‘5 രൂപയ്ക്ക് കാപ്പി ലഭിക്കുമ്പോള്‍ 25 രൂപയ്ക്ക് വിറ്റുപോകുമോ’; ഒരു കാപ്പിയില്‍ ഒരുപാട് കാര്യങ്ങളുമായി സിസിഡിയെ വളര്‍ത്തിയ സിദ്ധാര്‍ഥ
‘ഇന്ത്യ അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ പവറായി മാറിയാല്‍ ലോകത്തെ എല്ലാ പ്രധാനപ്പെട്ട തെരുവുകളിലും പത്തോ ഇരുപതോ ഇന്ത്യന്‍ ബ്രാന്‍ഡുകളുണ്ടാവും, അതിലൊന്നായിരിക്കണം ഞങ്ങളുടേത്’. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘കഫേ കോഫി ഡേ’യുടെ സ്ഥാപകനായ വി ജി സിദ്ധാര്‍ഥ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. അത് അസാധ്യമാണെന്ന് ആരും കരുതിയിട്ടുണ്ടാവില്ല കാരണം ഇന്ത്യയിലെ ഓരോ തെരുവുകളിലും ‘സിസിഡി’ എന്ന പുതുതലമുറയുടെ ഹാങ്ങ് ഔട്ട് സ്ഥാപിച്ച് വിജയം കൈവരിച്ചയാളായിരുന്നു സിദ്ധാര്‍ഥ.
കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവില്‍ വര്‍ഷങ്ങളായി കാപ്പിത്തോട്ടങ്ങള്‍ ഉള്ള കുടുംബത്തിലായിരുന്നു വി ജി സിദ്ധാര്‍ഥയുടെ ജനനം. മംഗലാപുരത്തെ കോളേജ് പഠനത്തിന് ശേഷം സ്‌റ്റോക്ക് മാര്‍ക്കറ്റിലാണ് സിദ്ധാര്‍ഥ കരിയര്‍ തുടങ്ങുന്നത്. 1983ല്‍ 24-ാം വയസ്സില്‍ മുംബൈയില്‍ ‘ജെഎം ഫൈനാന്‍ഷ്യല്‍ ലിമിറ്റഡ്’ എന്ന കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനി ആയി ജോലിയ്ക്ക് കയറി. രണ്ട് വര്‍ഷത്തിന് ശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തിയ സിദ്ധാര്‍ഥയ്ക്ക് ഇഷ്ടപ്പെട്ട ബിസിനസ് ചെയ്യുവാന്‍ അച്ഛന്‍ പണം നല്‍കി. ശിവന്‍ സെക്യുരിറ്റീസ് എന്ന കമ്പനിക്കൊപ്പം 30000 രൂപയ്ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റ് കാര്‍ഡ് വാങ്ങിയതായിരുന്നു ആദ്യ ബിസിനസ് അരങ്ങേറ്റം.
തുടക്കത്തില്‍ കോഫി ബിസിനസ് ചെയ്യാന്‍ താത്പര്യമില്ലാതിരുന്നയാളാണ് സിദ്ധാര്‍ഥ. പക്ഷേ കുടുംബപരമായി ചെറുപ്പം മുതലേ കാപ്പിത്തോട്ടങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ ആഗോളതലത്തിലേക്കാള്‍ വളരെ കുറവാണ് ഇന്ത്യയിലെ കാപ്പിക്കര്‍ഷകര്‍ക്ക് ലഭിക്കുന്നത് എന്ന തിരിച്ചറിവാണ് സിദ്ധാര്‍ഥയെ കാപ്പിയിലേക്ക് തന്നെ തിരിച്ചു വിട്ടത്. കോഫി ബോര്‍ഡ് വഴിയുള്ള വിപണനം കാരണമായിരുന്നു കര്‍ഷകര്‍ക്ക് കുറഞ്ഞ തുക ലഭിച്ചിരുന്നത്. 1985ല്‍ മുഴുവന്‍ സമയ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍വസ്റ്ററായ സിദ്ധാര്‍ഥ കോഫി ബോര്‍ഡിലൂടെയുള്ള വിപണന രീതി മാറുമെന്നും മാര്‍ക്കറ്റ് എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുമെന്നും നേരത്തെ തന്നെ കരുതിയിരുന്നു. അത് മുന്‍കൂട്ടി കണ്ട് തന്നെ പതിനായിരത്തോളം ഏക്കര്‍ കാപ്പിത്തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി. റീട്ടയില്‍ ബിസിനസിനെക്കുറിച്ച് ചിന്തിക്കാതെ ആയിരുന്നു ഇത്. 1993ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനെ ചെന്ന് കണ്ട സിദ്ധാര്‍ഥയും കാപ്പിക്കര്‍ഷകരുടെ അസോസിയേഷന്‍ നേതാക്കളും മാര്‍ക്കറ്റ് വിപണനത്തിനായി ഓപ്പണ്‍ ചെയ്യേണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നേരത്തെ വന്നില്ലായെന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. ആ ദിവസമാണ് ‘കോഫി ഡേ’ ജനിച്ചത് എന്ന് സിദ്ധാര്‍ഥ പിന്നീട് പറഞ്ഞിരുന്നു.
