13 മത് കുട്ടികളുടെ വായനോത്സവത്തിന് മെയ് 11 ന് ഷാർജ എക്സ്പോ സെന്‍ററില്‍ തുടക്കമാകും. ഇത്തവണയും കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന കലാവിരുന്നുകള്‍ വായനോത്സവത്തെ സമ്പന്നമാക്കും.
ഇന്ത്യയുടെ ചരിത്രം പറയുന്ന കഥകളും വായനോത്സവത്തില്‍ അരങ്ങേറും. അക്ബർ ചക്രവർത്തിയുടെയും മഹാ റാണാ പ്രതാപിന്‍റെയും കഥകളിലൂടെ യോജിപ്പിന്‍റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കും, അക്ബർ ദ ഗ്രേറ്റ്-നഹി രഹെ യെന്ന നാടകം. സെറ്റൂറ രാജ്യത്തിന്‍റെ ദീർഘകാല പാരമ്പര്യങ്ങളില്‍ നിന്ന് മാറിനടന്ന രാജാവിന്‍റെ കഥപറയും സെറ്റൂറയെന്ന നാടകം.
ബ്രിക് പീപ്പിള്‍, ദ മാജിക് ലാബ് ഷോ, ദ മിസ്റ്റിക്കല്‍ ഗാർഡന്‍, തുടങ്ങിയ കലാവിരുന്നുകളും വായനോത്സവത്തില്‍ കുട്ടികളെ രസിപ്പിക്കും. തത്സമയ പരിപാടികളായാണ് ഇവ കുട്ടികള്‍ക്ക് മുന്നിലേക്ക് എത്തുക.
ഷാർജ ബുക്ക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാർജ സുല്‍ത്താന്‍ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശത്തില്‍ അദ്ദേഹത്തിന്‍റെ പത്നി ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് വായനോത്സവം ഒരുങ്ങുന്നത്.സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം.