ആറുമാസത്തെ ബഹിരാകാശ ദൗത്യവുമായി ഇന്‍റർനാഷണല്‍ സ്പേസ് സെന്‍ററിലുളള സുല്‍ത്താന്‍ അല്‍ നെയാദിയുമായി സംവദിക്കാന്‍ അവസരമൊരുക്കുന്ന എ കാള്‍ ഫ്രം സ്പേസിന്‍റെ അബുദബി എഡിഷനില്‍ യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാനും നെയാദിയുടെ പിതാവ് സെയ്ഫ് അല്‍ നെയാദിയും പങ്കെടുത്തു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും ലവ്റേ അബുദബിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും സംവാദത്തില്‍ പങ്കെടുത്തു.
വരുന്ന തലമുറയ്ക്ക് ഒരു വഴിവിളക്കാകും സുല്‍ത്താന്‍ അല്‍ നെയാദിയുടെ നേട്ടങ്ങളെന്ന് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ പറഞ്ഞു. മകന്‍ കൈവരിച്ച നേട്ടങ്ങളില്‍ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു സെയ്ഫ് അല്‍ നെയാദിയുടെ പ്രതികരണം. സുല്‍ത്താന്‍റെ ബഹിരാകാശ യാത്ര യുഎഇയിലെ ബഹിരാകാശ മേഖലയുടെ വളർച്ചയില്‍ നിർണായക ചുവടുവയ്പാണെന്ന് എംബിആർഎസ് സി ചെയർമാന്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു. എ കോൾ ഫ്രം സ്‌പേസി’ന്‍റെ വേദിയായി ലൂവ്രെ അബുദാബിയെ തിരഞ്ഞെടുത്തത് ഒരു ബഹുമതിയാണെന്ന് ലൂവ്രെ അബുദാബി ഡയറക്ടർ മാനുവൽ റബാറ്റെ പറഞ്ഞു.
അസാധ്യമായത് ഒന്നുമില്ലെന്നതിന്‍റെ തെളിവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അറബ് സാന്നിദ്ധ്യമെന്ന് സുല്‍ത്താന്‍ പറഞ്ഞു. ലൂവ്രെ അബുദാബിയിൽ നടന്ന പരിപാടിയിൽ 300 പേരാണ് പങ്കെടുത്തത്. ദൗത്യത്തെകുറിച്ചുളള ചോദ്യങ്ങള്‍ക്ക് നെയാദി മറുപടി പറഞ്ഞു. ആറ് മാസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ നെയാദി ആഗസ്റ്റ് 31 ന് ഭൂമിയിലേക്ക് മടങ്ങും.