അഭിനേത്രിയും നർത്തകിയുമായ ഷംന കാസിമിന്‍റെ നൃത്ത വിദ്യാലയം ഡാന്‍സ് സ്റ്റുഡിയോ ദുബായില്‍ തുടങ്ങി. ഷംനയുടെ മാതാവ് റൗലാബി കാസിമാണ് ഡാന്‍സ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. സുഹൃത്ത് നുസ്മ അയ്യനൂരിനൊപ്പമാണ് ഷംനയുടെ പുതിയ സംരംഭം. തന്നെ ഒരു നർത്തകിയാക്കിയത് മാതാവാണ്, ഷംന കാസിമെന്ന വ്യക്തി നന്നായി നൃത്തം ചെയ്യുമെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് പുറകിലുളളത് മാതാവായ റൗലാബിയുടെ പിന്തുണയാണ് അതുകൊണ്ടുതന്നെയാണ് നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്യാന്‍ അമ്മ മതിയെന്ന് തീരുമാനിച്ചതെന്നും ഷംന പറഞ്ഞു. നൃത്തം പഠിച്ചുതുടങ്ങിയ കാലം മുതല്‍ പഠിപ്പിക്കാനും ഇഷ്ടമായിരുന്നു.ആരാവണമെന്ന് അധ്യാപകർ ചോദിക്കുമ്പോള്‍ നൃത്ത അധ്യാപികയാകണമെന്നാണ് പറഞ്ഞിരുന്നത്. ഡാന്‍സ് സ്റ്റുഡിയോയില്‍ ഷംനയും നൃത്തം പഠിപ്പിക്കും. ഷംനയെ കൂടാതെ മറ്റ് അധ്യാപകരും ക്ലാസുകള്‍ നല്‍കും. ക്ലാസിക്കല്‍ പഠിപ്പിക്കുന്നത് നൃത്താധ്യാപകനായ വിഷ്ണുവും ബോളിവുഡ് ഡാന്‍സ് പഠിപ്പിക്കുന്നത് നൃത്താധ്യാപകനായ അഖിലുമാണ്. ഇനിയും കൂടുതല്‍ അധ്യാപകർ ക്ലാസുകളെടുക്കാനായി എത്തുമെന്നും ഷംന പറഞ്ഞു.
ദുബായ് അൽ നഹ്ദ പ്ലാറ്റിനം ബിസിനസ് സെന്‍ററിൽ പ്രവർത്തിക്കുന്ന ഷംന കാസിം ഡാൻസ് സ്റ്റുഡിയോയില്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സെമി-ക്ലാസിക്കൽ, ബോളിവുഡ്, ഡാൻസ് ഫിറ്റ്നസ് എന്നിവയുൾപ്പെടെ പഠിപ്പിക്കുന്നുണ്ട്.തനിക്കറിയാവുന്ന നൃത്ത രൂപങ്ങള്‍ മാത്രമെ ഇവിടെ പഠിപ്പിക്കുന്നുളളൂവെന്നും ഷംന പറഞ്ഞു.
ഡാന്‍സ് ഫിറ്റ്നസ് ക്ലാസുകളാണ് ഡാന്‍സ് സ്റ്റുഡിയോയുടെ പ്രത്യേകത. മാസത്തില്‍ 8 ക്ലാസുകളില്‍ ഒരു പാട്ടിനൊത്തുളള നൃത്തമാണ് പഠിപ്പിക്കുന്നത്. പ്രധാനമായും അമ്മമാർക്ക് വേണ്ടിയാണ് ഇതെന്നും ഷംന പറഞ്ഞു.മാസത്തില്‍ 200 ദിർഹമാണ് ഫീസ്.ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ക്ലാസുകള്‍.രാവിലെ 9 മുതല്‍ രാത്രി 9 വരെയുളള സമയത്ത് ക്ലാസുകളുണ്ടാകും. ആഴ്ചയില്‍ രണ്ട് ദിവസമെന്ന രീതിയില്‍ മാസത്തില്‍ 8 ക്ലാസുകളാണ് ഉളളത്. ബോളിവുഡ് ഡാന്‍സിന് മാസത്തില്‍ 250 ദിർഹവും ക്ലാസിക്കല്‍ ഡാന്‍സിന് 300 ദിർഹവുമാണ് ഫീസ്. നാല് വയസുമുതലുളള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ ഡാന്‍സ് സ്റ്റുഡിയോയില്‍ ആണ്‍കുട്ടികള്‍ക്ക് 15 വയസുവരെയാണ് നിലവില്‍ പ്രവേശനം.