യുഎഇ രാജകുടുംബാംഗം ഷെയ്ഖ് സയീദ് അന്തരിച്ചു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സഹോദരനാണ് ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു ഷെയ്ഖ് സയീദ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഷെയ്ഖ് സയീദ് അനാരോഗ്യത്തിലൂടെ കടന്ന് പോവുകയാണെന്ന് പ്രസിഡന്‍ഷ്യല്‍ കോർട്ട് അറിയിച്ചത്. അലൈനില്‍ 1965 ലാണ് അദ്ദേഹം ജനിച്ചത്. 2010 ജൂണിലാണ് അബുദബി ഭരണാധികാരിയുടെ പ്രതിനിധിയായി അദ്ദേഹം നിയമിതനായത്. അബുദബിയിലെ ആസൂത്രണ വകുപ്പിന്‍റെ അണ്ടർസെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.അബുദബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ അംഗമായും മറൈന്‍ പോർട്ട് അതോറിറ്റിയുടെ ചെയർമാനായും ചുമതലകള്‍ നിർവ്വഹിച്ചിട്ടുണ്ട്. ഷെയ്ഖ് സയീദിന്‍റെ വിയോഗത്തില്‍ വിവിധ ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി.
യുഎഇ രാജകുടുംബാംഗവും പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഷെയ്ഖ് സയീദിന് നിത്യശാന്തി നേർന്നു.അദ്ദേഹത്തിന്‍റെ ഫോട്ടോ പങ്കുവച്ചാണ് ഷെയ്ഖ് ഹംദാന്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനും നേതൃത്വത്തിനുമായി ജീവിതം മാറ്റിവച്ച വ്യക്തിത്വമാണ് ഷെയ്ഖ് സയീദെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അന്‍വർ ഗർഗാഷ് കുറിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പതാക പകുതി താഴ്ത്തികെട്ടും.