യുഎഇ യുടെ സംസ്കാരവും ചരിത്രവും ഒരൊറ്റ ക്യാൻവാസിലൊരുക്കിയിരിക്കുകയാണ് ചിത്രകാരിയായ സീമാ സുരേഷ്. ലുലു സിലിക്കണ്‍ ഓയാസീസ് സെന്‍ട്രല്‍ മാളിലാണ് ചിത്രം പ്രദർശിപ്പിച്ചിട്ടുളളത്. പതിനാറര അടി നീളവും ഏഴ് അടി ഉയരവുമുള്ള വമ്പൻ ക്യാൻവാസിൽ തനി കേരള ചുമർച്ചിത്ര ശൈലിയില്‍ ആറുമാസമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽംഹെരിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിലാണ് ചിത്രം അനാച്ഛാദനം ചെയ്തത്.യുഎഇയുടെ ദേശീയ ദിനമായ ഡിസംബർ രണ്ട് വരെ ചിത്ര പ്രദർശനമുണ്ടാകും. കേരള മ്യൂറൽ ശൈലിയിൽ യുഎഇ-യുടെ ചരിത്രവും സംസ്കാരവും ഇത്രയും വലിയ ക്യാൻവാസിൽ അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് സീമാ സുരേഷ് പറഞ്ഞു.
യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, നിലവിലെ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ ഭരണ കർത്താക്കളും, ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ, അബുദബി ഗ്രാന്‍റ് മോസ്ക്, ഫെരാറി വേൾഡ്, ദുബായ് ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം, പാം ജുമൈറ, അറ്റ്ലാന്‍റിസ് തുടങ്ങിയ അത്ഭുതങ്ങളും മിറക്കിൾ ഗാർഡൻ പോലുള്ള വിസ്മയങ്ങളും യുഎഇയുടെ ദേശീയ മൃഗമായ അറേബ്യൻ ഒറിക്സും ദേശീയ പക്ഷിയായ പ്രാപ്പിടിയനും ചിത്രത്തില്‍ കാണാം. കടലിൽ മീൻപിടിച്ച്, അടിത്തട്ടിൽ നിന്നും മുത്തും പവിഴവും വാരി ജീവിച്ച ഒരു ജനതയെയും ചിത്രത്തിൽ കാണാം. ഏകദേശം 1350 മണിക്കൂറെടുത്താണ് ചിത്രം പൂർത്തീകരിച്ചത്. അതായത് ഒരു ദിവസം ശരാശരി ഏഴു മണിക്കൂർ ചിത്ര രചനയ്ക്കായി സീമ മാറ്റിവച്ചു. ഒറ്റയ്ക്കൊരു വനിത ഇത്രയും വലിയ ചിത്രം പൂർത്തിയാക്കുന്നതും അപൂർവ്വമാണ്.
മുപ്പത്തിരണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ കഴിയുന്ന യുഎഇ-യോടുള്ള ആദരം കൂടിയാണ് ഈ ചിത്രമെന്ന് സീമ പറഞ്ഞു. വർഷങ്ങൾ മനസ്സിൽ കൊണ്ടു നടന്ന മോഹം. വലിയ ചിത്രമായതിനാൽ യാത്രാവിമാനത്തിൽ കേരളത്തിൽ നിന്നും കൊണ്ടു വരാൻ കഴിഞ്ഞില്ല. ചരക്കു വിമാനത്തിലാണ് ചിത്രം കൊണ്ടുവന്നത്. അൻപത്തിരണ്ടാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗ്രേറ്റർ നേഷൻ- ബിഗ്ർ ക്യാൻവാസ് പ്രദർശിപ്പിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സീമ പറഞ്ഞു. ഗുരുവായൂരിലെ ചിത്രകലാ വിദ്യാലയത്തിൽ വനിതകൾക്ക് പ്രവേശനമില്ലാത്തതിനാൽ മാഹിയിൽ പോയാണ് ചുമർച്ചിത്രകല പഠിച്ചത്. ഇരുപത് വർഷത്തിലധികമായി കേരളത്തിൽ ചിത്രകലാ രംഗത്തും അധ്യാപന രംഗത്തും സജീവമാണ്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ദുബായിലുമായി ഇരുപതോളം ചിത്ര പ്രദർശനങ്ങൾ നടത്തി. ഇപ്പോള്‍ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്നു. വനിതകൾക്കായി ഷീ സ്ട്രോക്സ്, കുട്ടികൾക്കായി ലിറ്റിൽ സ്ട്രോക്സ്, ചിത്രകാരന്മാർക്കായി ഹീ സ്ട്രോക്സ് തുടങ്ങിയ ഓൺലൈൻ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. സീമയുടെ ചിത്രപ്രദർശനങ്ങളിൽ നടൻ മമ്മൂട്ടി, മന്ത്രി വീണ ജോർജ്ജ്, അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി കെ കെ ശൈലജ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, നടി ലെന, മാലാ പാർവ്വതി തുടങ്ങി നിരവധി പേർ അതിഥികളായെത്തി. അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർ സീമയുടെ ചിത്രങ്ങൾ വാങ്ങിയിട്ടുണ്ട്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ മിസ് യൂണിവേഴ്സ് നതാലി ഗ്ലെബോവ, ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമൽ ഹാസൻ, വിജയ് സേതുപതി, ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങി നിരവധി പ്രമുഖർക്ക് ചിത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആർട് ഇൻ ആർട് എന്ന പേരിൽ ആർട് ഗ്യാലറി നടത്തുന്നു. ദുബായിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ.