യുഎഇ താമസ തൊഴില്‍ വിസകള്‍ക്കുളള നടപടിക്രമങ്ങള്‍ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാന്‍ സാധിക്കുന്ന സംയോജി പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് അധികൃതർ.സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നത് ലക്ഷ്യമിട്ടാണ് വർക്ക് ബണ്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ് ഫോമിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
നേരത്തെ 30 ദിവസമെടുത്ത് പൂർത്തിയാക്കിയിരുന്ന നടപടിക്രമങ്ങളാണ് പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ അഞ്ച് ദിവസമായി കുറയുന്നത്.എട്ട് സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ് ഫോമില്‍ സംയോജിപ്പിക്കുന്നു. ഇതോടെ വിസ അനുവദിക്കുന്നതിന് ആവശ്യമായ രേഖകളുടെ എണ്ണം 16 ല്‍ നിന്ന് അഞ്ചായി കുറഞ്ഞു.സേവനകേന്ദ്രങ്ങളില്‍ എത്തേണ്ട തവണകള്‍ ഏഴില്‍ നിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്യും. നടപടിക്രമങ്ങള്‍ 15 ല്‍ നിന്ന് അഞ്ചായി കുറഞ്ഞു. ദുബായ് ജാഫ്ലിയയിലെ ജിഡിആർഎഫ്എ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളത്തിനാണ് അധികൃതർ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം,ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്,കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി,ദുബായ് ഹെൽത്ത്,ഇക്കണോമി ആൻഡ് ടൂറിസം,ജനറൽ ഡയറക്ടറേറ്റ്. റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നീ സർക്കാർ സ്ഥാപനങ്ങളുടെയെല്ലാം നടപടിക്രമങ്ങള്‍ ഒരൊറ്റ പ്ലാറ്റ് ഫോമില്‍ ലഭ്യമാകും. തുടക്കത്തില്‍ ദുബായിലാണ് ഇത് നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. ഒരു വർഷം രണ്ടരക്കോടി ഉദ്യോഗസ്ഥ നടപടിക്രമങ്ങള്‍ കുറയ്ക്കുകയെന്നുളളതും ബ്യൂറോ ക്രസി ഇടപെടല്‍ പൂജ്യമാക്കുകയെന്നുളളതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
താമസ ജോലി വിസ നടപടിക്രമങ്ങള്‍, താമസ ജോലി വിസ പുതുക്കല്‍,റദ്ദാക്കല്‍, ആരോഗ്യപരിശോധന,തിരിച്ചറിയല്‍ രേഖയ്ക്കായി വിരലടയാളമെടുക്കല്‍ എന്നീ സേവനങ്ങളാണ് ലഭിക്കുക. രാജ്യത്തിന് പുറത്ത് നിന്ന് ജീവനക്കാരനെ ജോലിയ്ക്ക് എടുക്കുമ്പോഴുളള നടപടിക്രമങ്ങളും ജീവനക്കാരന് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുളള നടപടിക്രമങ്ങളുമെല്ലാം ഇതിലൂടെ പൂർത്തിയാക്കാനാകും.ഏകീകൃത അപേക്ഷ പൂരിപ്പിക്കുക. ജീവനക്കാരന് വർക്ക് പെർമിറ്റ് നല്‍കും. ആരോഗ്യപരിശോധന പൂർത്തിയാക്കുക,എമിറേറ്റ്സ് ഐഡി നേടുക.
വാർത്താ സമ്മേളനത്തിൽ ജി ഡി ആർ എഫ് എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ദുബായ് ഹെൽത്ത് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ: ഖലീഫ അബ്ദുൽ റഹ്മാൻ ബാഖിർ, യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം പ്രതിനിധി ഖലീൽ അൽ ഖുരി, ആക്ടിംഗ് ഡയറക്ടർ ജനറൽ ഓഫ് സപ്പോർട്ടിഗ് സർവീസസ് മേജർ ജനറൽ ഖലീഫ ബൽകൂബ അൽ ഹുമൈരി, ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിലെ അഹ്‌മദ് ഖലീഫ അൽ ഫലാസി തുടങ്ങിയവർ സംബന്ധിച്ചു.