ലൈലത്തുല്‍ ഖദ്‌റും, വെള്ളിയാഴ്ചയും ; പ്രാര്‍ത്ഥനയോടെ വിശ്വാസ സമൂഹം
ദുബായ് : റമദാനിലെ അവസാന വെള്ളിയാഴ്ച നാളെ. റമദാനിലെ 27 ാം രാവുകൂടിയാണ് നാളെ. വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദ്‌റും ഒരുമിച്ചുവന്നതോടെ പ്രാര്‍ത്ഥനാ നിര്‍ഭരമാവുകയാണ്, വിശ്വാസി സമൂഹം.റമദാനിലെ അവസാന പത്തിലെ 21,23,25,27,29 രാവുകളിലൊന്നിലായിരിക്കും ലൈലത്തുല്‍ ഖദ്ര്‍. ഈ രാത്രിയില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍, ആയിരം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാള്‍ ഉത്തമമാണെന്ന് ഖുര്‍ആന്‍ പറയുന്നു.
ആത്മീയ ചൈതന്യം നിറയുന്ന, രാപ്പകലുകളില്‍ കഠിന നിഷ്ഠയിലാണ് വിശ്വാസ സമൂഹം. വെള്ളിയാഴ്ചയും, ലൈലത്തുല്‍ ഖദ്‌റും ഒരുമിച്ചുവന്നതോടെ, പളളികളില്‍ ഖുര്‍ ആന്‍ പാരായണം ചെയ്തും പ്രാര്‍ത്ഥനകളില്‍ മുഴുകിയും വിശ്വാസികള്‍ ദിനം കഴിക്കും.
യുഎഇയില്‍ വിവിധ പളളികളില്‍ പ്രത്യേക നിശാ പ്രാര്‍ത്ഥനകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മക്കയിലും മദീനയിലും റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അബുദാബി ഗ്രാന്‍ഡ് മോസ്‌കില്‍ ഇരുപത്തേഴാം രാവിനെത്താനാഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.