ഷാർജ പുസ്തകോത്സവം ഇന്ന് സമാപിക്കും

ഷാർജ പുസ്തകോത്സവം ഇന്ന് സമാപിക്കും
Published on

41 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും. നവംബർ രണ്ടുമുതല്‍ എക്സ്പോ സെന്‍ററില്‍ നടക്കുന്ന പുസ്തകോത്സവത്തിലേക്ക് പതിനായിരകണക്കിന് ആളുകളാണ് എത്തിയത്. അതിഥി സമ്പന്നമായിരുന്നു പതിവുപോലെ ഇത്തവണയും പുസ്തകോത്സവം. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സിനിമാ-കായിക താരങ്ങളുമൊക്കെ ഇത്തവണത്തെ പുസ്തകോത്സവത്തില്‍ ഷാർജ ബുക്ക് അതോറിറ്റിയുടെ അതിഥികളായി എത്തി.

നവംബറെത്തുമ്പോഴേക്കും പുസ്തകോത്സവത്തിന് എത്താനുളള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് സൈകതം ബുക്സിന്‍റെ സംഗീത ജസിന്‍ പറഞ്ഞു. ഇത്തവണ കോവിഡ് സാഹചര്യങ്ങള്‍ മാറിയതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് പുസ്തകോത്സവത്തിലെത്തിയതെന്നും അവർ പറഞ്ഞു.

സംഗീത, സൈകതം ബുക്സ്
സംഗീത, സൈകതം ബുക്സ്

ഷാരൂഖ് ഖാന്‍, റസൂല്‍ പൂക്കുട്ടി,ഗീതാജ്ഞലി ശ്രീ, ദീപക് ചോപ്ര,പികോ അയ്യ‍ർ,ഉഷാ ഉതുപ്പ് തുടങ്ങിയവരും, മലയാളത്തില്‍ നിന്ന് ജയസൂര്യ, പ്രജേഷ് സെന്‍, ബാലചന്ദ്രമേനോന്‍, സുനില്‍ പി ഇളയിടം,സിവി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ജോസഫ് അന്നം കുട്ടി ജോസ് തുടങ്ങിയവരുമെത്തി. ചിത്രങ്ങളുമായെത്തിയ കോട്ടയം നസീറിന്‍റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.

വിവിധ മേഖലകളില്‍ നിന്നായി 95 രാജ്യങ്ങളില്‍ നിന്നുളള അതിഥികള്‍ ഇത്തവണ പുസ്തകോത്സവത്തിന്‍റെ ഭാഗമായി. ഇറ്റലിയായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. അറബ് മേഖലയില്‍ നിന്ന് 1298 പേരുള്‍പ്പടെ 2213 പ്രസാധകരാണ് സാന്നിദ്ധ്യമറിയിച്ചത്. എട്ട് രാജ്യങ്ങളില്‍ നിന്നുളള 22 കലാകാരന്മാർ നയിക്കുന്ന 123 സംഗീത പരിപാടികളും അരങ്ങേറി.വാക്കുകള്‍ പരക്കട്ടെയെന്നുളളതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം. വാക്കുകള്‍ക്ക് ഭാവി കെട്ടിപ്പടുക്കാനും യാഥാർത്ഥ്യങ്ങള്‍ അറിയിക്കാനും കഴിയും അതുകൊണ്ടുതന്നെ വാക്കുകളുമായി ചങ്ങാത്തം കൂടുക, അവരുമായി അടുത്തിടപഴകുക, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നല്‍കുന്ന സന്ദേശമിതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in