ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഓണാഘോഷം ഞായറാഴ്ച എക്സ്പോ സെന്‍ററില്‍ നടക്കും. ഡോ എം കെ മുനീർ എം എല്‍ എ, ജിഎസ് ജയലാല്‍, മജീഷ്യന്‍ ഗോപിനാഥ് മുതുക്കാട് തുടങ്ങിയവർ ഓണാഘോഷത്തില്‍ അതിഥികളായി എത്തും. മന്ത്രി അഹമ്മദ് ദേവർ കോവില്‍, ഡീന്‍ കുര്യാക്കോസ് എം പി തുടങ്ങിയവരുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ പറഞ്ഞു.
എക്സ്പോ സെന്‍ററില്‍ രാവിലെ 9.30 നാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുക. എമിറേറ്റലുടനീളം വിവിധ അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ പുഷ്പാലങ്കാര മത്സരം നടക്കും. സന്ദർശകർക്കായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 12,000ലധികം അതിഥികള്‍ക്കായൊരുക്കുന്ന സദ്യയാണ് ഓണാഘോഷത്തിന്‍റെ മറ്റൊരു സവിശേഷത. ചെണ്ടമേളം, പഞ്ചാരിമേളം, ബാന്‍ഡ് മേളം, ലൈവ് ആനകള്‍, കഥകളി, പുലികളി, തെയ്യം തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും.
ആഘോഷപരിപാടികളുടെ ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ച് ശ്രീനാഥ്, അന്‍വർ സാദത്ത്,മൃദുല വാര്യർ എന്നിവരുടെ നേതൃത്വത്തില്‍ ഗായക സംഘവും ഓർക്കസ്ട്ര ടീമും അടങ്ങുന്ന സംഗീത പരിപാടികളും അരങ്ങേറും. പ്രമുഖ നൃത്ത സംഘങ്ങളുടെ പ്രകടനങ്ങളും ഉണ്ടാകും. ഓണാഘോഷത്തിന്‍റെ ഭാഗമായുളള വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.
കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ ഇത്തരത്തില്‍ വലിയ ഓണാഘോഷപരിപാടികള്‍ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കാനുളള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു.ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം, ജന.സെക്രട്ടറി ടി.വി നസീര്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍, ജോ.ട്രഷറര്‍ ബാബു വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റിംഗങ്ങളായ കബീര്‍ ചാന്നാങ്കര, മനാഫ് മാട്ടൂല്‍, പ്രദീഷ് ചിതറ, റോയ് തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു