ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 42 മത് പതിപ്പിന് നവംബർ ഒന്നിന് തുടക്കമാകും. ഷാർജ എക്സ്പോ സെന്‍ററില്‍ 12 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ 108 രാജ്യങ്ങളില്‍ നിന്നുളള 2033 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. "ഞങ്ങള്‍ പുസ്തകങ്ങള്‍ പറയട്ടെ" എന്ന സന്ദേശത്തിലൂന്നിയാണ് ഇത്തവണ പുസ്തകോത്സവം ലോകമെങ്ങുമുളള സന്ദർശകർക്ക് സ്വാഗതമരുളുക. ദക്ഷിണ കൊറിയയാണ് അതിഥി രാജ്യം.
പുസ്തകത്തെ സ്നേഹിക്കുന്നവർക്കുളള സില്‍ക്ക് റോഡായി ഷാർജ മാറിയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിലും നാഗരികതകളുടെ പുരോഗതിയിലും അറിവിന്‍റെയും പുസ്തകങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
അതിഥി രാജ്യം ദക്ഷിണകൊറിയ
ഭൂതകാലവേരുകള്‍ സംരക്ഷിച്ച് പുരോഗതിയിലേക്ക് ചുവടുവയ്ക്കുന്ന ദക്ഷിണ കൊറിയയുടെ രീതിയും പ്രാദേശിക പൈതൃകവും സാംസ്കാരിക സർഗ്ഗാത്മകതയെ പിന്തുണയ്ക്കുന്ന ഷാർജയുടെ മൂല്യവും തികച്ചും യോജിക്കുന്നതാണെന്ന് റിപ്പബ്ലിക് ഓഫ് കൊറിയയുടെ കോൺസൽ ജനറൽ മൂണ്‍ ബൈയൂംഗ് ഈയൂന്‍ പറഞ്ഞു. 20 ലധികം എഴുത്തുകാരും കലാകാരന്മാരും പുസ്തകോത്സവത്തിന്‍റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
അതിഥിരാജ്യമായ ദക്ഷിണകൊറിയ അതിരുകളില്ലാത്ത ഭാവനയെന്ന ആശയത്തില്‍ കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 15 ഓളം വിവിധ കലാപരിപാടികള്‍ക്ക് പുറമെ 7 പാനല്‍ ചർച്ചകളും സംഗീത ശില്‍പങ്ങളും ഒരുക്കും. കുക്കറി കോർണറില്‍ 3 പാചക വിദഗ്ധർ സംബന്ധിക്കും.
"ഞങ്ങള്‍ പുസ്തകങ്ങള്‍ പറയട്ടെ"
പുസ്തകങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുളള സ്ഥലമെന്നതിലുപരി വിവിധ രാജ്യങ്ങളിലെ ആശയങ്ങളും അറിവും വൈദഗ്ധ്യവും കൈമാറാനുളള വേദികൂടിയാണ് ഓരോ പുസ്തകോത്സവവുമെന്ന് എസ് ഐ ബി എഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുളളവർക്കായാണ് ഓരോ പുസ്തകോത്സവും സംഘടിപ്പിക്കുന്നത്. എല്ലാം പുസ്തകമായും അക്ഷരമായും മാറുന്നിടമാണിതെന്നും അവർ പറഞ്ഞു.
1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും 15 ലക്ഷത്തിലധികം പുസ്തകങ്ങള്‍ പുസ്തകോത്സവത്തിലെത്തിക്കും. 800000 അറബിക് പുസ്തകങ്ങളും മറ്റ് ഭാഷകളില്‍ നിന്നായി 700000 പുസ്തകങ്ങളുമുണ്ടാകും. ഇത്തവണ ആദ്യമായി പുസ്തകോത്സവത്തിനെത്തുന്നത് 11 രാജ്യങ്ങളാണ്.
അറബ് രാജ്യങ്ങളില്‍ യുഎഇയില്‍ നിന്നും ഈജിപ്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്രസാധകരെങ്കില്‍ അന്തർദേശീയ തലത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയില്‍ നിന്നും തുർക്കിയില്‍ നിന്നുമാണ് കൂടുതല്‍ പ്രസാധകരെത്തുക.ഇന്ത്യയില്‍ നിന്ന് 120 പ്രസാധകരാണ് പങ്കെടുക്കുന്നത്. 33 രാജ്യങ്ങളില്‍ നിന്നുളളള 127 അതിഥികളുടെ 460 കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
കരീനകപൂറും മോണിക്കഹലനും
ഇന്ത്യയില്‍ നിന്ന് കരീന കപൂർ അതിഥിയായി പുസ്തകോത്സവത്തിലെത്തും. ഇന്ത്യയില്‍ നിന്ന് മോണിക്ക ഹലനും ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കും. കനേഡിയന്‍ മാധ്യമപ്രവർത്തകന്‍ മാല്‍ക്കം ഗ്ലാഡ്വെല്‍, സ്വീഡിഷ് എഴുത്തുകാരന്‍ തോമസ് എറിക്സണ്‍,നൈജീരിയന്‍ തിരക്കഥാകൃത്തും എഴുത്തുകാരനുമായ വോള്‍ സോയിന്‍ക, ബ്രീട്ടിഷ് പാകിസ്ഥാനി നോവലിസ്റ്റ് മൊഹ്സിന്‍ ഹമീദ്, അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിതാവില്ല്യംസ്, ഡച്ച് എഴുത്തുകാരന്‍ സ്വാമി പൂർണചൈതന്യയും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.
