ഷാർജ രാജ്യാന്തരപുസ്തകോത്സവത്തില്‍ എത്തിയ പുതിയ പുസ്തകങ്ങള്‍ വാങ്ങാനായി എമിറേറ്റിലെ ലൈബ്രറികള്‍ക്ക് 45 ലക്ഷം ദിർഹം ഗ്രാന്‍റ് അനുവദിച്ച് ഷാർജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റിലെ ലൈബ്രറികൾക്ക് വൈവിധ്യമാർന്ന സാഹിത്യ ഉള്ളടക്കം നൽകാനാണ് പുതിയ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. അതോടൊപ്പം തന്നെ ലോകമെമ്പാടുമുളള പ്രസിദ്ധീകരണ വ്യവസായത്തെ ശക്തിപ്പെടുത്താനും അതുവഴി പ്രസാധകരെ പിന്തുണയ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്.
പ്രസാധക വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും പൊതു, സർക്കാർ ലൈബ്രറികളെ സമ്പന്നമാക്കുന്നതിനുമുള്ള ഷാർജയുടെ നിരന്തരമായ ശ്രമങ്ങളുടെ തുടർച്ചയാണ് ഗ്രാന്‍റെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ അൽ ഖാസിമി പറഞ്ഞു. ഈ പിന്തുണ പ്രസാധകരെ തുടർന്നും വളരാനും വിപുലീകരിക്കാനും പ്രാപ്തരാക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. പുസ്തകമേളയില്‍ 108 രാജ്യങ്ങളില്‍ നിന്ന് 2033 പ്രസാധകരാണ് പങ്കെടുക്കുന്നത്. വിവിധ ഭാഷകളിലെ 15 ലക്ഷം പുസ്തകങ്ങളാണ് പുസ്തകമേളയിലെത്തിയിട്ടുളളത്. 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണുളളത്.