യുഎഇയില്‍ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ജീവിതച്ചെലവും കൂടി. കഴിഞ്ഞ ദിവസമാണ് ജൂലൈയിലെ ഇന്ധനവില യുഎഇ പ്രഖ്യാപിച്ചത്. ലിറ്ററില്‍ 49 ഫില്‍സിന്‍റെ വർദ്ധനവാണ് വിവിധതരത്തിലുളള പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 63 ഫില്‍സായി പുതുക്കിയ വില. അതായത് ഒരു ദിർഹത്തിന് 21 രൂപയെന്ന് വിനിമയനിരക്ക് കണക്കാക്കിയാല്‍, സൂപ്പർ 98 പെട്രോളിന് നല്‍കേണ്ടത് 97 രൂപ 23 പൈസ.
സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 52 ഫില്‍സായി. അതായത് 94 രൂപ 92 പൈസ. ഇ പ്ലസ് 91 പെട്രോളിന് 4 ദിർഹം 44 ഫില്‍സായി ഉയർന്നു. രൂപയില്‍ കണക്കാക്കിയാല്‍ 93 രൂപ 24 പൈസ. ഡീസലിനും വില ഉയർന്നു. ജൂണില്‍ 4 ദിർഹം 14 ഫില്‍സായിരുന്ന ലിറ്റർ വില ജൂലൈയില്‍ 4 ദിർഹം 76 ഫില്‍സായി.ഇതോടെ ഈ വർഷം 50 ശതമാനത്തിലേറെയാണ് യുഎഇയിലെ ഇന്ധന വിലയിലുണ്ടായ വർദ്ധനവ്.
കഴിഞ്ഞ മാസവും യുഎഇയില്‍ ഇന്ധന വില വർദ്ധിച്ചിരുന്നു. ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് അവശ്യസാധനങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നുണ്ട്. വെള്ളമുള്‍പ്പടെയുളളവയുടെ വില പല എമിറേറ്റുകളിലും വർദ്ധിപ്പിച്ചു. വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് വ്യാപാരികളും പറയുന്നത്. ഏറ്റവും ചെലവുകുറഞ്ഞ ഭക്ഷണമായ ഖുബൂസിനടക്കം കഴിഞ്ഞ മാസങ്ങളില്‍ പലയിടങ്ങളിലും വില വർദ്ധിപ്പിച്ചിരുന്നു.
അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ ദുബായിലെ ടാക്സി നിരക്കും കൂട്ടിയിരുന്നു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ കുറഞ്ഞ നിരക്ക് 12 ദിർഹമായി തുടരും. ഓരോ കിലോമീറ്റർ യാത്രയിലെയും ഇന്ധന ഉപഭോഗം കണക്കിലെടുത്താണ് നിരക്ക് നിജപ്പെടുത്തിയിരിക്കുന്നതെന്ന് ആർടിഎ വ്യക്തമാക്കുന്നു. ഓരോ കിലോമീറ്ററിലും നിരക്കില്‍ 20 ഫില്‍സിന്‍റെ വർദ്ധനവായിരിക്കും ഉണ്ടാകുക. അതിനിടെ ഹാലാ ടാക്സി നിരക്ക് കിലോമീറ്ററിന് 2 ദിർഹം 19 ഫില്‍സായതായി കരീം ടാക്സി ഒരു ഉപഭോക്താവിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഇത് 1 ദിർഹം 98 ഫില്‍സായിരുന്നു. ഊബറും നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
ജൂലൈ ആദ്യം ഇന്ധന വില വർദ്ധിപ്പിച്ചതിന് പിന്നാലെ ഷാർജയിലെ ടാക്സി നിരക്കിലും മാറ്റമുണ്ടാകുമെന്ന് ഷാർജ ട്രാന്‍സ്പോർട്ട് അതോറിറ്റിയും വ്യക്തമാക്കിയുന്നു. ഓരോ മാസത്തേയും ഇന്ധന വിലയിലുണ്ടാകുന്ന വ്യത്യാസത്തിന് അനുസരിച്ചായിരിക്കും ടാക്സി നിരക്കെന്നും ഷാർജ ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഷാർജയില്‍ 13 ദിർഹം 50 ഫില്‍സില്‍ നിന്ന് 17 ദിർഹം 50 ഫില്‍സായാണ് ടാക്സിനിരക്ക് ഉയർത്തിയത്. ടാക്സി നിരക്ക് 7 ദിർഹത്തില്‍ നിന്നായിരിക്കും ആരംഭിക്കുക. ഓരോ കിലോമീറ്ററിനും 1 ദിർഹം 62 ഫില്‍സ് ഈടാക്കും. ചുരുക്കത്തില്‍ ഉപഭോക്താവ് നല്‍കേണ്ടിവരുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 17 ദിർഹം 50 ഫില്‍സായിരിക്കും.
കൂടുന്ന ഇന്ധനവിലയെ നേരിടാന്‍ ഗതാഗതത്തിന് കാർ പൂളിംഗ് അടക്കമുളളവ തിരഞ്ഞെടുക്കുകയാണ് പലരും. സൈക്ലിളിലേക്കും ഇ സ്കൂട്ടറിലേക്കും യാത്രമാറ്റിയവരുമുണ്ട്. എന്നാല്‍ വേനല്‍ കടുത്തതിനാല്‍ ഇതിലുളള യാത്രയും പ്രയാസമായിരിക്കും. വീട്ടിലിരുന്നുളള ജോലി ഓപ്ഷനുമെടുക്കുന്നവും ഏറെ. പൊതുഗതാഗത സംവിധാനങ്ങളായ മെട്രോയിലേക്കും ബസിലേക്കും യാത്രമാറ്റിയവരും നിരവധി.
അതിനിടെ ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങളായ ബസുകളിലും മെട്രോയിലും നിരക്ക് വർദ്ധനവ് ഉണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.സാധാരണക്കാർ ഗതാഗതത്തിന് ഏറ്റവും അധികം ആശ്രയിക്കുന്ന മെട്രോ ഉള്‍പ്പടെയുളള ഗതാഗത സംവിധാനങ്ങളില്‍ നിരക്കുവർദ്ധനവുണ്ടാകില്ലെന്നുളളത് ആശ്വാസമാണ്. പക്ഷെ ഇന്ധനവില ഈ രീതിയില്‍ ഉയരുകയാണെങ്കില്‍ ആ ആശ്വാസവും താല്‍ക്കാലികമാകുമെന്നുളളതാണ് യഥാർത്ഥ്യം.