തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്ക് താങ്ങേകി ഡോ. ഷംഷീർ വയലിൽ, 11 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്ക് താങ്ങേകി ഡോ. ഷംഷീർ വയലിൽ, 11 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു
Published on

ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയയ്ക്കും ആശ്വാസവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പിന്തുണ നൽകാനായി അഞ്ച് മില്യൺ ദിർഹം (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) ധനസഹായം ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുള്ള എമിറേറ്റ്സ് റെഡ് ക്രസന്‍റിന് അദ്ദേഹം സഹായം കൈമാറി. മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തരസഹായങ്ങൾ എത്തിക്കാൻ ആദ്യഘട്ടത്തിൽ റെഡ് ക്രസന്‍റ് സഹായം ഉപയോഗിക്കും. ഒപ്പം ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാർപ്പിക്കാനുമുള്ള പ്രവർത്തങ്ങൾക്കും തുക ഉപയോഗിക്കും.

ഭൂകമ്പം നാശം വിതച്ച മേഖലയിലേക്ക് സഹായം എത്തിക്കാനുള്ള യു എ ഇ ഭരണകൂടത്തിന്‍റെ തീരുമാനം മാനുഷികതയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവന. ഭൂകമ്പ ബാധിതർക്കും കുടുംബങ്ങൾക്കുമൊപ്പമാണ് മനസ്. ലോകമെമ്പാടുനിന്നുമുള്ള സഹായങ്ങൾ മേഖലയിലെ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ . ഷംഷീർ പറഞ്ഞു.സദുദ്ദേശ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും വ്യവസായ പ്രമുഖൻ വാറൺ ബഫറ്റും ചേർന്ന് ആരംഭിച്ച 'ദ ഗിവിങ്ങ് പ്ലെഡ്ജിന്‍റെ ഭാഗമാണ് 2018 മുതൽ ഡോ. ഷംഷീർ. കോവിഡ്- നിപ കാലത്തും പ്രളയകാലത്തുമെല്ലാം അദ്ദേഹം സഹായഹസ്തമായിരുന്നു.

ഫെബ്രുവരി ആറിന് ആയിരുന്നു ലോകത്തെ തന്നെ നടുക്കിയ ഭൂകമ്പം തുർക്കിയിലും സിറിയയിലും ഉണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 34,000 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് കുടുംബങ്ങൾക്ക് വീട് ഇല്ലാതായി. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച ഏകദേശം 23 മില്യൺ ആളുകളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്. ഭൂകമ്പത്തിൽ തകർന്ന ഇരു രാജ്യങ്ങളെയും സഹായിക്കാൻ യുഎഇയും ഇന്ത്യയും എല്ലാ വിധത്തിലുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in