ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നാളെ മുതല്‍ അബുദബിയില്‍ നിരോധനം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നാളെ മുതല്‍ അബുദബിയില്‍ നിരോധനം
Published on

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് എമിറേറ്റില്‍ ഏ‍ർപ്പെടുത്തിയ നിരോധനം നാളെ ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും. അബുദബി പരിസ്ഥിതി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ചുളള തീരുമാനത്തിന് എമിറേറ്റിലെ പ്രമുഖ റീടെയ്ലില്‍ വിപണന കേന്ദ്രങ്ങളെല്ലാം പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇഎഡി ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിക്കുന്നത്.ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകള്‍,പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കത്തി,എന്നിവ ഉള്‍പ്പടെ 16 തരം ഉല്‍പന്നങ്ങള്‍ 2024 ആകുമ്പോഴേക്കും നിരോധിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നടപടി. ഇതിന്‍റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് കവറുകള്‍ പൂർണമായും നിരോധിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി ജൂട്ട് ബാഗുകളും ബയോ ഡീഗ്രേഡബിള്‍ ബാഗുകളും ന്യൂസ് പേപ്പർ ബാഗുകളും റീസൈക്ലിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന പേപ്പർ ബാഗുകളും ലഭ്യമാണ്. ഇത് കൂടാതെ പലരും തുണികൊണ്ടുളള ബാഗുകള്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്.

രാജ്യത്തുടനീളം പ്ലാസ്റ്റികിന്‍റെ ഉപയോഗം കുറയ്ക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഓരോ എമിറേറ്റിലും നടപടികള്‍ ആരംഭിക്കുന്നത്. ദുബായില്‍ ജൂലൈ മുതല്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കുമെന്ന് ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് 2 വ‍ർഷത്തിനകം പൂർണമായും നിരോധനം ഏർപ്പെടുത്തുകയെന്നുളളതിന്‍റെ ആദ്യപടിയായാണ് ഇത്.

പ്ലാസ്റ്റിക് ബാഗുകള്‍ പരിമിതപ്പെടുത്താന്‍ യൂണിയന്‍ കോപ്പ്

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ദുബായ് എക്സിക്യൂട്ടീവ് നടപ്പിലാക്കുന്ന നിർദ്ദേശങ്ങള്‍ക്ക് അനുസൃതമായി ജൂലൈമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പരിമിതപ്പെടുത്തുമെന്ന് യൂണിയന്‍ കോപ് പ്രഖ്യാപിച്ചു.

തുണികൊണ്ടുണ്ടാക്കുന്ന സഞ്ചികള്‍ ഉള്‍പ്പടെ നിരവധി പകരം ഉള്‍പന്നങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അഡ്മിന്‍ അഫയേഴ്സ് ഡയറക്ടർ മുഹമ്മദ് ബെറെഗഡ് അല്‍ ഫലാസി പറഞ്ഞു.

പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, വ്യക്തിപരവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുകയും പരിസ്ഥിതിയോട് സാമൂഹിക ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുക, നിലവിൽ ഉപയോഗിക്കുന്ന ബാഗുകൾക്ക് ബദൽ പരിഹാരങ്ങൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുക, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗവും ശേഖരണവും സംബന്ധിച്ച ഉപഭോക്തൃ സ്വഭാവം മാറ്റുകയെന്നുളളതെല്ലാം മുന്‍നിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in