ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് ദുബായ് ഹാർബറിലേക്ക് 3 മിനിറ്റുകൊണ്ടെത്താനാകുന്ന തരത്തില്‍ പാലം വരുന്നു. ഇരു ദിശകളിലേക്കും രണ്ടുവരികളുളള 1.5 കിലോമീറ്റർ നീളത്തിലുളള പാലത്തിലൂടെ മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. ഇതോടെ നിലവില്‍ 12 മിനിറ്റെടുക്കുന്ന യാത്രസമയം 3 മിനിറ്റായി കുറയും.
ഷെയ്ഖ് സായിദ് റോഡില്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി മുതല്‍ ദുബായ് ഹാർബർ സ്ട്രീറ്റ് വരെയാണ് പാലം.ഷമാല്‍ ഹോള്‍ഡിംഗ്സുമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി കരാർ ഒപ്പുവച്ചു. ദുബായ് ഹാർബറിന്‍റെ വികസനത്തില്‍ നിർണായകമായ ചുവടുവയ്പായിരിക്കും പാലമെന്ന് ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാതർ അല്‍ തായർ പറഞ്ഞു. ആർടിഎയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഷമാൽ ഹോൾഡിങ് ചീഫ് പോർട്ഫോളിയോ മാനേജ്മെന്റ് ഓഫീസർ അബ്ദുല്ല ബിൻ ഹബ്തൂർ പറഞ്ഞു.
ദുബായിലെ പ്രധാന ലാന്‍റ്മാർക്കുകളായ ബ്ലൂവാട്ടേഴ്‌സ് ദ്വീപിനും പാം ജുമൈറയ്ക്കും ഇടയിലായാണ് ദുബായ് ഹാർബർ. സ്കൈ ഡൈവിന്‍റെ ആസ്ഥാനം കൂടിയാണ് ഇത്.