ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ ഒരുക്കിയ ആനിമേഷന്‍ കോണ്‍ഫറന്‍സിന് മികച്ച പ്രതികരണം. എമിറാത്തി കലാകാരനായ മുഹമ്മദ് സയീദ് ഹരേബ്, സ്പേസ് ടൂണ്‍ ഗോ ജനറല്‍ മാനേജർ കാമെല്‍ വിസ് എന്നിവരാണ് ആദ്യ ദിനത്തില്‍ സമ്മേളത്തിലെ സജീവസാന്നിദ്ധ്യമായത്. ആനിമേഷനിലെ മാറ്റങ്ങളെകുറിച്ചും പുതിയ കാഴ്ചപ്പാടുകളെ കേന്ദ്രീകരിച്ചുമായിരുന്നു ചർച്ച.
നിർമ്മിത ബുദ്ധി ഓരോ നിമിഷവും വളർന്നുകൊണ്ടിരിക്കുകയാണ്. ആനിമേഷനില്‍ അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നുളളതാണ് വെല്ലുവിളിയെന്ന് മുഹമ്മദ് സയീദ് ഹരേബ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാം താര സ്റ്റുഡിയോ സ്ഥാപിച്ച അദ്ദേഹം യുഎഇയുടെ ആദ്യത്തെ 3ഡി ആനിമേറ്റഡ് ടി വി സീരീസിന്‍റെ സൃഷ്ടാവ് കൂടിയാണ്.എന്തുവന്നാലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2020 ല്‍ ലോകം അടച്ചുപൂട്ടിയിരുന്നപ്പോള്‍ തങ്ങള്‍ സ്വയം നവീകരിച്ചു, സ്പേസ് ടൂണ്‍ ഗോ ജനിച്ചു, കാമെല്‍ വീസ് പറഞ്ഞു. അതിവേഗത്തിലാണ് ഡിജിറ്റല്‍ ലോകം മാറിക്കൊണ്ടിരിക്കുന്നത്. നിർമ്മിത ബുദ്ധിയും ചാറ്റ് ജിപിടിയുമൊക്കെ ഡബിംഗിനും മറ്റും സഹായകരമാണ്. എന്നാല്‍ മനുഷ്യന്‍റെ ക്രിയാത്മകതയ്കക്ക് അത് പകരമാവില്ലെന്നും അദ്ദേഹം വിലിയിരുത്തി.
ലോകത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മിഡില്‍ ഈസ്റ്റിലെ ആനിമേഷന്‍ വ്യവസായം ഇനിയും വേഗത കൈവരിക്കേണ്ടതുണ്ട്. ഇവിടെ നല്ല അനിമേഷന്‍ സ്റ്റുഡിയോകള്‍ വരണം. അതിനായുളള പ്രവർത്തനങ്ങള്‍ നടക്കണമെന്നും അദ്ദേഹം വിലയിരുത്തി. മെയ് 5 വരെയാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ് നടക്കുന്നത്.