ദുബായിലെ ഹെസ സ്ട്രീറ്റിന്‍റെ നവീകരണത്തിനായി 689 ദശലക്ഷം ദിർഹത്തിന്‍റെ കരാർ നല്കിയതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. റോഡുകളുടെ പാതകള്‍ രണ്ടില്‍ നിന്ന് നാലാക്കി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഓരോ പാതയിലും മണിക്കൂറില്‍ ഓരോ ദിശയിലും 8000 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. 13.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കും നിർമ്മിക്കും. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിങ്ങനെ ഹെസ്സ സ്ട്രീറ്റിലെ നാല് പ്രധാനമേഖലകള്‍ നവീകരിക്കുന്നതാണ് പദ്ധതി.
ദുബായിലെ മൂന്ന് പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഹെസ സ്ട്രീറ്റ്. അല്‍ ബർഷ, അല്‍ സുഫൂഹ്, ദുബായ് സ്പോട്സ് സിറ്റി തുടങ്ങി ഇടങ്ങളെയും ഹെസ സ്ട്രീറ്റ് ബന്ധിപ്പിക്കുന്നു. കൂടാതെ അല്‍ സുഫൂഹ്- ദുബായ് ഹില്‍സുമായി ഹെസ സ്ട്രീറ്റ് വഴിയും, ദുബായ് ഇൻറർനെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനുമായും സമീപത്തെ വാണിജ്യ, സേവന കേന്ദ്രങ്ങളുമായും റോഡ് ബന്ധിപ്പിക്കും.
അൽ സുഫൂഹ് 2, അൽ ബർഷ റെസിഡൻഷ്യൽ ഏരിയ, ജുമൈറ വില്ലേജ് സർക്കിൾ എന്നിങ്ങനെ നിലവധി റെസിഡന്‍ഷ്യല്‍ മേഖലകള്‍ക്ക് പദ്ധതിയുടെ വികസനം സഹായകരമാകുമെന്നാണ് വിലയിരുത്തലെന്ന് ആർടിഎ ഡയറക്ടർ ജനറല്‍ ചെയർമാനുമായ മാത്തർ അല്‍ തായർ പറഞ്ഞു.സൈക്കിളുകള്‍ക്കും ഇ സ്കൂട്ടറുകള്‍ക്കുമായി 13.5 കിലോമീറ്റർ ട്രാക്കും നിർമ്മിക്കും. 2 മീറ്റർ വീതിയില്‍ കാല്‍നടയാത്രാക്കാർക്ക് സൗകര്യമൊരുക്കി 4.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.രണ്ട് പാലങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ സൈക്ലിംഗ് ട്രാക്കിന്‍റെ പ്രത്യേകത.