ഷെയ്ഖ് ഖലീഫയുടെ വിയോഗം: ദുഖം രേഖപ്പെടുത്തി പ്രമുഖർ

ഷെയ്ഖ് ഖലീഫയുടെ വിയോഗം: ദുഖം രേഖപ്പെടുത്തി പ്രമുഖർ
Published on

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ആഴത്തിലുളള ദുഖം രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ദീർഘ വീക്ഷണമുളള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ , കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, എന്നിവരും ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യുഎഇയുടെ സമഗ്രവികസനത്തില്‍ നിർണായക പങ്ക് വഹിച്ച ഭരണാധികാരിയാണ് ഷെയ്ഖ് ഖലീഫയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ അനുസ്മരിച്ചു.

കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ, അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എന്നും ഓർമ്മിക്കപ്പെടുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓർമ്മിച്ചു.

യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി പ്രമുഖ വ്യവസായി എം എ യൂസഫലി. ആധുനിക യുഎഇയുടെ ശില്‍പിയെന്ന് പറയാവുന്ന മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. വിയോഗവാർത്ത ദുഖത്തോടെയാണ് കേട്ടത്. പ്രവാസികളോട് എന്നും സ്നേഹം പ്രകടിപ്പിച്ച, എത് നിയമം വന്നാലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും തുല്യത വേണമെന്ന് നിർബന്ധമുളള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും എം എ യൂസഫലി ഓർമ്മിച്ചു. ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിക്കുമായിരുന്നു യുഎഇ രാഷ്ട്രപതിയെന്ന് അദ്ദേഹത്തോടൊപ്പമുളള അനുഭവം പങ്കുവച്ചുകൊണ്ട് എം എ പറഞ്ഞു. വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സഹാനുഭൂതിയുടെയും മാനവികതയുടെയും പ്രതീകമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് ഡോ. ഷംഷീർ വയലിൽ അനുസ്മരിച്ചു. രാഷ്ട്രനിർമ്മാണത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനും മാന്യനായ നേതാവുമായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്‍റെ മാനവികതയുടെയും സഹിഷ്ണുതയുടെയും ദാനത്തിന്‍റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തലായിരിക്കുമെന്നും ഡോ. ഷംഷീർ വയലിൽ അനുസ്മരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in