മോട്ടോ‍ർബൈക്ക് ഡെലിവറി ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രം ഒരുക്കുന്നു

മോട്ടോ‍ർബൈക്ക് ഡെലിവറി ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രം ഒരുക്കുന്നു
Published on

ദുബായില്‍ മോട്ടോർബൈക്ക് ഡെലിവറി ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രം നിർമ്മിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഇതിനായി നിർമ്മാണ കമ്പനികളില്‍ നിന്ന് ടെന്‍ഡർ ക്ഷണിച്ചു. മൂന്ന് കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ നിർമ്മിക്കുക. ജബല്‍ അലി വില്ലേജിലെ ഫെസ്റ്റിവല്‍ പ്ലാസയ്ക്ക് സമീപമുളള റോഡിലും അല്‍ മുറാഖാബാത്ത് സ്ട്രീറ്റ് 22 ന് അടുത്തുളള പോർട് സയീദിലും അല്‍ മനാമ സ്ട്രീറ്റിന് സമീപമുളള റാസല്‍ അല്‍ ഖോർ ഇന്‍ഡസ്ട്രിയല്‍ ഏരിയ 2 വിലുമാണ് വിശ്രമകേന്ദ്രം നിർമ്മിക്കുക.

ഡെലിവറി ഡ്രൈവർമാർക്ക് വിശ്രമത്തിനും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ മറ്റ് അവശ്യസേവനങ്ങള്‍ക്കുമായാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. പൊതുസുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തിയായിരിക്കും വിശ്രമകേന്ദ്രം നിർമ്മിക്കുക. കഴിഞ്ഞ വർഷങ്ങളില്‍ ഡെലിവറി ബിസിനസിന്‍റെ വളർച്ചയില്‍ ശ്രദ്ധേയമായ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കാനുളള പദ്ധതിയുമായി ആർടിഎ മുന്നോട്ടുപോകുന്നത്.

സ്മാർട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും പ്രവർത്തിക്കുന്ന 36-ലധികം ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് പുറമേ, ദുബായിലെ ഡെലിവറി സേവന കമ്പനികളുടെ എണ്ണം 2022 ഡിസംബറിൽ 2,891 ആയി ഉയർന്നു. 48.3 ശതമാനമാണ് വളർച്ചാനിരക്ക്.ഈ മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികള്‍ ആർടിഎ നടപ്പിലാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in