ഷാർജ പുസ്തകോത്സവത്തിന്‍റെ 41 മത് പതിപ്പ് ഞായറാഴ്ച അവസാനിക്കും. പതിവുപോലെ ഇത്തവണയും ലക്ഷകണക്കിനാളുകളാണ് പുസ്തകോത്സവ വേദിയിലേക്ക് എത്തിയത്. 1982 ലാണ് പുസ്തകമേളയുടെ ആദ്യ പതിപ്പ് അരങ്ങേറിയത്. 2022 ല്‍ ഷാർജ പുസ്തകമേളയ്ക്ക് ആതിഥ്യമരുളുന്നത് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയോടെയാണ്.
കോവിഡ് സാഹചര്യത്തിലും മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് പുസ്തകമേള മുടങ്ങാതെ നടത്തി ഷാർജ ബുക്ക് അതോറിറ്റി പുതിയ മാതൃക കാണിച്ചുതന്നു. സമൂഹമാധ്യമങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അതിപ്രസരകാലത്ത് അക്ഷരങ്ങളെയും പുസ്തകങ്ങളേയും ചേർത്തുപിടിക്കുകയാണ് ഓരോ പുസ്തകോത്സവത്തിലൂടെയും യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ. പുതിയ എഴുത്തുകാരെ കണ്ടെത്താനും എഴുത്തുസൗഹൃദങ്ങള്‍ പുതുക്കാനുമുളള വേദിയാണ് ഓരോരുത്തർക്കും ഷാർജ പുസ്തകോത്സവം.
എല്ലാത്തവണത്തേയും പോലെ ഇത്തവണയും അതിഥികള്‍കൊണ്ട് സമ്പന്നമായിരുന്നു ഷാർജ പുസ്തകോത്സവം. രചയിതാക്കളുടെയും സാംസ്കാരിക രംഗത്തെ പ്രമുഖരുടെയുമൊക്കെ ചർച്ചകളിലും സംവാദങ്ങളിലുമൊക്കെ പങ്കെടുക്കാന്‍ നിരവധി പേരെത്തി.പ്രസാധക സ്ഥാപനങ്ങള്‍ക്കും വലിയ പിന്തുണയാണ് ഷാർജ ബുക്ക് അതോറിറ്റി നല്‍കുന്നത്. മലയാളത്തില്‍ നിന്ന് ഡിസി, ഒലീവ്ബുക്സ്, ലിപി തുടങ്ങി പ്രമുഖ പ്രസാധകരുടെ സജീവ പങ്കാളിത്തം ഇത്തവണയുമുണ്ടായിരുന്നു.95 രാജ്യങ്ങളില്‍ നിന്ന് 2213 പ്രസാധകരാണ് ഷാർജ പുസ്തകോത്സവത്തിലെത്തിയത്.
കുട്ടികള്‍ക്കായി വിവിധ വർക്ക് ഷോപ്പുകളും പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടന്നു. മൂന്ന് വയസുകാരില്‍ തുടങ്ങി കൗമാരക്കാർക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് വർക്ക് ഷോപ്പുകള്‍ സജ്ജമാക്കിയിട്ടുളളത്. സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന മ്യൂസിക് ക്ലാസും, കുഞ്ഞു ചിത്രകാരന്മാർക്കായി പെയിന്‍റിംഗ് ക്ലാസും തുടങ്ങി റോബോട്ടിക്സും പെർഫ്യൂം നിർമ്മാണവുമൊക്കെ കുട്ടികളെയും രസിപ്പിക്കും.