1993ല്‍ ‘അമാല്‍ഗമേറ്റഡ് ബീന്‍ കോഫി ട്രേഡിങ്ങ് കമ്പനി’ രൂപീകരിച്ചു, കാപ്പിക്കുരു കയറ്റുമതിയായിരുന്നു ലക്ഷ്യം. ഉദാരവത്ക്കരണത്തിന് പിന്നാലെ രണ്ട് വര്‍ഷം കൊണ്ട് തന്നെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാപ്പിക്കുരു കയറ്റുമതി നടത്തുന്ന കമ്പനിയായി അത് മാറി. എന്നാല്‍ ആ വിജയം ആഘോഷിക്കുന്നതിന് പകരം വെറും രണ്ട് വര്‍ഷം കൊണ്ട് തങ്ങള്‍ക്കിത് സാധ്യമായെങ്കില്‍ വിദേശ കമ്പനികള്‍ വന്ന് തങ്ങളെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് സിദ്ധാര്‍ഥ കണക്കുകൂട്ടിയത്. റീട്ടയില്‍ ബിസിനസിലേക്ക് തിരഞ്ഞതും അപ്പോഴാണ്.
അഞ്ചു രൂപയ്ക്ക് കാപ്പി വില്‍ക്കുന്നവര്‍ക്കിടയിലാണ് 25 രൂപയ്ക്ക് കാപ്പി വില്‍ക്കാനുള്ള ആശയം സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. കൂടെയുണ്ടായിരുന്നവരെല്ലാം അത് വിജയം കാണില്ലെന്നായിരുന്നു ഉറപ്പിച്ചു പറഞ്ഞത്. പിന്നീട് സിംഗപ്പൂരില്‍ പോയപ്പോള്‍ അവിടെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ ആളുകള്‍ ബീയര്‍ കുടിച്ചുകൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് കണ്ടതായിരുന്നു അടുത്ത വഴിത്തിരിവ്. ഒരു ഇന്റര്‍നെറ്റ് കഫേ ആരംഭിക്കാമെന്നായിരുന്നു അടുത്ത ആശയം, അതിനൊപ്പം കോഫി വില്‍പ്പനയും. ആളുകള്‍ കോഫി കുടിച്ചില്ലെങ്കിലും അങ്ങോട്ട് വരുമെന്ന് അദ്ദേഹം വിചാരിച്ചു. ഒന്നരക്കോടി മുതല്‍മുടക്കിലായിരുന്നു ആദ്യത്തെ ഷോപ്പ് ആരംഭിച്ചത്. 1996ല്‍ സോഫ്‌റ്റ്വെയര്‍ കമ്പനികളല്ലാതെ 64കെവി ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്ന ആദ്യത്തെ സ്ഥാപനവുമായിരുന്നു അത്.ബാംഗ്ലൂരിലെ ആദ്യ കഫേ കോഫി ഡേയില്‍ ഒരു കോഫിയും ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സര്‍ഫിങ്ങും 100 രൂപയ്ക്കായിരുന്നു നല്‍കിയിരുന്നത്. ഒന്നരക്കോടി നഷ്ടപ്പെട്ടാലും പിന്നോട്ട് പോകില്ലെന്ന് തീരുമാനിച്ചായിരുന്നു സംരംഭം. സ്റ്റാര്‍ബക്ക് കള്‍ച്ചര്‍ ഇന്ത്യയിലേക്ക് പറിച്ചു നട്ട, ചായ കുടിച്ചുകൊണ്ടിരുന്ന ഇന്ത്യയെ കാപ്പി കുടിപ്പിക്കാന്‍ ശീലിപ്പിച്ച സിസിഡിയുടെ തുടക്കം അവിടെയായിരുന്നു.
