ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയിലെത്തി, ഭരണാധികാരികള്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു

ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയിലെത്തി, ഭരണാധികാരികള്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു
Published on

ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയിലെത്തിയ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദിയെ ഭരണാധികാരികള്‍ സ്വീകരിച്ചു.അബുദബി അന്താരാഷ്ട്ര വിമാനത്താവള ടെർമില്‍ എയിലാണ് സുല്‍ത്താന്‍ എത്തിയത്. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിയും എം ബി ആ‍ർ എസ് സി യിലെ ഉന്നത ഉദ്യോഗസ്ഥരും നെയാദിയെ സ്വീകരിക്കാനായി എത്തിയിരുന്നു.

രാജ്യത്തിന്‍റെ പേര് വാനോളം ഉയർത്തിയ മകന്‍ സുല്‍ത്താന്‍ അല്‍ നെയാദിയെന്നാണ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എക്സില്‍ കുറിച്ചത്. അറബ് ജനതയ്ക്ക് ആദരീണയ മാതൃകയാണ് സുല്‍ത്താന്‍. നമ്മുടെ പതാക ഇനിയും ഉയരങ്ങളില്‍ പറക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.യുഎഇയുടെ ശാസ്ത്ര പുരോഗതിയിലെ നിർണായകമായ ചുവടുവയ്പായിരുന്നു സുല്‍ത്താന്‍ അല്‍ നെയാദിയുടെ ഐഎസ്എസ് യാത്രയെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യം ഇനിയും തുടരും. മാനവികതയിലും വിശ്വാസ്യതയിലും ശാക്തീകരണത്തിലുമാണ് യുഎഇ വിശ്വാസമർപ്പിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഇരുവരും സുല്‍ത്താന്‍ അല്‍ നെയാദിയോടൊപ്പമുളള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

തുടർന്ന് മാധ്യമങ്ങളെ കണ്ട സുല്‍ത്താന്‍ അല്‍ നെയാദി ഐഎസ്എസിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഏറ്റെടുത്ത ദൗത്യത്തിന്‍റെ ആഴം ഇപ്പോള്‍ കൂടുതല്‍ തിരിച്ചറിയുന്നുവെന്ന് സുല്‍ത്താന്‍ അല്‍ നെയാദി പ്രതികരിച്ചു. വീണ്ടും ജന്മനാട്ടിലെത്തിയപ്പോള്‍, ഭരണാധികാരികളെ കണ്ടപ്പോള്‍, കുടുംബവുമായി ചേർന്നപ്പോള്‍, ഹൃദയം നന്ദിയാല്‍ വീർപ്പുമുട്ടുന്നു. ഈ നേട്ടം തന്‍റേതല്ല, രാജ്യത്തിന്‍റേതാണെന്നും സുല്‍ത്താന്‍ അല്‍ നെയാദി പറഞ്ഞു. ഐക്യത്തോടെ ദൃഢ നിശ്ചയത്തോടെ മുന്നോട്ടുപോയാല്‍ അസാധ്യമെന്ന് കരുതുന്നതെല്ലാം സാധ്യമാകുമെന്നും നെയാദി പറഞ്ഞു.

ഒരിക്കല്‍ സ്വപ്നം കണ്ട ബഹികാശത്തേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞത് യുഎഇയുടെ വലിയ നേട്ടമാണെന്ന് എംബിആർഎസ് സി ചെയർമാന്‍ ഹമദ് ഒബൈദ് അല്‍ മന്‍സൂരി പറഞ്ഞു. ഭരണാധികാരികളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ചെയർമാന്‍, ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം രാജ്യത്തിന്‍റെ കാഴ്ചപ്പാടിന്‍റേയും ശാസ്ത്ര വികസനത്തിന്‍റേയും പ്രതിബദ്ധതയുടെ തെളിവാണെന്നും വിലയിരുത്തി. സുല്‍ത്താനെ സ്വാഗതം ചെയ്യുമ്പോള്‍ രാജ്യത്തിന്‍റെ നേട്ടത്തിന്‍റെ ആഘോഷം മാത്രമല്ല, യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ നിർണായക ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു. ഐ‌എസ്‌എസിലെ സുൽത്താന്‍റെ ദൗത്യം യുഎഇയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണെന്ന് എംബിആർഎസ് സി ഡയറക്ടർ ജനറല്‍ സലെം ഹുമൈദ് അല്‍ മറിയും പ്രതികരിച്ചു.

അബുദബിയിലെ പുതിയ വിമാനത്താവള ടെർമിനല്‍ നെയാദിയുടെ വരവിനോട് അനുബന്ധിച്ച് പ്രത്യേകമായി തുറക്കുകയായിരുന്നു. ഈ വർഷം അവസാനത്തോടെ മാത്രമെ പൊതുജനങ്ങള്‍ക്കായി ടെർമിനല്‍ തുറക്കുകയുളളൂ. വിമാനത്താവളവും പരിസരവുമെല്ലാം യുഎഇ പതാകകളാല്‍ അലങ്കരിച്ചിരുന്നു. നെയാദിയുടെ മക്കളും പിതാവും കുടുംബവും വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും നെയാദിയെ സ്വീകരിക്കാനായി എത്തി. പരമ്പരാഗത വേഷമണിഞ്ഞ കുട്ടികള്‍ അറബിക് നൃത്തമോടെയാണ് നെയാദിയെ സ്വീകരിച്ചത്.

സെപ്റ്റംബർ നാലിന് രാവിലെ 8.17 നാണ് ഫ്ളോറിഡ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സുരക്ഷിതമായി ഇറങ്ങിയത്. 186 ദൗത്യം പൂർത്തിയാക്കിയായിരുന്നു നെയദിയുടെയും സംഘത്തിന്‍റെയും മടക്കം. തുടർന്ന് ഫ്ലോറിഡയില്‍ ആരോഗ്യനിരീക്ഷണത്തിന് ശേഷമാണ് സുല്‍ത്താന്‍ യുഎഇയിലേക്ക് മടങ്ങിയെത്തിയത്.ഐഎസ്എസില്‍ 200 ലധികം പരീക്ഷണങ്ങളാണ് നെയാദി നടത്തിയത്. ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നെയാദി ദീർഘകാലം ഐഎസ്എസില്‍ ചെലവഴിച്ച ആദ്യ അറബ് യാത്രികനായി.

Related Stories

No stories found.
logo
The Cue
www.thecue.in