ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ യുഹിബ് ബുക്സ് പബ്ലിഷിംഗ് ഹൗസിലെ ഒരു ചുമരില്‍ നിറഞ്ഞുനില്‍ക്കുന്നത് ഗസയില്‍ ജീവന്‍ നഷ്ടമായവരുടെ പേരുകള്‍. "പൂർത്തിയാകാത്ത കഥകള്‍ " എന്ന തലക്കെട്ടിലാണ് ഗസയില്‍ കൊല്ലപ്പെട്ടവർക്ക് യുഎഇയിലെ പ്രാദേശിക പുസ്തക പ്രസാധകർ ആദരാജ്ഞലികള്‍ അർപ്പിക്കുന്നത്. കറുത്ത ചുമരില്‍ വെളുത്ത അക്ഷരങ്ങളിലാണ് പേരുകള്‍ കുറിച്ചിട്ടിരിക്കുന്നത്. പുസ്തകമേളയ്ക്കെത്തുന്നവരെല്ലാം ബോർഡ് കണ്ട് കൗതുകത്തോടെ സ്റ്റാളിലെത്തുകയും ആദരാജ്ഞലികളർപ്പിച്ച് നൊമ്പരത്തോടെ മടങ്ങുകയും ചെയ്യുന്നു.
സ്റ്റാളുണ്ടാക്കുന്ന സമയത്ത് ഔദ്യോഗികമായി ലഭ്യമായ 6000 പേരുടെ പേരുകളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുളളതെന്ന് യുഹിബ് ബുക്സ് പങ്കാളിയായ മെഹനാസ് അൻഷ പറഞ്ഞു. അറബിയില്‍ ലഭിച്ച പേരുകള്‍ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയായിരുന്നു. ഒരു കുടുംബത്തില്‍ നിന്നുളള 88 പേരുകള്‍ ഉണ്ടായിരുന്നുവെന്നുളളത് ഏറെ വേദനിപ്പിച്ചു. കുടുംബ പേരുകള്‍ ഒരുപോലെ കണ്ടതില്‍ നിന്നാണ് ഇത് മനസിലായത്. കുഞ്ഞുകുട്ടികള്‍ മുതല്‍ 70 വയസുവരെയുളളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. യുദ്ധത്തിന്‍റെ അനന്തരഫലങ്ങളെന്താണ് ഓർമ്മപ്പെടുത്തുകയാണ് ഈ പേരുകളെന്നും ഇനിയൊരു യുദ്ധമുണ്ടാകരുതെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയാണിതെന്നും അവർ പറഞ്ഞു.
ഷാർജ പുസ്തകമേളയിലെ ഹാള്‍ നമ്പർ 6 ല്‍ എല്‍ 17 ലാണ് യുഹിബ് ബുക്സ് സ്റ്റാളുളളത്. നിരവധി പേരാണ് പേരുകള്‍ക്ക് പിന്നലെ കാര്യമറിയാന്‍ സ്റ്റാളിലെത്തുന്നത്. ഗസയില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാജ്ഞലിയർപ്പിക്കുകയാണ് എത്തുന്നവരെല്ലാം. യുഹിബ് ബുക്സ് എന്നതിന്‍റെ അർത്ഥം പുസ്തകത്തെ ഇഷ്ടപ്പെടുന്നുവെന്നാണ്. സാദിയ അന്‍വർ,മെഹ്‌നാസ് അൻഷാ, ഷബ്‌ന ഇബ്രാഹിം എന്നീ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ ചേർന്നാണ് യുഹിബ് ബുക്സ് എന്ന സ്വതന്ത്ര പ്രസിദ്ധീകരണ സ്ഥാപനം സ്ഥാപിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത് രണ്ടാം തവണയാണ് യുഹിബ് ബുക്സ്പങ്കെടുക്കുന്നത്.