വളര്‍ച്ചയില്‍ ബിസിനസില്‍ വലിയ രീതിയിലുള്ള എതിരാളികള്‍ രംഗത്തെത്തി. പിന്നീട് എതിരാളികളുടെ ഷോപ്പുകള്‍ക്ക് തൊട്ടടുത്ത് തന്നെ പുതിയ ഷോപ്പുകള്‍ ആരംഭിക്കുക എന്നതായി സിസിഡിയുടെ രീതി. കോഫി ഡേ ഗ്ലോബല്‍ എന്ന കമ്പനിക്ക് കീഴിലുള്ള സിസിഡിയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ചെയിന്‍ നെറ്റ്‌വര്‍ക്ക്. 1700 കഫേകളും 480000 വെന്‍ഡിങ്ങ് മെഷീനുകളും, 532 ബൂത്തുകളും 403 കോഫി വില്‍പ്പന ഔട്ടലെറ്റുകളും സിസിഡിക്ക് ഉണ്ട്. 4264 കോടിയോളമാണ് കോഫി ഡേ എന്റര്‍പ്രൈസിന്റെ വാര്‍ഷിക വില്‍പ്പന 4264 കോടിയിലധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1200 ഏക്കര്‍ കാപ്പി തോട്ടങ്ങളും സിദ്ധാര്‍ഥയുടെ ഉടമസ്ഥതയിലുണ്ട്. 2015ലെ ഫോര്‍ബ്‌സ് പട്ടികയില്‍ 8200 കോടിയായിരുന്നു സിദ്ധാര്‍ഥിന്റെ ആസ്തി. ഇന്ത്യ കൂടാതെ ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, മലേഷ്യ, ഈജിപ്ത്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും സിസിഡിയുണ്ട്.ആഗോള കമ്പനിയായ കൊക്കൊക്കോള കോഫീ ഡേയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. സിസിഡിയെ കൂടാതെ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ടായ സെറായ് , സികാഡ എന്നിവയും സിദ്ധാര്‍ഥ ആരംഭിച്ചു.
2000ത്തില്‍ ഗ്ലോബല്‍ ടെക്ക്‌നോളജി വെഞ്ച്വേര്‍സ് എന്ന കമ്പനി സ്ഥാപിച്ചു. സാങ്കേതിക വിദ്യയില്‍ പുതിയ മാറ്റങ്ങള്‍ കണ്ടെത്തുന്ന ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപമായിരുന്നു ലക്ഷ്യം. ജിടിവി, മൈന്‍ഡ് ട്രീ, ലിക്വിഡ് ക്രിസ്റ്റല്‍,വെയ്2വെല്‍ത്ത്, ഇട്ടിയാം തുടങ്ങിയ കമ്പനികളുടെ നേതൃസ്ഥാനത്തും സിദ്ധാര്‍ഥയുണ്ട്. മൈന്‍ഡ് ട്രീയിലെ തന്റെയും സിസിഡിയുടെയും 20 ശതമാനം ഷെയറുകള്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയ്ക്ക് സിദ്ധാര്‍ഥ വില്‍പ്പന നടത്തിയത് 3210 കോടിയ്ക്കായിരുന്നു. 2002-2003ല്‍ എക്കണോമിക് ടൈംസിന്റെ മികച്ച സംരഭകനുള്ള പുരസ്‌കാരവും അദ്ദേഹം നേടി. 2017ലാണ് നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥ വിവാദത്തിലാകുന്നത്. ആദായ നികുതി വകുപ്പ് സിസിഡിയുടെ ഇരുപതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി.തിങ്കളാഴ്ച വൈകീട്ടാണ് വി ജി സിദ്ധാര്‍ഥയെ മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയില്‍ കാണാതായത്. കാറില്‍ നിന്നിറങ്ങി നേത്രാവതി പുഴയുടെ പാലത്തിനടുത്തേക്ക് പോയ സിദ്ധാര്‍ഥ് ഒരു മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ലെന്ന് ഡ്രൈവറാണ് ബന്ധുക്കളെ അറിയിച്ചത്.
ബുധനാഴ്ച രാവിലെ 6 മണിയോടെ മൃതദേഹം മംഗളൂരു ബോളാര്‍ ഹെയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍ കണ്ടെത്തുകയും ചെയ്തു. കഫേ കോഫി ഡേ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെയും കോഫി ഡേ കുടുംബത്തെയും അഭിസംബോധന ചെയ്തുള്ള സിദ്ധാര്‍ഥയുടെ കത്ത് കണ്ടെത്തിയിട്ടുണ്ട്. 37 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നേരിട്ട് 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതിന് പുറമെ ടെക്നോളജി കമ്പനിയില്‍ 20,000 തൊഴിലവസരങ്ങളും ഉണ്ടാക്കി. എന്നാല്‍ കമ്പനിയെ ലാഭത്തിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നാണ് കത്ത്.