ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം

ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം
Published on

കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കമാകും. ഷാർജ ബുക്ക് അതോറിറ്റിയാണ് ഷാ‍ർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി വിവിധ വിനോദ പരിപാടികള്‍, വർക്ക് ഷോപ്പുകള്‍, കുക്കറി ഉള്‍പ്പടെയുളള തല്‍സമയ പരിപാടികളും വായനോത്സവത്തിന്‍റെ ഭാഗമായി നടക്കും. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് വായനോത്സവം അരങ്ങേറുന്നത്. ഷാർജ എക്സ്പോ സെന്‍റററില്‍ മൂന്നാം തിയതി മുതല്‍ 14 ആം തിയതിവരെയാണ് 14 മത് പതിപ്പ് നടക്കുക.

നിങ്ങളുടെ ബുദ്ധിയെ പരിശീലിപ്പിക്കുകയെന്നുളള ആപ്തവാക്യത്തിലൂന്നിയാണ് വായനോത്സവം കുഞ്ഞ് മനസുകളിലേക്ക് എത്തുന്നത്. പതിവുപോലെ ഇത്തണവും ആയിരക്കണക്കിന് കുരുന്നുകള്‍ വായനോത്സവത്തിന്‍റെ ഭാഗമാകും. ഉദ്ഘാടന ദിവസമായ ബുധനാഴ്ച വൈകീട്ട് നാലുമുതല്‍ എട്ടുവരെയാണ് സന്ദർശകസമയം. വെള്ളി ഒഴികെയുളള മറ്റ് ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ വായനോത്സവം കുട്ടികള്‍ക്ക് വിരുന്നൊരുക്കും. വെളളിയാഴ്ച വൈകീട്ട് നാലുമണിക്കാണ് പ്രവേശനം ആരംഭിക്കുക. 9 മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

457 അതിഥികളാണ് ഇത്തവണയെത്തുന്നത്. കലാകാരന്മാരും എഴുത്തുകാരും വിവിധ വിഷയങ്ങളിലെ വിദഗ്ധരും ഇന്‍ഫ്ലുവന്‍സേഴ്സും ഉള്‍പ്പടെയുളളവരാണ് അതിഥികളായി എത്തുന്നത്. പബ്ലിഷേഴ്സ് പവലിയന്‍, ചില്‍ഡ്രസ് ബുക്ക്സ് ഇല്ലസ്ട്രേഷന്‍ എക്സിബിഷന്‍, വർക്ക് ഷോപ്പ്സ്, കുക്കറി കോർണർ, സോഷ്യല്‍ മീഡിയ സ്റ്റേഷന്‍, കോമിക് കോർണർ എന്നിങ്ങളെ ആറ് വിഭാഗങ്ങളിലാണ് പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ കലാപരിപാടികള്‍ കുട്ടികള്‍ക്കൊപ്പം കുടുംബത്തിനും ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിട്ടുളളത്. കുട്ടികളുടെ ഏറ്റവും പുതിയ പുസ്തകങ്ങളും പതിപ്പുകളും ലഭ്യമാകും. 141 പബ്ലിഷേഴ്സാണ് വായനോത്സവത്തിലെത്തുന്നത്.

21 അറബ് രാജ്യങ്ങളിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും ഉള്‍പ്പടെ 68 അതിഥികളുടെ നേതൃത്വത്തില്‍ 21 സ്റ്റേജ് പാനല്‍ സംവാദപരിപാടിയുണ്ട്. 136 തിയറ്റർ പരിപാടികളും 16 രാജ്യങ്ങളില്‍ നിന്നുളള 16 അതിഥികള്‍ പങ്കെടുക്കുന്ന സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. മെയ് 12,13, തിയതികളില്‍ വൈകീട്ട് 7.30 ന് കുട്ടികളുടെ നാടകം എലോണ്‍ അറ്റ് ഹോം അരങ്ങേറും. മെയ് 14 ന് ആറുമണിക്കാണ് നാടകം അരങ്ങിലെത്തുക. മെയ് 7ന് വൈകിട്ട് 4 മണിക്ക് കോമഡി നാടകമായ അക്ബർ ദി ഗ്രേറ്റ് നഹി രഹേ നടക്കും., കുട്ടികളുടെ പ്രദർശനം മസാക്ക കിഡ്‌സ് ആഫ്രിക്കാനയും ഇത്തവണ കുട്ടികളെ രസിപ്പിക്കും.

9 രാജ്യങ്ങളില്‍ നിന്നുളള 12 പാചക വിദഗ്ധരുടെ നേതൃത്വത്തില്‍ 33 പാചകപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ, ന്യൂസിലന്‍റ്, പോർച്ചുഗല്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പാചകവിദഗ്ധരാണ് രുചി വൈവിധ്യവുമായി എത്തുന്നത്.കുട്ടികളെ രസിപ്പിക്കാന്‍ 323 കോമിക് പരിപാടികളുണ്ട്. ഇതില്‍ വർക്ക് ഷോപ്പുകളും പാനല്‍ ചർച്ചകളും ഉള്‍പ്പെടും. 4 രാജ്യങ്ങളില്‍ നിന്നുളള 15 കലാകാരന്മാരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ 72 പരിപാടികളാണ് സജ്ജമാക്കിയിട്ടുളളത്.

Related Stories

No stories found.
logo
The Cue
www.thecue.in