വായനയുടെ ഉത്സവമൊരുക്കി ഷാ‍ർജ

വായനയുടെ ഉത്സവമൊരുക്കി ഷാ‍ർജ
Published on

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച അവസാനിക്കും. നവംബർ ആറിനാണ് എക്സ്പോ സെന്‍റററില്‍ പുസ്തകോത്സവം ആരംഭിച്ചത്. മലയാളമുള്‍പ്പടെ നിരവധി പ്രസാധകരാണ് ഇത്തവണയും പുസ്തകോത്സവത്തിന്‍റെ ഭാഗമായത്. മലയാളം എഴുത്തുകാരുടെയും വായനക്കാരുടെയും സംഗമവേദിയായി ഇത്തവണയും ഹാള്‍ നമ്പർ 7.

ഇവിടെയുളള എഴുത്തുകാർക്ക് ഷാ‍ർജ പുസ്തകോത്സവത്തില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്ന് ഫാബിയാന്‍ ബുക്സിലെ ഹരി പ്രഭാകരന്‍ പറഞ്ഞു. പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുണ്ടെങ്കിലും അതിലേക്ക് കൂടുതല്‍ ശ്രദ്ധ പോകുന്നില്ല. ഇവിടെയുളള എഴുത്തുകാരുടെ പുസ്തകങ്ങളാണ് കൂടുതലും വിറ്റുപോകുന്നത്. എഴുത്തുകാരുടെ സുഹൃത്തുക്കളുള്‍പ്പടെയുളളവർ പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുന്നു. പ്രവാസി എഴുത്തുകാരെ സംബന്ധിച്ച് അത് നല്ലകാര്യവുമാണ്.പ്രവാസത്തേക്ക് വായന വളരുന്നുവെന്നത് നേട്ടമാണ്. പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നാണ് ആഗ്രഹം. പുസ്തക പ്രകാശനങ്ങള്‍ കൂടുതലാകുമ്പോള്‍ നല്ല പുസ്തകങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ടെന്നുളളതാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാകരന്‍,ഫാബിയാന്‍ ബുക്സ്
പ്രഭാകരന്‍,ഫാബിയാന്‍ ബുക്സ്

സൗഹൃദങ്ങളുടെ ആഘോഷമാണ് ഇത്തവണയും ഷാർജ പുസ്തകോത്സവമെന്ന് എഴുത്തുകാരി ഹണി ഭാസ്കർ പറഞ്ഞു. ബന്ധങ്ങള്‍ ആഘോഷിക്കപ്പെടുകയാണ് ഇവിടെ. അബുദബിയില്‍ നിന്നാണ് ഷാ‍ർജയിലേക്ക് വരുന്നത്. എന്‍റെ എഴുത്തുകള്‍ക്ക് വലിയ ഇടം തന്നത് ഷാർജ പുസ്തകോത്സവമാണെന്നും ഹണി പറഞ്ഞു. തന്‍റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിട്ടുളളത് ഷാർജ പുസ്തകോത്സവത്തിലാണ്. മികച്ച വ്യക്തികളാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതും. പ്രവാസികള്‍ക്ക് കിട്ടിയ മികച്ച വേദിയാണിതെന്നും അവർ അഭിപ്രായപ്പെട്ടു. പുസ്തകങ്ങളുടെ നിലവാരം തീരുമാനമിക്കുന്നത് വായനക്കാരാണ്. എഴുതാനുളള അവകാശം റദ്ദ് ചെയ്യാന്‍ പാടില്ല.എഴുത്തുകാർ മോശം മനുഷ്യരല്ല.കളളനും കൊലപാതകിമാവുന്നതിനേക്കാള്‍ നല്ലതല്ലേ ഒരു പുസ്തകമെഴുതുന്നതെന്നും ഹണി ചോദിച്ചു.

ഹണി ഭാസ്കർ,എഴുത്തുകാരി
ഹണി ഭാസ്കർ,എഴുത്തുകാരി

കഴി‍ഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പുസ്തകങ്ങളോടുളള താല്‍പര്യം കുറഞ്ഞതായാണ് അനുഭവപ്പെട്ടതെന്ന് ആല്‍ഫ ബുക്സിലെ സുരേന്ദ്രന്‍ പറയുന്നു. എല്ലാത്തവണയും വായന ഇഷ്ടപ്പെടുന്നവർ, കുട്ടികള്‍ ഉള്‍പ്പടെ കൂടുതലായി എത്താറുണ്ട്. എന്നാല്‍ ഇത്തവണ അത് കുറവായി അനുഭവപ്പെട്ടു. എന്നാല്‍ സ്റ്റാളുകളുടെ എണ്ണം കൂടി. കഴിഞ്ഞവർഷം ആല്‍ഫ ബുക്സിന് 5 സ്റ്റാളുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ 2 ആയി കുറഞ്ഞു. ഈ മേഖലയിലേക്ക് കൂടുതല്‍ പേർ വരുന്നുവെന്നുളളത് പ്രതീക്ഷ നല്‍കുന്നതാണ്. സമൂഹമാധ്യമങ്ങളുടെ ഉള്‍പ്പടെ സാന്നിദ്ധ്യം വായനയെയും സ്വാധീനിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.

സുരേന്ദ്രനും സുഹൃത്തുക്കളും,ആല്‍ഫ ബുക്സ്
സുരേന്ദ്രനും സുഹൃത്തുക്കളും,ആല്‍ഫ ബുക്സ്

‘പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്നതാണ് ഇത്തവണത്തെ പ്രമേയം. 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുന്നത്. മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം.പുസ്തകമേളയിലേക്കുളള പ്രവേശനം സൗജന്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in