ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിലേക്ക് സന്ദർശക പ്രവാഹം. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യാമെന്നതിലുപരി അവരുടെ ഉളളിലെ കലാവാസനകളെ പരിപോഷിക്കാനുമുളള വേദി കൂടിയാവുകയാണ് വായനോത്സവം. മിക്കവരും കുട്ടികളുമായി വന്ന് മണിക്കൂറുകളോളമാണ് ഇവിടെ ചെലവഴിക്കുന്നത്. കളിക്കാനും രസിക്കാനുമായി നിരവധി സ്റ്റാളുകളും വായനോത്സവത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ആറു വയസുകാരിയായ മകള്‍ ജന്നത്തുമൊത്താണ് അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ വായനോത്സവത്തിനെത്തിയത്. തുടർച്ചയായി അഞ്ചാം വർഷമാണ് മകളുമൊത്ത് വായനോത്സവത്തിനെത്തുന്നതെന്ന് ജാസ്മിന്‍ പറഞ്ഞു. കുട്ടികള്‍ക്കായി നിരവധി വർക്ക് ഷോപ്പുകളും പരിപാടികളുമാണ് ഒരുക്കിയിട്ടുളളത്. മലയാളി പ്രസാധകരുടെ സാന്നിദ്ധ്യം സന്തോഷം നല്‍കി. മണിക്കൂറുകളോളം വായനോത്സവത്തില്‍ ചെലവഴിക്കാനായി എത്തുന്നവരെ കണ്ടപ്പോള്‍ സന്തോഷം തോന്നി. മിക്ക കുട്ടികളും വായനോത്സവത്തില്‍ നിന്നും മടങ്ങുന്നത് കരച്ചിലോടെയാണ്. സ്റ്റാളുകളെല്ലാം അലങ്കരിച്ച് ആകർഷകമാക്കിയിട്ടുണ്ട്. വർക്ക് ഷോപ്പുകള്‍ക്കെല്ലാം കുട്ടികളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ആനിമേഷന്‍,കാർട്ടൂണ്‍ പുസ്തകങ്ങളാണ് ഇത്തവണ കൂടുതലും വാങ്ങിക്കപ്പെടുന്നത്. സൗജന്യമായി ഗെയിംസുകളില്‍ പങ്കെടുക്കാമെന്നുളളതുകൊണ്ട് കൂടുതല്‍ കുട്ടികളും അത് പ്രയോജനപ്പെടുത്തിയെന്നും ജാസ്മിന്‍ പറഞ്ഞു. ഇനിയും വായനോത്സവത്തിന് പോകണമെന്നാണ് ആറുവയസുകാരി ജന്നത്ത് പറയുന്നത്. വായനോത്സവത്തില്‍ പോയി കളിക്കണമെന്നാണ് മകള്‍ പറഞ്ഞതെന്നും ജാസ്മിന്‍ പറഞ്ഞു.
വായനോത്സവത്തിലെ സാന്നിദ്ധ്യമായി മാക്ബത്ത് പബ്ലിക്കേഷന്‍സുമുണ്ട്. സ്കൂളുകളില്‍ നിന്നും മാതാപിതാക്കളുമായും നിരവധി കുട്ടികളാണ് ഇത്തവണയുമെത്തിയതെന്ന് മാക് ബെത്തിന്‍റെ ഷഹനാസ് പറയുന്നു. വായനോത്സവത്തില്‍ പൊതുവെ മലയാളി സാന്നിദ്ധ്യം കുറവായി അനുഭവപ്പെട്ടു. എങ്കിലും നിരവധി പേരാണ് പുസ്തകങ്ങള്‍ വായിക്കാനും വാങ്ങിക്കാനുമായി എത്തിയതെന്നും ഷഹനാസ് പറയുന്നു. കുട്ടികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പാചകം,ഫാഷന്‍,സസ്റ്റൈയിനബിള്‍ ഡെവലപ്മെന്‍റ് ഉള്‍പ്പടെയുളള പരിപാടികള്‍ കുട്ടികളുടെ ഉളളിലെ അഭിരുചികള്‍ കണ്ടെത്താന്‍ സഹായകരമാകും. പരിശീലകരെ കൂടി ഉള്‍പ്പെടുത്തിയുളള പരിപാടികളായതിനാല്‍ കുട്ടികള്‍ക്ക് അത് വളരെ ഉപകാരപ്രദമാകും. വായനോത്സമെന്നാല്‍ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും മാത്രമല്ല ഒരു കുട്ടിയുടെ ഇഷ്ടമെന്താണെന്ന് തിരിച്ചറിയാനും അഭിരുചികള്‍ മനസിലാക്കാനുമുളള വേദികൂടിയായി മാറുന്നു വായനോത്സവമെന്നും ഷഹനാസ് പറയുന്നു.
കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയാനുളള ഒട്ടേറെ പരിപാടികളാണ് ഇത്തവണയും ഒരുക്കിയിട്ടുളളതെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻ കുമാർ പറഞ്ഞു. വായനയ്ക്കും മറ്റ് കലാപാരിപാടികള്‍ക്കും കൃത്യമായി ഇടം നല്‍കിയെന്നുളളതാണ് വായനോത്സവത്തില്‍ ഇത്തവണത്തെ പ്രധാന പ്രത്യേകതയായി തോന്നിയതെന്ന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനൂജ നായർ പറഞ്ഞു. മിക്ക സ്റ്റാളുകളിലും കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ ഒരുക്കിയിരുന്നു. നോട്ട്പാഡും പെന്‍സിലുമുളള സമ്മാനപൊതി തനിക്കും കിട്ടി. കുട്ടികളെ വർക്ക് ഷോപ്പുകളിലൂടെ വായനയിലേക്ക് ആകർഷിക്കുകയാണ് ഇത്തവണത്തെ വായനോത്സവം. ഭംഗിയോടെ ആകർഷകമായാണ് സ്റ്റാളുകളും എക്സ്പോ സെന്‍റർ തന്നെയും ഒരുക്കിയിട്ടുളളതെന്നും അനൂജ പറഞ്ഞു.
വായനോത്സവത്തിന്‍റെ ആദ്യദിനം മഴയായതിനാല്‍ അന്ന് കുട്ടികള്‍ കുറവായിരുന്നു. എന്നിരുന്നാലും ആവേശത്തോടെയാണ് പിന്നീട് കുട്ടികള്‍ എത്തിയതെന്ന് ആല്‍ഫ ബുക്സിന്‍റെ സുരേന്ദ്രന്‍ പറഞ്ഞു. വായനോത്സവത്തില്‍ പങ്കെടുക്കാനായി എത്തിയ കുട്ടികളില്‍ പലരും പുതുമ ഇഷ്ടപ്പെടുന്നവരാണ്. വിംപി കിഡ്സ് ഉള്‍പ്പടെയുളള സാധാരണ കൂടുതല്‍ അന്വേഷിക്കപ്പെടുന്ന പുസ്തങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ പുസ്തകങ്ങള്‍ പലരും അന്വേഷിച്ചെത്തിയെന്നുളളത് വായനാശീലം കൂടുന്നുവെന്നതിന്‍റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മെയ് 12 വരെയാണ് എക്സ്പോ സെന്‍ററില്‍ വായനോത്സവം നടക്കുന്നത്.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് വായനോത്സവം നടക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെയും വെള്ളി വൈകിട്ട് 4 മുതൽ 9 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 വരെയുമാണ് വായനോത്സവത്തിലേക്കുളള പ്രവേശനം.