ഷാർജ പുസ്തകോത്സവത്തില്‍ സന്ദർശക തിരക്ക്

ഷാർജ പുസ്തകോത്സവത്തില്‍ സന്ദർശക തിരക്ക്
Published on

ഷാർജ പുസ്തകോത്സവത്തില്‍ സന്ദർശകത്തിരക്ക്. നവംബർ ഒന്നിന് ആരംഭിച്ച പുസ്തകോത്സവത്തില്‍ വാരാന്ത്യ അവധി ദിനങ്ങളിലുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. സ്കൂള്‍ ദിവസങ്ങളില്‍ രാവിലെ വിവിധ സ്കൂളുകളില്‍ നിന്നുളള കുട്ടികള്‍ പുസ്തകോത്സവം സന്ദർശിക്കാനായി എത്തുന്നുണ്ട്. പ്രവൃത്തി ദിനങ്ങളില്‍ പോലും വലിയ രീതിയില്‍ ജനങ്ങളെത്തുന്നുവെന്നുളളതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സ്ടേണല്‍ അഫയഴേസ് എക്സിക്യൂട്ടീവും മലയാളിയുമായ മോഹന്‍ കുമാർ പറയുന്നു.ഷാർജ ഭരണാധികാരി നേരിട്ടെത്തി പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത്, സന്ദർശകരുമായി സംവദിക്കുകയും സ്റ്റാളുകള്‍ സന്ദർശിക്കുകയും ചെയ്യുന്ന രീതി ഇത്തവണ തിരിച്ചെത്തിയെന്നുളളതാണ് ഏറ്റവും സന്തോഷം. കോവിഡ് ഭീതിയുളളതിനാല്‍ സുരക്ഷ മുന്‍നിർത്തിയാണ് കഴിഞ്ഞ വർഷങ്ങളില്‍ ഉദ്ഘാടനചടങ്ങ് പരിമിതമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ബുക്ക് അതോറിറ്റി എക്സ്ടേണല്‍ അഫയഴേസ് എക്സിക്യൂട്ടീവ് മോഹന്‍ കുമാർ
ഷാർജ ബുക്ക് അതോറിറ്റി എക്സ്ടേണല്‍ അഫയഴേസ് എക്സിക്യൂട്ടീവ് മോഹന്‍ കുമാർ

റൈറ്റേഴ്സ് ഫോറത്തിലുള്‍പ്പടെ ആ ഉണർവ്വുണ്ട്. നിരവധി പുതിയ എഴുത്തുകാരാണ് ഓരോ പുസ്തകോത്സവത്തിലുമെത്തുന്നത്. റൈറ്റേഴ്സ് ഫോറത്തില്‍ ഇത്തവണ 600 പുസ്തകങ്ങളാണ് പ്രകാശനത്തിനായി എത്തിയത്. സമയ പരിമിതിമൂലം റൈറ്റേറഴ്സ് ഫോറത്തില്‍ 450 പുസ്തകപ്രകാശനങ്ങളാണ് അനുവദിച്ചിട്ടുളളത്. പ്രസിദ്ധീകരണസ്റ്റാളുകളില്‍ വച്ചാണ് മറ്റ് പ്രകാശനങ്ങള്‍ നടത്തുന്നത്. ഓരോ പുസ്തകവും പ്രകാശിതമായി ജനങ്ങളിലെത്തിയാല്‍ മാത്രമെ അതിലെ നെല്ലും പതിരും തിരിച്ചറിയാനാകൂ. പുസ്തകനിലവാരമെന്നുളളത് വായനക്കാരാണ് നിശ്ചയിക്കേണ്ടത്. 10 വയസുളള കുട്ടിയുടെയും 70 വയസിന് മുകളിലുളളവരുടെ പുസ്തകങ്ങള്‍ പ്രകാശനത്തിനായി എത്തുന്നുണ്ട്.കുട്ടികളുടെ പുസ്തകങ്ങള്‍ കൂടുതലായി എത്തുന്നുവെന്നുളളതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും മോഹന്‍ കുമാർ പറഞ്ഞു. 600 പേർ സ്വന്തം പുസ്തകങ്ങളുമായി എത്തിയെന്നുളളത് പുസ്തകമേളയുടെ വിജയമായി കണക്കാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുസ്തകോത്സവം വായനക്കാരെ സൃഷ്ടിക്കുന്നുവെന്നുളളതും സത്യമാണ്. രാവിലെ 9 മുതല്‍ 1 മണിവരെ സ്കൂള്‍ കുട്ടികള്‍ക്കുളള സന്ദർശനസമയമാണ്. വിവിധ എമിറേറ്റുകളില്‍ നിന്നുളള കുട്ടികളെ സ്കൂള്‍ ബസുകളില്‍ ഇവിടെയെത്തിക്കുന്നു. രക്ഷിതാക്കളുടെ അറിവോടെ, കുട്ടികള്‍ വായിച്ചുവളരണമെന്നുളള ആഗ്രഹത്തോടെയാണ് കുട്ടികള്‍ ഇവിടെയെത്തുന്നത്. അങ്ങനെ വരുന്ന കുട്ടികളില്‍ ഒരു ചെറിയ ശതമാനമെങ്കിലും വായനയിലേക്ക് വരാന്‍ പുസ്തകോത്സവം വേദിയാകുന്നുവെങ്കില്‍ അത് പുസ്തകോത്സവത്തിന്‍റെ വിജയമായിത്തന്നെ കാണുന്നു, മാത്രമല്ല പുസ്തകപ്രസാധകമേഖലയ്ക്ക് പുതിയ പ്രതീക്ഷകളാണ് ഓരോ പുസ്തകോത്സവവും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെയുളള കുട്ടികളില്‍ പലരും ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യമുളളവരാണ്. വായിക്കുന്നതും ഇംഗ്ലീഷ് പുസ്തകങ്ങളാണ്. മലയാളിയെന്ന നിലയില്‍ മലയാള ഭാഷയ്ക്ക് എത്രത്തോളം ഗുണമുണ്ടെന്നുളളത് ആലോചിക്കേണ്ടതാണ്. എങ്കിലും മലയാളത്തില്‍ എഴുതുന്ന നിരവധി കുട്ടികളുണ്ടെന്നും അതും പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റൈറ്റേഴ്സ് ഫോറത്തില്‍ പ്രകാശിതമാകുന്ന പുസ്തകങ്ങളുടെ വില്‍പനയില്‍ വർദ്ധനവുണ്ടാകുന്നുവെന്ന് പ്രസാധകർ തന്നെ പറഞ്ഞിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തില്‍ ഇത്തവണ മറ്റെല്ലാ പുസ്തകോത്സവങ്ങളുടെയും റെക്കോർഡ് ഭേദിക്കുമോയെന്ന ചോദ്യത്തോട് കാത്തിരുന്ന് കാണാമെന്നതായിരുന്നു മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in