കുട്ടികളുടെ വായനോത്സവത്തിന് നാളെ ഷാർജയില്‍ തുടക്കം

കുട്ടികളുടെ വായനോത്സവത്തിന് നാളെ ഷാർജയില്‍ തുടക്കം
Published on

13 മത് കുട്ടികളുടെ വായനോത്സവത്തിന് നാളെ ഷാ‍ർജയില്‍ തുടക്കമാകും.ഷാ‍ർജ എക്സ്പോ സെന്‍ററില്‍ ഇത്തവണ 12 ദിവസമാണ് വായനോത്സവം നടക്കുക. സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്ന ആപ്തവാക്യത്തിലാണ് വായനോത്സവം ഒരുങ്ങുന്നത്. 15 രാജ്യങ്ങളില്‍ നിന്നുളള 139 ഓളം പ്രസാധകർ വായനോത്സവത്തിന്‍റെ ഭാഗമാകും.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്‍റെ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും രക്ഷാകർത്വത്തിലാണ് വായനോത്സവം നടക്കുന്നത്.കുട്ടികള്‍ക്കായി 1140 പരിപാടികളും 120 സാംസ്കാരിക പരിപാടികളും 130 കലാപരിപാടികളും ഇത്തവണ നടക്കും.

എത്തുന്നത് പ്രമുഖ എഴുത്തുകാർ

ഷാ‍ർജയിലെ കുട്ടികളുടെ വായനോത്സവത്തില്‍ 25 പ്രമുഖ എഴുത്തുകാരുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി. കുട്ടികള്‍ക്ക് ഏറെ സുപരിചിതമായ മിനിയന്‍സ് പോലുളള സിനിമകളുടെ സഹ സംവിധായകന്‍ കെയ്ൽ ബാൽഡയാണ് എത്തുന്നവരില്‍ പ്രമുഖന്‍. ഓസ്ട്രേലിയന്‍ എഴുത്തുകാരനായ കെന്‍ സ്പില്‍ മാന്‍, സെബാസ്റ്റ്യന്‍ ഡിസൂസ, കർട്ടിസ് ജോബ്ലിംഗ് എന്നിവരും വായനോത്സവത്തില്‍ സജീവ സാന്നിദ്ധ്യമാകും. കൂടാതെ വഷ്തി ഹാരിസണും, ക്ലയർ ലെഗ്രാന്‍ഡും,ചിത്ര പുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് പരിചിതനായ കോബി യമദയും വായനോത്സവത്തിനെത്തും. അറബിക് എഴുത്തുമേഖലയിലെ പ്രമുഖരും വായനോത്സവത്തിനെത്തും.

ആക‍ർഷകമാകും റോബോട്ട് സൂ

കുട്ടികളുടെ വായനോത്സവത്തില്‍ കുട്ടികള്‍ക്കായി റോബോട്ട് സൂ ഒരുങ്ങിയിട്ടുണ്ട്. എങ്ങനെയാണ് പ്രകൃതി മൃഗങ്ങളെ പ്രാപ്തരാക്കി മാറ്റുന്നതെന്നും സങ്കീർണമായ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെങ്ങനെയാണെന്നത് സംബന്ധിച്ചും കുട്ടികള്‍ക്ക് മനസിലാക്കി നല്‍കുകയെന്നുളളതാണ് റോബോ‍ട്ട് സൂവിന്‍റെ ലക്ഷ്യം.8 മൃഗ റോബോട്ടുകളും 15 ഹാന്‍ഡ് ഓണ്‍ പ്രവ‍ർത്തനങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്.

കവിത രചനാ മത്സരം

അറബ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പോയട്രി നൈറ്റ്സ് കവിതാ രചനാമത്സരവും ഇത്തവണ കുട്ടികളുടെ വായനോത്സവത്തില്‍ നടക്കും.ഒന്നാം സമ്മാനം 3000 ദിർഹവും, രണ്ടാം സമ്മാനം 2000 ദിർഹവും മൂന്നാം സമ്മാനം 1000 ദിർഹവുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in