കലാചരിത്രപ്രദർശനം
യൂണിവേഴ്സിറ്റി ഓഫ് കോയിമ്പ്രയുമായി സഹകരിച്ച് കലാ ചരിത്ര പ്രദർശനവും ഇത്തവണയുണ്ടാകും. ഗൾഫിലെ പോർച്ചുഗീസ് സാന്നിധ്യത്തെക്കുറിച്ചും പതിനാറും പതിനേഴും നൂറ്റാണ്ടുകളിലുണ്ടായിരുന്ന സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചും അറിവ് പകരുന്നതായിരിക്കും പ്രദർശനം.
കൈയെഴുത്തുപ്രതികൾ, അപൂർവ ഗ്രന്ഥങ്ങൾ, ഭൂപടങ്ങൾ, സമുദ്രോപകരണങ്ങൾ എന്നിവയുൾപ്പെടെ 60 ചരിത്രവസ്തുക്കൾ ഇവിടെ പ്രദർശിപ്പിക്കും. 300 എഴുത്തുകാർ തങ്ങളുടെ പുതിയ പുസ്തകങ്ങളില്‍ കൈയ്യൊപ്പിട്ട് ആവശ്യക്കാർക്ക് നല്‍കും. .ബൂക്ക് കോർണറില്‍ 12 രാജ്യങ്ങളില്‍ നിന്നുളള എഴുത്തുകാരുടെ 300 ഓളം പുസ്തക പ്രകാശനങ്ങളും നടക്കും.
ത്രില്ലർ ഫെസ്റ്റിവല്‍, വർക്ക് ഷോപ്പുകള്‍,കുക്കറി കോർണർ
ത്രില്ലർ ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പ് നവംബർ 8 മുതല്‍ 10 വരെയാണ് നടക്കുക. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ത്രില്ലർ ഫെസ്റ്റിവലില്‍ ത്രില്ലർ,ക്രൈം വിഭാഗങ്ങളിലെ എഴുത്തുകാർ ഭാഗമാകും. 12 രാജ്യങ്ങളിൽ നിന്നുള്ള 31-ലധികം അതിഥികൾ നയിക്കുന്ന 900 വർക്ക് ഷോപ്പുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 12 ദിവസത്തെ പുസ്തകമേളയിൽ ആനിമേഷൻ, വ്യക്തിഗത കഴിവുകൾ, കരകൗശല വസ്തുക്കൾ എന്നിവയിൽ ശിൽപശാലകൾ സംഘടിപ്പിക്കും. ഇത് കൂടാതെ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ആംഗ്യഭാഷയിലുള്‍പ്പടെ വർക്ക് ഷോപ്പുകള്‍ നടത്തും. തിയേറ്റർ, നൃത്ത പ്രകടനങ്ങൾ, സംഗീത പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന 14 രാജ്യങ്ങളിലെ കലാകാരന്മാരുടെ 130 പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.ബാർകോഡ് പ്രിസൺ എന്ന സംഗീത നാടക പ്രദർശനവും, എഎല്‍ജെ സിസ്റ്റേഴ്സ് ബാന്‍ഡിന്‍റെ കുട്ടികളുടെ സംഗീത പരിപാടിയും നടക്കും. കുക്കറി കോർണറില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് ഷെഫ് സുരേഷ് പിളള ഉള്‍പ്പടെ 12 അന്താരാഷ്ട്ര പാചകക്കാരാണ് എത്തുക.
പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് ഒക്ടോബർ 29 മുതല്‍ 31 വരെയാണ് നടക്കുക. ഷാർജ പബ്ലിഷർ റെക്കഗ്നീഷ്യന്‍ പുരസ്കാര പ്രഖ്യാപനവും ഇതോടൊനുബന്ധിച്ച് നടക്കും. ഷാർജ ഇന്‍റർനാഷണല്‍ ലൈബ്രറി കോണ്‍ഫറന്‍സ് നവംബർ ഏഴുമുതല്‍ 9 വരെയാണ് നടക്കുക. ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളത്തില്‍ ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ സാലെം അല്‍ ഗെയ്ത്തി,എസ് ബി എ പബ്ലിഷേഴ്സ് സെർവ്വീസ് ഡയറക്ടർ മന്‍സൂർ അല്‍ ഹസിനി തുടങ്ങിയവരും സംബന്ധിച്ചു.