ഷാർജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് സമാപനം. ഈ മാസം ആറിന് ആരംഭിച്ച പുസ്തകോത്സവം കാണാനും പുസ്തകങ്ങള്‍ വാങ്ങിക്കാനുമായി നിരവധി പേരാണ് എത്തിയത്. മലയാളത്തില്‍ നിന്നുമാത്രം അഞ്ഞൂറിലധികം പുസ്തകങ്ങളുടെ പ്രകാശനമാണ് റൈറ്റേഴ്സ് ഹാളില്‍ നടന്നത്. വാരാന്ത്യമായതുകൊണ്ടുതന്നെ ശനിയാഴ്ച പുസ്തകമേളയില്‍ സാമാന്യം തിരക്ക് അനുഭവപ്പെട്ടു. അവസാന ദിനമായതുകൊണ്ടുതന്നെ ഞായറാഴ്ചയും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
എല്ലാത്തവണത്തേയുമെന്നപോലെ കേരളത്തില്‍ നിന്ന് നിരവധി എഴുത്തുകാരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പുസ്തകമേളയ്ക്കെത്തി. കുട്ടികള്‍ക്കും മുതിർന്നവർക്കും ആസ്വദിക്കാന്‍ കഴിയുന്ന വിവിധ തരത്തിലുളള വർക്ക് ഷോപ്പുകളും പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടന്നു. പാചകത്തില്‍ താല്‍പര്യമുളളവർക്കായി നടത്തിയ കുക്കറി വർക്ക് ഷോപ്പുകളിലും നിരവധി പേർ ഭാഗമായി. 108 രാജ്യങ്ങളില്‍ നിന്നായി ഇത്തവണ 2522 പ്രസാധകരാണ് പുസ്തകോത്സവത്തിന്‍റെ ഭാഗമായത്. പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നുവെന്ന സന്ദേശമുയർത്തിയാണ് ഇത്തവണ പുസ്തകോത്സവം നടന്നത്.