ദുബായില്‍ രണ്ട് പുതിയ നടപ്പാലകള്‍ കൂടി തുറന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നുളള ലക്ഷ്യം മുന്‍നിർത്തിയാണ് എമിറേറ്റില്‍ കൂടുതല്‍ നടപ്പാലങ്ങള്‍ തുറക്കുന്നത്. 2023 ല്‍ ഏഴ് നടപ്പാലങ്ങള്‍ നിർമ്മിക്കുമെന്ന് നേരത്തെ ആർടിഎ അറിയിച്ചിരുന്നു. ഹൈടെക് ഇലക്‌ട്രോ മെക്കാനിക്കൽ സംവിധാനങ്ങൾ, അലാറം, അഗ്നിശമന സംവിധാനം,റിമോട്ട് മോണിറ്ററിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ സജ്ജമാക്കിയാണ് റാസല്‍ ഖോർ റോഡില്‍ പാലം തുറന്നിരിക്കുന്നത്.
ക്രീക്ക് ഹാർബറിനേയും റാസല്‍ ഖോർ ഇന്‍ഡസ്ട്രിയലിനേയും ബന്ധിപ്പിക്കുന്നതാണ് ആദ്യപാലം. 174 മീറ്റർ നീളവും 3.4 മീറ്റർ വീതിയുമുളള പാലമാണിത്. സൈക്കിള്‍ യാത്രക്കാർക്ക് 1.9 മീറ്റർ വീതിയുളള 120 മീറ്റർ നീളമുളള രണ്ട് റാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. റാസല്‍ ഖോർ റോഡില്‍ മർഹബ മാളിനും നാദ് അല്‍ ഹമറിലെ വാസ്ല്‍ കോംപ്ലെക്സിനും കുറുകെയാണ് രണ്ടാമത്തെ പാലം സ്ഥാപിച്ചിട്ടുളളത്. 101 മീറ്റർ നീളവും 3.4 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുളളപാലമാണിത്. ഇരുവശത്തും രണ്ട് റാമ്പുകളുമുണ്ട്.
കാല്‍നടയാത്രാക്കാരും സൈക്കിള്‍ യാത്രക്കാരും റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുകയെന്നതാണ് നടപ്പാലം നിർമ്മിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് സിഇഒ അബ്ദുല്ല അൽ അലി പറഞ്ഞു. ആഗോള നിലവാരത്തില്‍ ആകർഷകമായ ഡിസൈനിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.പൊതുബസ്റ്റോപുകള്‍,വാണിജ്യകേന്ദ്രങ്ങള്‍,സർക്കാർ,സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്ഥാനം മനസിലാക്കി, ജനോപകാരപ്രദമായാണ് ഓരോ പാലവും നിർമ്മിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.