ്ട എന്ന് അദ്ദേഹം ശഠിച്ചു. അദ്ദേഹത്തെ സമ്മതിപ്പിക്കാന്‍ ഏറെ ശ്രമിക്കേണ്ടി വന്നു. അവസാനം അദ്ദേഹം പറഞ്ഞു: 'ഇന്ന് രാത്രി ഉറങ്ങുംമുമ്പ് ഇസ്തിഖാറത്ത് നമസ്കാരം (തീരുമാനം എടുക്കാന്‍ പ്രയാസം വരുമ്പോള്‍ ഉറങ്ങും മുമ്പ് പ്രത്യേക പ്രാര്‍ത്ഥന നടത്തി കാലത്തെഴുന്നേല്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന അഭിപ്രായം പറയുന്ന രീതി) നിര്‍വ്വഹിച്ച് കാലത്ത് അറിയിക്കാം'. ആശങ്കയോടെ ഉറങ്ങി എഴുന്നേററ ഞങ്ങളെ രാവിലെ വിളിച്ചു അദ്ദേഹം പറഞ്ഞു: 'തവക്കല്‍ അലള്ളാഹ് '(ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുക)!
ആ അനുവാദപ്രകാരമാണ് ദയാപുരത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഉണ്ടാക്കാൻ പോവുന്ന അനാഥശാലക്കു "അൻസാരി അനാഥശാല" എന്ന് പേര് വന്നതും.
(തുടരും)