ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ സമാപിക്കും. നവംബർ ഒന്നിനാണ് 42 മത് പുസ്തകോത്സവം എക്സ്പോ സെന്‍ററില്‍ ആരംഭിച്ചത്.ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തില്‍ ഷാർജ ബുക്ക് അതോറിറ്റിയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇത്തവണയും വിവിധ എമിറേറ്റുകളില്‍ നിന്ന് പുസ്തകപ്രേമികള്‍ പുസ്തകോത്സവത്തിന്‍റെ ഭാഗമായി. കുടുംബവുമായും സുഹൃത്തുക്കളുമായും പുസ്തകോത്സവത്തിനെത്തിനെത്തുന്നവരും നിരവധി. എല്ലാത്തവണയും പുസ്തകോത്സവത്തിനെത്താറുണ്ടെന്ന് ഷാർജയില്‍ നിന്നെത്തിയ ശ്രീന പറഞ്ഞു.സുഹൃത്തായ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ അധ്യാപിക ദിവ്യശ്രീക്കൊപ്പമാണ് ശ്രീന പുസ്തകോത്സവത്തിന് എത്തിയത്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്നതാണ് പുസ്തകോത്സവമെന്ന് ദിവ്യശ്രീ പറഞ്ഞു.
വായനയേയും പുസ്തകങ്ങളേയും ഇഷ്ടപ്പെടുന്നവർക്കുളള മികച്ച ഇടമാണ് പുസ്തകോത്സവമെന്ന് പാകിസ്ഥാനില്‍ നിന്നുളള ശാസ്ത്രജ്ഞയായ ഫറ പറയുന്നു. മകളുമൊത്താണ് ഫറ പുസ്തകോത്സവത്തിന് എത്തിയത്. പതിവുപോലെ ഇത്തവണയും സന്ദർശകരുടെ ഒഴുക്കാണ് അത്ഭുതപ്പെടുത്തിയതെന്ന് സാമൂഹ്യപ്രവർത്തകനായ ജോയ് തണങ്ങാടന്‍ പറഞ്ഞു. ഓരോ തവണയും എഴുത്തുകാരുടെ എണ്ണം കൂടുന്നുവെന്നുളളത് സന്തോഷമുളള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അറബ് വിദേശ പ്രസാധകരില്‍ നിന്നായി 15 ലക്ഷത്തോളം പുസ്തകങ്ങളാണ് ഇത്തവണയെത്തിയിട്ടുളളത്. പ്രസാധകവിപണിയെ സംബന്ധിച്ചിടത്തോളം ഊർജ്ജമാണ് പുസ്തകോത്സവമെന്ന് ആല്‍ഫ ബുക്സ് പ്രതിനിധി സുരേന്ദ്രന്‍ പറഞ്ഞു. പുതിയ പുസ്തകങ്ങളെ കുറിച്ച് ചോദിച്ചെത്തുന്നവരുമുണ്ട്. നമുക്കും പുസ്തകങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും അത് അവസരമാകുന്നു. കുട്ടികള്‍ കൂടുതലായും കോമിക് പുസ്തകങ്ങളാണ് ചോദിച്ചെത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
69 രാജ്യങ്ങളിൽനിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1700 ഇവന്റുകളാണ് ഇത്തവണ പുസ്തകോത്സവത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. മലയാളത്തില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് പുസ്തകോത്സവത്തില്‍ ഇത്തവണയും അതിഥികളായി എത്തിയത്.