യുക്രൈയ്നിലേക്ക് യുഎഇയുടെ ഭക്ഷണവും മരുന്നുമായി ഒരു വിമാനം കൂടെ പോളണ്ടിലെ വാർസോയിലേക്ക് എത്തി. 50 ടണ്‍ ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളുമാണ് യുഎഇ യുക്രൈയ്നിലേക്ക് എത്തിച്ചിരിക്കുന്നത്. മാനുഷിക മൂല്യങ്ങള്‍ മുന്‍നിർത്തി രാജ്യത്തിന്‍റെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റിലീഫ് എയർ ബ്രിഡ്ജിന്‍റെ ഭാഗമായാണ് സഹായവിമാനം യുഎഇ അയച്ചത്.
ദുരിത ബാധിതരുടെ മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുളള ശ്രമങ്ങളാണ് നടത്തുന്നതെന്ന് യുഎഇ അംബാസിഡർ അഹമ്മദ് സലിം അല്‍ കാബി പറഞ്ഞു. പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുളള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുമെന്നും സുരക്ഷയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.അഭയാർത്ഥികളെ സഹായിക്കുന്നതിനായി മെഡിക്കല്‍ ഉപകരണങ്ങളും സഹായങ്ങളും എത്തിക്കുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് മാനുഷിക എയർ ബ്രിഡ്ജ് ആരംഭിച്ചത്.